scorecardresearch

ഇനി ഒളിച്ചിരിക്കില്ല, എന്നെ എല്ലാവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു: ബലാത്സംഗ കേസിലെ കന്യാസ്ത്രീയുടെ തുറന്നുപറച്ചിൽ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതി കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയതിന് എട്ട് വർഷങ്ങൾക്ക് ശേഷം, സിസ്റ്റർ റാനിറ്റ് തുറന്നുപറയുന്നു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതി കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയതിന് എട്ട് വർഷങ്ങൾക്ക് ശേഷം, സിസ്റ്റർ റാനിറ്റ് തുറന്നുപറയുന്നു

author-image
Nikhila Henry
അപ്‌ഡേറ്റ് ചെയ്‌തു
New Update
sister ranit

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ ചാപ്പലിൽ സിസ്റ്റർ റാനിറ്റ്. (ഫോട്ടോ: നിഖില ഹെൻറി)

2018-ൽ കേരളത്തിലെ കത്തോലിക്കാ സഭ വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടു. അന്നത്തെ ജലന്ധർ രൂപതാ അധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ പരാതി സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. അപ്പോഴെല്ലാം, സെന്റ് ഫ്രാൻസിസ് മിഷൻ ഹോം എന്ന കോൺവെന്റിൽ, പരാതിക്കാരിയായ 51 വയസുകാരിയായ കന്യാസ്ത്രീ അടച്ചിട്ട മുറിക്കുള്ളിൽ അപമാനത്താൽ കഴിയുകയായിരുന്നു.

Advertisment

ഏഴ് വർഷത്തിന് ശേഷം, അവർ പുറംലോകത്തേക്ക് വരാൻ തീരുമാനിച്ചിരിക്കുന്നു. ഇനി അവർ അജ്ഞാതയല്ല, ഒരു ഇരയുമല്ല; പകരം സ്വന്തം വ്യക്തിത്വത്തോടെ സിസ്റ്റർ റാനിറ്റ് എം.ജെ ആയി അവർ അറിയപ്പെടും.

"കേസ് അവസാനിച്ചെന്നും ഞാൻ ഇവിടെ നിന്ന് പോയെന്നുമാണ് പലരും കരുതുന്നത്. എന്നാൽ പോരാട്ടം അവസാനിച്ചിട്ടില്ല. എനിക്കിനി ഒളിച്ചിരിക്കേണ്ടതില്ല. എന്നെ എല്ലാവരും കാണണമെന്നും എന്റെ ശബ്ദം കേൾക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു," സിസ്റ്റർ റാനിറ്റ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Bishop Franco
ബിഷപ്പ് ഫ്രാങ്കോ

ജലന്ധർ രൂപതയുടെ ബിഷപ്പായിരുന്ന കാലയളവിൽ, 2014 മെയ് മാസത്തിനും 2016 സെപ്റ്റംബറിനും ഇടയിൽ സിസ്റ്റർ അനുപമയെ (യഥാർത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ വാർത്തകളിൽ പരാമർശിച്ച വ്യക്തി) 13 തവണ ബലാത്സംഗം ചെയ്തെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കൽ 2018 സെപ്റ്റംബറിൽ അറസ്റ്റിലായി. ലൈംഗികാതിക്രമക്കേസിൽ ഇന്ത്യയിൽ ഒരു കത്തോലിക്കാ ബിഷപ്പ് ആദ്യമായി കസ്റ്റഡിയിലെടുക്കപ്പെട്ടത് ഈ സംഭവത്തിലൂടെയാണ്.

2022-ൽ, തെളിവുകളുടെ അഭാവവും അതിജീവിതയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി വിചാരണ കോടതി മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സിസ്റ്റർ റാനിറ്റും കൂട്ടരും 2026-ലെ ഹിയറിങ്ങിനായി കാത്തിരിക്കുകയാണ്.

“ഒരുപാട് സ്ത്രീകൾക്ക് ഇത് കരുത്ത് പകരും എന്നതിനാലാണ് പുറത്തുവരാൻ ഞാൻ തീരുമാനിച്ചത്,” അവർ പറയുന്നു. “ഞാൻ പരാജയപ്പെടില്ല. ഞാൻ പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും സത്യം വിളിച്ചുപറയുകയും ചെയ്യും. എന്ത് സംസാരിക്കണം എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ തീർച്ചയായും സംസാരിക്കും,” അവർ പറഞ്ഞു.

