കൊച്ചി: ഒരുപാട് മഹാരഥന്മാരിലൂടെ നിലനില്‍ക്കുന്ന ചരിത്രമാണ് മഹാരാജാസ് കോളേജിന് പറയാനുള്ളതെന്ന് നടന്‍ മമ്മൂട്ടി. മൂന്നാമത് മഹാരാജകീയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല്ലപ്പോഴും പലരേയും കണ്ട് സംസാരിക്കണമെന്ന് തോന്നാറുണ്ട്. എന്നാല്‍ ആരേയും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അതിന് സാധിക്കാറില്ല.ഒരു സിനിമാ നടനെന്ന നിലയിലുള്ള പരിമിതികള്‍ തനിക്കുള്ളതായും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ പഠനകാലത്ത് പ്രണയം തോന്നിയാല്‍ പെണ്‍കുട്ടിയോട് ഒരുപാട് നാള്‍ കണ്ണുകൊണ്ട് സംസാരിക്കും. കണ്ടില്ലെങ്കില്‍ നിരാശ. എന്നാല്‍ ഇന്ന് പ്രണയസല്ലാപങ്ങളും നിമിഷങ്ങളും ഫോണ്‍ വിളികളിലേക്ക് മാറി. അന്ന് കാണാനും സംസാരിക്കാനും കാത്തിരുന്ന് കിട്ടുന്ന പ്രണയത്തിന്റെ മധുരം ഇന്ന് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും ഇതുവഴി കടന്നു പോകുമ്പോള്‍ കൊതിച്ചു പോയിട്ടുണ്ട് മഹാരാജാസില്‍ പഠിക്കണമെന്ന്. കിട്ടാതെ പോയ പ്രണയിനിയോട് തോന്നിയ വികാരമായിരുന്നു അന്ന് മഹാരാജാസിനോട്. ആദ്യ രണ്ട് വര്‍ഷവും ഇവിടെ പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധവും തനിക്കുണ്ടായിരുന്നതായി മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ക്യാംപസുകളിലെ ഇളം തലമുറയെ തെറ്റുകളിലേയ്ക്ക് നയിക്കുകയല്ല അവരുടെ തെറ്റ് തിരുത്തുകയാണ് മുതിർന്ന തലമുറ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏത് പ്രായത്തിലുളളവർക്കും മാനസിക വൈകല്യമുണ്ടാകാം. മുതിർന്നവരായാലും ഇളംപ്രായക്കാരായാലും. മുതിർന്നവരുടെ മാനസിക വൈകല്യം മൂലം ഇളം തലമുറക്കാരെ തെറ്റിലേയ്ക്ക് നയിക്കുന്നത് ദോഷമേ ചെയ്യുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാമത് മഹാരാജകീയത്തിന്റെ ഉദ്ഘാടത്തിൽ മുൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ അധ്യക്ഷനായിരുന്നു. പ്രൊഫ. എം. കെ. സാനു, ധനമന്ത്രി തോമസ് ഐസക്ക്, വയലാർ രവി എം പി, പി. ടി തോമസ് എം എൽ എ, ഹൈബി ഈഡൻ എം എൽ എ, ചലച്ചിത്ര നടൻ ടിനി ടോം, കോളജ് പ്രിൻസിപ്പിൽ എൻ എൽ​ ബീന എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