കോട്ടയം: കൊച്ചിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട നടി ആരാണെന്ന് തനിക്കറിയില്ലെന്ന് പി.സി.ജോർജ് എംഎൽഎ. പൊലീസ് പറഞ്ഞ കഥകളിലെ ഇരയെ മാത്രമേ തനിക്കറിയൂ. തന്റെ പ്രസ്താവനകൾക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത് ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്നതിന്റെ തെളിവാണെന്നും എംഎൽഎ പറഞ്ഞു.

നടി തനിക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ താൻ ഭയപ്പെടുന്നില്ലെന്നും ജോർജ് കോട്ടയത്ത് പറഞ്ഞു. “പൾസർ സുനി പറയുന്നത് വിശ്വസിക്കരുത്. ദിലീപിനെതിരായ സുനിയുടെ മൊഴികൾക്ക് യാതൊരു അടിസ്ഥാനവുമില്ല. സുനി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞാൽ അറസ്റ്റ് ചെയ്യുമോ?” എന്നും പി.സി.ജോർജ് കോട്ടയത്ത് ചോദിച്ചു.

വനിതാ കമ്മിഷന്റെ തലപ്പത്ത് യോഗ്യതയുള്ളവരെയാണ് ചുമതലപ്പെടുത്തേണ്ടതെന്നും ജോർജ് പറഞ്ഞു. ഇരയാരാണെന്ന് അറിഞ്ഞാൽ നടിയാരാണെന്ന് ഞാൻ പറയാം. സിനിമ മേഖലയിലുള്ള ആരെയെങ്കിലും ഈ പറയുന്നവർ ആക്രമിച്ചിട്ടുണ്ടെങ്കിൽ അവർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് തന്റെയും ആഗ്രഹം. എന്നാൽ നിരപരാധിയായ ഒരാളെ കുറ്റക്കാരനാക്കരുതെന്ന് പറഞ്ഞതിന് എന്നെ നാടുകടത്താനാണ് ഭാവമെങ്കിൽ അത് മനസിലിരിക്കത്തേയുള്ളൂ.” പി.സി.ജോർജ് വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