Also Read: മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശ്വാസം മുട്ടിക്കുന്ന സംവിധാനം

പാലാ-വൈക്കം സംസ്ഥാന പാതയ്ക്ക് അരികിലുള്ള നീല ബോർഡ് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിനെ പരിചയപ്പെടുത്തുന്നു. ഈ ബോർഡിന് സമീപത്ത് നിന്നുള്ള കുത്തനെയുള്ള ഇടുങ്ങിയ പാത അവസാനിക്കുന്നത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഗ്രാമത്തിലുള്ള ഗംഭീരമായ ഇരുനില കെട്ടിടത്തിലാണ്.

nuns33
സിസ്റ്റർ റാനിറ്റ് കുറവിലങ്ങാട് സെൻറ് ഫ്രാൻസിസ് മിഷൻ ഹോമിൽ

ആറു ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മിഷൻ ഹോം, ജലന്ധർ ആസ്ഥാനമായുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സഭയുടെ കീഴിലുള്ള ചാപ്പലും കോൺവെന്റും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ്. ഇത് കന്യാസ്ത്രീകളുടെ സഭയാണെങ്കിലും, സ്വന്തമായി ഭരണക്രമമുണ്ടെങ്കിലും, ബിഷപ്പ് രക്ഷാധികാരിയായുള്ള ജലന്ധർ രൂപതയുടെ കീഴിലാണ് വരുന്നത്.

സിസ്റ്റർ റാനിറ്റ് സന്യാസിനി സഭയിൽ ഒരു കന്യാസ്ത്രീക്ക് വഹിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയായ സുപ്പീരിയർ ജനറൽ എന്ന നിലയിലുള്ള കാലാവധി കഴിഞ്ഞ്, 2013-ലാണ് അവർ ജലന്ധറിൽ നിന്ന് ഇവിടേക്ക് മാറിയത്. മിഷൻ ഹോമിൽ വെച്ചാണ് അവർ ഒരു സംഘം കന്യാസ്ത്രീകളെ നയിച്ചുകൊണ്ട് പ്രായമായ അഗതികളെ പരിചരിക്കുകയും സഭയുടെ സ്വത്തുക്കൾ പരിപാലിക്കുകയും ചെയ്തത്. ഇവിടെ വെച്ചാണ്, 20-ാം നമ്പർ മുറിയിൽ വെച്ച് അവർ ബലാത്സംഗം ചെയ്യപ്പെട്ടത്.താഴത്തെ നിലയിലുള്ള തന്റെ മുറിയിലെത്തിയപ്പോൾ അവർ പറഞ്ഞു, “ഈ സംവിധാനമാണ് ശ്വാസം മുട്ടിക്കുന്നത്.”

അധികാരത്തിന് മുന്നിൽ ചോദ്യങ്ങളില്ലാതെ കഴിഞ്ഞ നാളുകൾ

ഈ അധികാരശ്രേണിയുടെ നെറുകയിൽ മിക്കപ്പോഴും ബിഷപ്പാണ്. രൂപതയ്ക്കുള്ളിലെ പള്ളികളിലും മറ്റ് സ്ഥാപനങ്ങളിലും ഭരണപരമായ അധികാരം മാത്രമല്ല, സിസ്റ്റർ റാനിറ്റ് ഉൾപ്പെടുന്ന 'മിഷണറീസ് ഓഫ് ജീസസ്' പോലുള്ള സന്യാസിനി സമൂഹങ്ങൾക്ക് മേലും ബിഷപ്പിന് വലിയ നിയന്ത്രണമുണ്ട്. അധികാരികൾക്ക് മുന്നിൽ ചോദ്യങ്ങളില്ലാതെ പൂർണ്ണമായി കീഴടങ്ങാൻ ആവശ്യപ്പെടുന്ന ഒരു സംവിധാനമാണിത്. ആരെങ്കിലും ഇതിനെതിരെ പ്രതികരിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും. സിസ്റ്റർ റാണിത്തിന് അത് വൈകാതെ ബോധ്യപ്പെടുകയും ചെയ്തു.

Nuns protest
കന്യാസ്ത്രീകളുടെ സമരത്തിൽ നിന്ന് (ഫയൽ ചിത്രം)

2014 മെയ് അഞ്ചിന് ആ മഠത്തിൽ വളരെ തിരക്കുള്ള ദിവസമായിരുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ ഒരു വൈദികന്റെ പട്ടംകൊട ശുശ്രൂഷയിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ ബിഷപ്പ് മുളയ്ക്കൽ, അന്ന് രാത്രി അവിടെ താമസിക്കുമെന്ന് മഠത്തിൽ അറിയിച്ചിരുന്നു. കോടതി രേഖകൾ പ്രകാരം, ചാലക്കുടിയിലെ പരിപാടികൾക്ക് ശേഷം ബിഷപ്പ് കുറവിലങ്ങാട് എത്തിയപ്പോൾ രാത്രി വിശ്രമത്തിനായി 20-ാം നമ്പർ മുറിയിലേക്ക് പോയി. രാത്രി 10 മണിക്ക് ശേഷം അദ്ദേഹം സിസ്റ്റർ റാനിറ്റിനെ വിളിക്കുകയും തന്റെ പുരോഹിത വസ്ത്രം ഇസ്തിരിയിട്ട് മുറിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി രേഖകളിൽ പറയുന്നു.

ഇത്തരം ജോലികൾ കന്യാസ്ത്രീകളുടെ നിശ്ചിത ചുമതലകളിൽ ഉൾപ്പെടുന്നില്ലെങ്കിലും, ബിഷപ്പിന്റെ അധികാരവും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും കാരണം മിഷൻ കേന്ദ്രങ്ങളിലെ സ്ത്രീകൾക്ക് പലപ്പോഴും ഇത്തരം ജോലികൾ ചെയ്യേണ്ടി വരുന്നു.

സിസ്റ്റർ റാനിറ്റ് അദ്ദേഹത്തിന് വസ്ത്രം കൈമാറാൻ വാതിലിൽ മുട്ടിയപ്പോൾ, മഠത്തിലെ അടുക്കള നവീകരണവുമായി ബന്ധപ്പെട്ട രേഖകൾ കൊണ്ടുവരാൻ മുളയ്ക്കൽ അവരോട് ആവശ്യപ്പെട്ടു. കോടതി രേഖകൾ പ്രകാരം, അവർ പേപ്പറുകളുമായി മുറിയിൽ പ്രവേശിച്ചപ്പോൾ മുളയ്ക്കൽ "അകത്തുനിന്ന് വാതിൽ അടച്ചു", തുടർന്ന് വിവസ്ത്രനാകുകയും അവരെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

"ആ സമയത്ത് എനിക്ക് നിലവിളിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ബിഷപ്പായതുകൊണ്ട്, ദൈവത്തോട് ഏറ്റവും അടുത്ത ഒരാളായതുകൊണ്ട്, എന്റെ ജീവനിൽ എനിക്ക് ഭയമുണ്ടായിരുന്നു," അവർ പറയുന്നു. തൊട്ടടുത്ത ദിവസമായ മെയ് 6-നും ബിഷപ്പ് വീണ്ടും അവരെ മുറിയിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് ആരോപണം.

രണ്ടുമാസത്തിനുശേഷം, 2014 ജൂലൈ 11-ന് ബിഷപ്പ് വീണ്ടും മഠത്തിൽ വന്നപ്പോൾ, തന്റെ ജോലികൾ ചെയ്യാൻ പോലും താൻ ഭയപ്പെട്ടിരുന്നതായി സിസ്റ്റർ റാനിറ്റ് പറയുന്നു. ഈ പ്രാവശ്യവും അദ്ദേഹം അവരെ ബലാത്സംഗം ചെയ്തതായാണ് ആരോപണം.

2014-നും 2016-നും ഇടയിൽ ബിഷപ്പ് നടത്തിയ 13 സന്ദർശനങ്ങളിലും ഈ പീഡനങ്ങൾ തുടർന്നതായും സെപ്റ്റംബർ 23, 2016-നാണ് അവസാനമായി ഇത് നടന്നതെന്നും ആരോപിക്കപ്പെടുന്നു. ഒരിക്കൽ അദ്ദേഹം ഫോണിൽ വിളിച്ച് ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയതായും കോടതിയിലെ അവരുടെ മൊഴിയിൽ പറയുന്നു.

"അദ്ദേഹം എന്റെ ശരീരത്തിലും മനസ്സിലും അടിച്ചേൽപ്പിച്ചത് ഞാൻ തനിയെ സഹിക്കേണ്ടി വന്നു," സിസ്റ്റർ റാനിറ്റ് പറയുന്നു. ജലന്ധറിലെ അതേ സഭയുടെ ഭാഗമായ തന്റെ സഹോദരി സിസ്റ്റർ ആൽഫിയെ, ബിഷപ്പിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിക്കൊടുത്തില്ലെങ്കിൽ ശിക്ഷിക്കുമോ എന്ന് താൻ ഭയപ്പെട്ടിരുന്നതായും അവർ പറഞ്ഞു.

"എന്നെ വെറുതെ വിടണമെന്ന് ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു, പക്ഷേ അദ്ദേഹം എന്റെ യാചനകളെ ചിരിച്ചുതള്ളി," - ഇന്ത്യൻ എക്‌സ്പ്രസിനോട് കന്യാസ്ത്രീ പറഞ്ഞു.

പ്രതികാര നടപടികളുടെ നാളുകൾ

പീഡനങ്ങൾ തുടങ്ങി രണ്ട് വർഷത്തിന് ശേഷം, 2016 സെപ്റ്റംബറായപ്പോഴേക്കും ബിഷപ്പിനെ എതിർക്കാനുള്ള ധൈര്യം സംഭരിച്ചതായും, അദ്ദേഹം മഠത്തിൽ താമസിക്കുന്നത് തനിക്ക് താൽപ്പര്യമില്ലെന്ന് ഫോൺ കോളുകളിലൂടെ അറിയിച്ചതായും സിസ്റ്റർ റാനിറ്റ് പറയുന്നു. തുടർന്നുണ്ടായ പ്രതികാര നടപടികൾ വളരെ പെട്ടെന്നായിരുന്നു, ഇത് അവരെ മഠാധിപതി എന്ന പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിലേക്ക് നയിച്ചു. സിസ്റ്റർ റാനിറ്റ് കോടതിയിൽ നൽകിയ മൊഴിയിൽ ഇപ്രകാരം പറയുന്നു: "(ബിഷപ്പ്) തന്റെ കുടുംബാംഗങ്ങളെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചു."

പരാതി നൽകാൻ രണ്ടു വർഷത്തെ കാലതാമസം ഉണ്ടായതിനെ പ്രതിഭാഗം കോടതിയിൽ എടുത്തുപറഞ്ഞപ്പോൾ, താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ സിസ്റ്റർ ലിസി വടക്കേലിനോടും, ഒരു വൈദികനോട് കുമ്പസാരത്തിലും പറഞ്ഞിരുന്നുവെന്ന് സിസ്റ്റർ റാനിറ്റ് കോടതിയെ അറിയിച്ചു. 

sis.ranit
സിസ്റ്റർ റാനിറ്റ്

തുറന്നുപറയാൻ തനിക്ക് വലിയ പേടിയായിരുന്നു എന്ന് സിസ്റ്റർ റാനിറ്റ് പറയുന്നു: "കന്യകാത്വവും ബ്രഹ്മചര്യവുമാണ് എന്റെ വിശ്വാസപ്രമാണങ്ങളുടെയും സഭയ്ക്ക് നൽകിയ വ്രതങ്ങളുടെയും കേന്ദ്രബിന്ദു. ബിഷപ്പ് ഇത് എന്നിൽ നിന്ന് തട്ടിയെടുത്തു, അദ്ദേഹം എന്റെ വ്രതങ്ങൾ ലംഘിച്ചു. അറിഞ്ഞുകൊണ്ടല്ലെങ്കിൽ പോലും വ്രതങ്ങൾ ലംഘിക്കപ്പെട്ടാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സഭയിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അതുകൊണ്ടാണ് പുറത്തുപറയാൻ ഞാൻ പേടിച്ചത്."

2018 ജൂൺ 26-ന് പോലീസിൽ പരാതി നൽകുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, വത്തിക്കാന്റെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയായ അപ്പോസ്തോലിക് നുൺസിയോ ഉൾപ്പെടെയുള്ള സഭയിലെ ഉന്നതാധികാരികൾക്ക് താൻ ബലാത്സംഗത്തിനിരയായതായി കാണിച്ച് സിസ്റ്റർ റാനിറ്റ് കത്തെഴുതിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

"ബിഷപ്പിന്റെ ക്രൂരതയിൽ നിന്ന് എന്നെത്തന്നെ രക്ഷിക്കാൻ സഭയ്ക്കുള്ളിലെ സാധ്യമായ എല്ലാ വാതിലുകളിലും ഞാൻ മുട്ടി. എന്നാൽ മേലധികാരികളാരും എന്റെ പരാതികൾ പരിഗണിച്ചില്ല. ഒടുവിൽ എനിക്ക് പോലീസ് പരാതി നൽകേണ്ടി വന്നു," സിസ്റ്റർ റാനിറ്റ് പറയുന്നു.

Also Read: 94 വയസ്സുള്ള അമ്മയെ പോലും പ്രതിയാക്കി; താനോ കുടുംബമോ ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോൺ

എല്ലാം അവസാനിച്ചുവെന്ന്  കരുതി, പക്ഷെ...

ആ കേസും അത് ഉയർത്തിവിട്ട പ്രശ്നങ്ങളും സിസ്റ്റർ റാനിറ്റിനെ തളർത്തിക്കളഞ്ഞു. “എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. എന്നോട് ചെയ്ത ക്രൂരതകൾ വരുത്തിവെച്ച നാണക്കേട് കാരണം ഞാൻ തീർന്നുവെന്നാണ് ഞാൻ വിചാരിച്ചത്,” അവർ പറയുന്നു.

എന്നാൽ അവർ കോൺവെന്റിനുള്ളിൽ സ്വയം അടച്ചിരുന്നപ്പോൾ, അഞ്ച് കന്യാസ്ത്രീകൾ അവർക്കൊപ്പം നിലകൊണ്ടു – സിസ്റ്റർ നീന റോസ്, സിസ്റ്റർ അനുപമ, സിസ്റ്റർ ജോസഫൈൻ, സിസ്റ്റർ അൻസിറ്റ, പിന്നെ ജലന്ധറിൽ നിന്ന് തന്റെ ചേച്ചിക്ക് കൂട്ടായി എത്തിയ സിസ്റ്റർ ആൽഫി എന്നിവരായിരുന്നു അവർ.

മുളയ്ക്കലിനെ സഭയിൽ നിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്ത് കോടതിയിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഈ അഞ്ച് കന്യാസ്ത്രീകൾ എറണാകുളത്തിന്റെ ഹൃദയഭാഗത്തുള്ള വഞ്ചി സ്ക്വയറിൽ സമരം ആരംഭിച്ചു. വൈകാതെ തന്നെ എൺപതോളം സംഘടനകൾ അവർക്ക് പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം ശക്തമായി. മുളയ്ക്കലിനെതിരെയുള്ള പോരാട്ടവീര്യമുള്ള ഗാനങ്ങളും പ്രസംഗങ്ങളും അവിടെ മുഴങ്ങിക്കേട്ടു.

സെപ്റ്റംബർ 21-ന് ബിഷപ്പ് അറസ്റ്റ് ചെയ്യപ്പെട്ടു. വിചാരണ വേളയിൽ, മുളയ്ക്കൽ തന്റെ "ഔദ്യോഗിക പദവിയും ആധിപത്യവും" ഉപയോഗിച്ച് സിസ്റ്ററെ അന്യായമായി തടഞ്ഞുവെച്ചതായും പീഡിപ്പിച്ചതായും പ്രോസിക്യൂഷൻ വാദിച്ചു.

എന്നിരുന്നാലും, 2022-ൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സിസ്റ്റർ റാനിറ്റിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. “സത്യവും അസത്യവും വേർതിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ, മൊഴികൾ പൂർണ്ണമായും തള്ളിക്കളയുകയല്ലാതെ മറ്റു വഴികളില്ല,” എന്ന് കോടതി നിരീക്ഷിച്ചു. വിചാരണ കോടതിയുടെ ഈ ഉത്തരവിനെക്കുറിച്ച് പ്രതികരിക്കാൻ പ്രോസിക്യൂഷൻ അഭിഭാഷകൻ തയ്യാറായില്ല.

കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വർഷത്തിന് ശേഷം, 2022-ൽ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് സ്ഥാനം രാജിവെച്ചു. എങ്കിലും സഭ അദ്ദേഹത്തെ പദവിയിൽ നിന്ന് പുറത്താക്കാത്തതിനാൽ 'ബിഷപ്പ്' എന്ന പദവി അദ്ദേഹം ഇപ്പോഴും നിലനിർത്തുന്നുണ്ട്.

ഇക്കാര്യത്തിൽ പ്രതികരണത്തിനായി ഇന്ത്യൻ എക്സ്പ്രസ് മുളയ്ക്കലിന്റെ അഭിഭാഷകൻ അഡ്വ. രാമൻ പിള്ളയെ ബന്ധപ്പെട്ടെങ്കിലും ബിഷപ്പ് പ്രസ്താവനകളൊന്നും നൽകില്ലെന്ന് അദ്ദേഹം അറിയിച്ചു. “സിസ്റ്റർ റാനിറ്റ് ബിഷപ്പിനെതിരെ മുമ്പ് ഉന്നയിച്ച അതേ വ്യാജ ആരോപണങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. അവർക്ക് വേണമെങ്കിൽ അത് തുടർന്നും ചെയ്യാം,” എന്ന് അദ്ദേഹം പറഞ്ഞു.

ഞാനൊരു ഇരയായിരുന്നു. ഇപ്പോൾ അതിജീവിത

2023-ൽ, കുറ്റവിമുക്തനാക്കപ്പെട്ടതിന് ഒരു വർഷത്തിന് ശേഷം, സിസ്റ്റർ നീന റോസ്, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ അനുപമ എന്നിവർ സന്യാസസഭ വിട്ട് സ്വകാര്യ ജീവിതത്തിലേക്ക് മാറി. അതോടെ, സെന്റ് ഫ്രാൻസിസ് ഹോം നിശബ്ദമായി. ഇന്ന്, 36 മുറികളും ഒരു ചാപ്പലുമുള്ള ആ കെട്ടിടത്തിന്റെ ഇടനാഴികളിലൂടെ സിസ്റ്റർ റാനിറ്റ്, സിസ്റ്റർ ആൽഫി, സിസ്റ്റർ അൻസിറ്റ എന്നീ മൂന്ന് കന്യാസ്ത്രീകൾ മാത്രമാണ് നടക്കുന്നത്. 

“സഭയെ സംബന്ധിച്ചിടത്തോളം ഈ കോൺവെന്റ് ഇപ്പോൾ നിലവിലില്ലാത്തതുപോലെയാണ്,” സന്യാസസഭയിൽ നിന്ന് തങ്ങൾക്ക് ലഭിക്കേണ്ട പ്രതിമാസ ജീവനാംശം ലഭിക്കുന്നില്ലെന്ന് കൂട്ടിച്ചേർത്തുകൊണ്ട് സിസ്റ്റർ റാനിറ്റ് പറയുന്നു. “പിന്തുണയായി ഞങ്ങൾക്ക് പ്രതിമാസം 5,000 രൂപ ലഭിക്കേണ്ടതാണ്, എന്നാൽ അത് ലഭിക്കുന്നില്ല. അതുകൊണ്ട്, ഈ മഠം നിലനിർത്താൻ ഞങ്ങൾ പച്ചക്കറികൾ കൃഷി ചെയ്യാനും തുന്നൽ ജോലി ചെയ്യാനും... ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാനും തീരുമാനിച്ചു,” അവർ പറയുന്നു.

Nun protest
കന്യാസ്ത്രീകളുടെ സമരത്തിൽ നിന്ന് (ഫയൽ ചിത്രം)

തങ്ങളുടെ ഉപജീവനത്തിനായി 'സ്റ്റാൻഡ് ബൈ മി' എന്ന ബാനറിന് കീഴിൽ വസ്ത്രങ്ങളും തോൾബാഗുകളും അവർ തുന്നുന്നുണ്ട്. “2018 മുതൽ വിവിധ സന്യാസസഭകളിൽ നിന്നുള്ള ചില വൈദികരും കന്യാസ്ത്രീകളും അത്മായരിലെ ചില കരുണയുള്ള മനുഷ്യരും ഞങ്ങളോടൊപ്പം നിന്നു. വസ്ത്രങ്ങളും ബാഗുകളും തുന്നി വരുമാനം കണ്ടെത്താനായി അവർ ഞങ്ങൾക്ക് തയ്യൽ മെഷീനുകൾ വാങ്ങിത്തന്നു,” സിസ്റ്റർ റാനിറ്റ് പറയുന്നു.

സിസ്റ്റർമാരെ രൂപത ഉപേക്ഷിച്ചുവെന്ന ആരോപണം 2024-ൽ ജലന്ധർ ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ നിഷേധിക്കുന്നു. “മിഷൻ ഹോം ജലന്ധർ രൂപതയുടെ വകയാണ്, അവിടെ നിന്നുള്ള ഏത് വരുമാനവും ജലന്ധർ രൂപതയുടേതാണ്. അതിനാൽ, വസ്തുതാപരമായി നോക്കിയാൽ മഠത്തിലെ സഹോദരിമാരെ ഇപ്പോഴും രൂപത പിന്തുണയ്ക്കുന്നുണ്ട്. അവർ അവകാശപ്പെടുന്നത് പോലെ സഭ അവരെ പുറത്താക്കിയിട്ടില്ല,” അദ്ദേഹം പറയുന്നു.

