കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ സാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും പേരിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ തന്റേയും ഭാര്യയുടേയും പേരുകൾ അനുവാദമില്ലാതെ ഉൾപ്പെടുത്തിയതിനെതിരെ സംവിധായകൻ ഷാജി കൈലാസ്. ശബരിമലയിലെ നിയന്ത്രണങ്ങളിലും അയ്യപ്പ ഭക്തർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്നുവെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും പേരിലിറങ്ങിയ പ്രസ്താവനയില്‍ പറയുന്നത്. ജയിലിലായിരുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ വിട്ടയക്കണമെന്നും ഇന്നലെ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്.

ഈ പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പ് വച്ചിട്ടില്ലെന്ന് ഷാജി കൈലാസ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഷാജി കൈലാസ്, വി.ആർ.സുധീഷ്, എം.ജി.എസ്.നാരായണൻ, ഡോ.കെ.എസ്.രാധാകൃഷ്‌ണൻ, പി.പരമേശ്വരൻ, എസ്.രമേശൻ നായർ, നടൻ സുരേഷ് ഗോപി എംപി, മാടമ്പ് കുഞ്ഞു കുട്ടൻ, ശത്രുഘ്‌നൻ, യു.കെ.കുമാരൻ എന്നിവരും പ്രസ്താവനയിൽ ഒപ്പ് വച്ചതായി കാണിക്കുന്നുണ്ട്. പ്രസ്താവനയില്‍ താനും ഒപ്പ് വച്ചിട്ടില്ലെന്ന് തുറന്നടിച്ച് ആര്‍.സുധീഷും രംഗത്തെത്തിയിട്ടുണ്ട്.

ഷാജി കൈലാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വയ്ക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ല.

വിശ്വസ്തതയോടെ
ഷാജി കൈലാസ്,
ചിത്ര ഷാജികൈലാസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.