എനിക്ക് ഹിന്ദി അറിയില്ലെന്ന് ഇംഗ്ലീഷിലാണ് പറഞ്ഞത്: മുരളീധരനെ തള്ളി പിണറായി

താന്‍ പറയാത്ത കാര്യം മനസിലാക്കാനുള്ള വൈഭവം കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും പിണറായി വിജയന്‍

Pinarayi Vijayan V Muraleedharan Flood Hindi

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് ഹിന്ദി അറിയില്ല എന്ന കാര്യം താന്‍ ഇംഗ്ലീഷിലാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയായ വി.മുരളീധരന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തള്ളി കളഞ്ഞു. കേരളത്തിന് കേന്ദ്രത്തിന്റെ പ്രളയദുരിതാശ്വാസം ആവശ്യമില്ലെന്ന വി.മുരളീധരന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് തനിക്ക് അറിയില്ലെന്ന് പിണറായി പറഞ്ഞു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്നെ വിളിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍, കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് സഹായം ആവശ്യമില്ല എന്ന തരത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് താന്‍ പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദി അറിയില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് പറയുകയാണ് ചെയ്തത്. അദ്ദേഹം ഇങ്ങോട്ട് സംസാരിച്ചത് ഹിന്ദിയിലാണ്. എനിക്ക് ഹിന്ദി അറിയില്ല. അത് മന്ത്രിയോട് പറയുകയും ചെയ്തു. മലയാളത്തിലല്ല, ഇംഗ്ലീഷിലാണ് ഹിന്ദി അറിയില്ല എന്ന കാര്യം കേന്ദ്രമന്ത്രിയോട് താന്‍ പറഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു.

” ‘I Cannot Understand Hindi’ എന്ന ഒറ്റവരിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് ഞാന്‍ പറഞ്ഞത്. ഇംഗ്ലീഷില്‍ വലിയ പരിജ്ഞാനമില്ലെങ്കിലും ഞാന്‍ ഇംഗ്ലീഷില്‍ തന്നെയാണ് മറുപടി നല്‍കിയത്. ഇംഗ്ലീഷില്‍ പറഞ്ഞതും മന്ത്രി ഫോണ്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കൊടുത്തു. ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രയാസമായിട്ടാണോ എന്ന് എനിക്കറിയില്ല. പിന്നീട് പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പര്‍ വാങ്ങി എന്റെ പ്രൈവറ്റ് സെക്രട്ടറിയെ കൊണ്ട് വിളിപ്പിക്കുകയാണ് ചെയ്തത്. ഹിന്ദി അറിയില്ല എന്ന് പറഞ്ഞതല്ലാതെ വേറൊരു വാചകവും കേന്ദ്രമന്ത്രിയോട് ഞാന്‍ പറഞ്ഞിട്ടില്ല”-പിണറായി വിജയന്‍ വിശദീകരിച്ചു. കേന്ദ്രമന്ത്രി പറഞ്ഞു എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വിധമാണ് വി.മുരളീധരന്‍ പ്രതികരിച്ചതെന്നും താന്‍ പറയാത്ത കാര്യം മനസിലാക്കാനുള്ള വൈഭവം കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസത്തിനായി പണ്ട് നല്‍കിയ കാശ് കയ്യില്‍ ഉള്ളതുകൊണ്ട് കൂടുതല്‍ പണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് പറഞ്ഞുവെന്നാണ് വിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരന്‍ പ്രസ്താവന നടത്തിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ തവണ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ട ധനസഹായം കുറഞ്ഞു പോയി എന്നൊരു ആക്ഷേപം ഉണ്ടല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും പിണറായി മറുപടി നൽകി.

“അതു കൊണ്ടാണല്ലോ നമ്മള് ചോദിച്ചതൊക്കെ അവര് തന്നത്,” എന്നായിരുന്നു പിണറായിയുടെ മറുചോദ്യം.

Read Here: കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: I cannot understand hindi says pinarayi vijayan to central minister

Next Story
കെവിൻ വധക്കേസ്: വിധി പറയുന്നത് ഈ മാസം 22 ലേക്ക് മാറ്റിkevin, kevin case, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com