തന്റെ പോരാട്ടങ്ങൾക്കിടയിൽ, നിരാശ ബാധിച്ച നിമിഷങ്ങളുണ്ടായിരുന്നു. “ബലാത്സംഗ വിവരം റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. എന്റെ സ്വഭാവത്തെയും കുടുംബ പശ്ചാത്തലത്തെയും ജീവിതത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. എന്റെ തല പൊട്ടിത്തെറിക്കുമെന്ന് എനിക്ക് തോന്നി,” അവർ പറയുന്നു.

ബിഷപ്പ് മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതോടെ, ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് അവശേഷിച്ചത്. “എങ്ങനെ പുറത്തിറങ്ങും? ആളുകളെ എങ്ങനെ അഭിമുഖീകരിക്കും? എങ്ങനെ ജീവിക്കും? - ഈ ചോദ്യങ്ങളാണ് ഞാൻ എന്നോട് തന്നെ ചോദിച്ചത്,” അവർ പറയുന്നു.

Also Read: ചവിട്ടി പുറത്താക്കിയ യുഡിഎഫിലേക്ക് തിരിച്ചുപോകില്ല; എൽഡിഎഫിൽ ഉറച്ച് കേരള കോൺഗ്രസ് എം

പക്ഷേ, താൻ പടുത്തുയർത്തിയ സന്യാസിനീസമൂഹം തന്റെ മുന്നിൽ തകരുന്നത് കാണുന്നതോളം വേദന മറ്റൊന്നുമില്ലായിരുന്നു. "ഈ സഭയുടെ സ്ഥാപക ബാച്ചിലുണ്ടായിരുന്ന ആളാണ് ഞാൻ. സുപ്പീരിയർ ജനറൽ ആയതിനുശേഷവും സഭയെ കെട്ടിപ്പടുക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. ട്രെയിനിലെ ജനറൽ കമ്പാർട്ടുമെന്റുകളിൽ, ബാത്ത്റൂമിനടുത്ത് പോലും ഇരുന്നായിരുന്നു എന്റെ യാത്രകൾ," അവർ പറയുന്നു.

സഭ ഇപ്പോൾ തന്നെ പുറത്താക്കിയിരിക്കുകയാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു. "അവരിൽ നിന്ന് എനിക്ക് ഇപ്പോൾ ന്യൂസ്‌ലെറ്ററുകൾ പോലും ലഭിക്കുന്നില്ല. ഒറ്റപ്പെടുത്തൽ പൂർണ്ണമാണ്. എന്നെ തകർക്കാനുള്ള ശ്രമമാണിത്," അവർ പറയുന്നു.

NUN11111
സ്റ്റാൻഡ് ബൈ മി' എന്ന ബാനറിന് കീഴിൽ മഠത്തിനുള്ളിലെ അന്തേവാസികൾ നിർമിക്കുന്ന വസ്ത്രങ്ങളിൽ ചിലത്

എങ്കിലും, ഈ ആഴത്തിലുള്ള മുറിവിൽ നിന്നാണ് തിരിച്ചടിക്കാനുള്ള ഉറച്ച തീരുമാനം ഉണ്ടായത്. "സഭയിൽ നിന്ന് എനിക്ക് നീതി ലഭിക്കാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകേണ്ടി വന്നത്. കോടതികളിൽ നിന്നും നീതി ലഭിക്കാതിരുന്നപ്പോൾ ഞാൻ പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചു," അവർ പറയുന്നു. എല്ലാവരും മാസ്ക് ധരിക്കേണ്ടി വന്ന കോവിഡ് കാലത്താണ് താൻ ഏറ്റവും ആശ്വസിച്ചിരുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. "ആ മാസ്കിന് പിന്നിൽ ഞാൻ ഏറെക്കാലം ഒളിച്ചിരുന്നു. ഇനി അത് അഴിച്ചുവെക്കേണ്ട സമയമാണ്," അവർ പറയുന്നു.

ഹൈക്കോടതിയിലെ വാദം കേൾക്കലിനായി കാത്തിരിക്കുമ്പോൾ, ഈ മൂന്ന് കന്യാസ്ത്രീകളും തങ്ങളുടെ ചിട്ടയായ ജീവിതം തുടരുന്നു; പുലർച്ചെ 5.45-ന് പ്രാർത്ഥനയോടെ തുടങ്ങി രാത്രി 10-ന് അവസാനിക്കുന്ന ഒരു ദിനചര്യ.

