കൊല്ലം: തന്റെ കാര്‍ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയെ പുറത്താക്കിയത് ഒരു ഓവര്‍ സ്പീഡ് കാരണമായിരുന്നെന്ന് നടനും എംഎല്‍എയുമായ മുകേഷ്. തന്റെ കൂടെ ഒരു വര്‍ഷത്തോളം മാത്രമാണ് അയാള്‍ ഉണ്ടായിരുന്നതെന്നും ഓവര്‍ സ്പീഡ് ആയത് കൊണ്ടാണ് പിരിച്ചവിട്ടതെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ ദിലീപ് സുനിയുമായി ചേര്‍ന്ന് നടിക്കെതിരെ ഗൂഢാലോചന നടത്തിയ കാലയളവിലായിരുന്നു സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തത്.

“അയാള്‍ രണ്ട് വര്‍ഷത്തോളം എന്റെ കൂടെ ഉണ്ടായിരുന്നില്ല. ഒരു വര്‍ഷം മാത്രമാണ് ഉണ്ടായത്. പിരിച്ചുവിട്ടത് ക്രിമിനല്‍ ആണെന്ന് അറിഞ്ഞത് കൊണ്ടല്ല. അമിതവേഗതയില്‍ വണ്ടി ഓടിക്കുന്നത് കാരണമാണ് സുനിയെ പിരിച്ചുവിട്ടത്,” മുകേഷ് പറഞ്ഞു.

ചോദിച്ച ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചത് കൊണ്ടാണ് അന്ന് താന്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പെരുമാറിയതെന്നും തന്റെ അപക്വമായ പെരുമാറ്റം ആയിരുന്നു അതെന്ന് താന്‍ സമ്മതിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. “ദിലീപ് പറഞ്ഞത് സത്യമാണെന്നാണ് കരുതിയത്. അത് കൊണ്ടാണ് അമ്മ യോഗത്തില്‍ ഇത്തരത്തില്‍ സംഭവിച്ചത്. അതില്‍ ഖേദം പ്രകടിപ്പിക്കുന്നു,” മുകേഷ് പറഞ്ഞു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മുകേഷ് എംഎല്‍എയെ സിപിഎം ജില്ലാ സെക്രട്ടറി വിളിപ്പിച്ചത് പ്രകാരമാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി കൊല്ലം ജില്ലാ സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റി കൊല്ലത്ത് എത്താന്‍ നിര്‍ദേശം നല്‍കിയത്.

കേസില്‍ മുകേഷ് എംഎല്‍എയുടെ പങ്ക് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുളള എതിര്‍പാര്‍ട്ടികള്‍ മുകേഷിന്റെ വീട്ടിലേക്കും ഓഫീസിലേക്കും പ്രതിഷേധം നടത്തി. ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ച് കാര്യം ചോദിച്ചതായും മുകേഷ് പറഞ്ഞു. മുകേഷുമായി മുഖ്യപ്രതി പള്‍സര്‍ സുനി നേരത്തേ ഫോണില്‍ ബന്ധപ്പെട്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ജില്ലാ കമ്മറ്റി അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് സൂചന.

നേരത്തേ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ പിന്തുണച്ച് മുകേഷും ഗണേഷ് കുമാര്‍ എംഎല്‍എയും രംഗത്ത് എത്തിയിരുന്നു. ജനപ്രതിനിധികളാണെന്ന കാര്യം മറന്നാണ് ഇരുവരും സംഭവത്തില്‍ ഇടപെട്ടതെന്നും മാധ്യമങ്ങളോടുളള സമീപനവും മോശമായെന്നും നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