സി.ആർ.പി.എഫ് ജവനായിരുന്ന തന്റെ പിതാവ് പി.പി.ആന്റണിയിൽ നിന്ന് ലഭിച്ച ജീവിതപാഠങ്ങളാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് അവർ പറയുന്നു. എറണാകുളം ജില്ലയിലെ കുരിച്ചിലക്കോട് ഗ്രാമത്തിൽ അഞ്ച് മക്കളിൽ രണ്ടാമത്തവളായി വളർന്ന സിസ്റ്റർ റാനിറ്റ് എന്നും ഒരു അന്തർമുഖിയായിരുന്നു. മറ്റുള്ളവരോട് സംസാരിക്കാനും പത്താം ക്ലാസിന് ശേഷം ബസ്സിൽ കോളേജിൽ പോകാനുമൊക്കെ നാണമായിരുന്നു. തെങ്ങിൻതോട്ടങ്ങളിലും പാടങ്ങളിലും അമ്മ ഫിലോമിന ആന്റണിക്കൊപ്പം ചിലവഴിക്കാനായിരുന്നു അവർക്ക് ഇഷ്ടം. "തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കാനായി അമ്മയോടൊപ്പം പാടത്തേക്ക് പോകുന്നതാണ് വീടിനെക്കുറിച്ചുള്ള എന്റെ ഏറ്റവും പഴയ ഓർമ്മ," അവർ പറയുന്നു.

Nuns str
സിസ്റ്റർ റാനിറ്റ് മഠത്തിലെ കൃഷിതോട്ടത്തിൽ

എന്നാൽ പുറത്തുപോയി പഠിക്കണമെന്ന് നിർബന്ധിച്ചത് പിതാവായിരുന്നു. സിസ്റ്റർ റാനിറ്റിന് 15 വയസ്സുള്ളപ്പോൾ അമ്മ കാൻസർ ബാധിച്ച് മരിച്ചു. തുടർന്ന് അവർ പഞ്ചാബിലേക്ക് താമസം മാറി, അവിടെ അവരുടെ കസിൻ സഹോദരൻ പുരോഹിതനായി സേവനമനുഷ്ഠിക്കുകയായിരുന്നു. അവിടെ വെച്ചെപ്പോഴോ ആണ് "ദൈവവിളി" ഉണ്ടായതും അവർ സഭയിൽ ചേർന്നതും.

അതിനുശേഷം ഒരുപാട് കാര്യങ്ങൾ സംഭവിച്ചു, പക്ഷേ വിട്ടുകൊടുക്കാൻ സിസ്റ്റർ റാനിറ്റ് തയ്യാറല്ല. "എന്റെ അച്ഛൻ പറയുമായിരുന്നു, ഡാനി... കന്യാസ്ത്രീയാകുന്നതിന് മുമ്പ് എനിക്ക് നൽകിയിരുന്ന പേരാണത്... ഡാനി, ഒന്നും പകുതിവഴിയിൽ ഉപേക്ഷിക്കരുത്. ഞാൻ ഉപേക്ഷിക്കില്ല. ഞാൻ പോരാട്ടം തുടരും, മരണം വരെ കന്യാസ്ത്രീയായി തന്നെ തുടരും. ഇത്രയും വർഷം ഞാൻ ഒരു ഇരയായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അതിനെ അതിജീവിച്ചവളാണ്," അവർ പറയുന്നു. 

2017-ലെ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് വേണ്ടിയുള്ള ഒരു ബാഗ് തുന്നുന്ന തിരക്കിലാണവർ. ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപ് കേസിൽ വിട്ടയക്കപ്പെട്ട സംഭവത്തെക്കുറിച്ച് അവർ സൂചിപ്പിക്കുന്നു.

ആ കേസിലെ ഇരയെ പരാമർശിച്ചുകൊണ്ട് അവർ ചോദിക്കുന്നു, "എന്തുകൊണ്ടാണ് നേരത്തെ പരാതിപ്പെടാതിരുന്നത് എന്ന് അവർ എന്നോട് ചോദിക്കുന്നു. എന്നാൽ ലൈംഗികമായി ആക്രമിക്കപ്പെട്ട അതേ ദിവസം തന്നെ പരാതി നൽകിയ ആ സ്ത്രീക്ക് എന്ത് സംഭവിച്ചു? അവർക്ക് നീതി ലഭിച്ചോ?".

Read More:ഈ അഭിമുഖത്തിന്റെ ഇംഗ്ലീഷിലുള്ളള പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: