കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റം തെളിയിക്കുന്നതുവരെ താൻ ദിലീപിനൊപ്പമെന്ന് യുവനടൻ ആസിഫ് അലി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പമാണ് താനെന്ന് ആസിഫ് അലി വ്യക്തമാക്കി. മാതൃഭൂമി ഡോട്ട് കോം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കേസും അന്വേഷണവും കഴിഞ്ഞ് വരുന്ന ദിലീപിനെ അഭിമുഖീകരിക്കാനുള്ള മടി എന്നുമുണ്ടാകും. അതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതെന്നും ആസിഫ് അലി വ്യക്തമാക്കുന്നു.

‘ദിലീപേട്ടനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയുടെ പ്രതികരണമാണ് ഞാന്‍ നടത്തിയത്. വളരെ സത്യസന്ധമായ പ്രതികരണമായിരുന്നു അത്. ദിലീപേട്ടന്റെ പേര് വരരുതെന്ന് വ്യക്തിപരമായി ഒരുപാട് ആഗ്രഹിച്ച ആളാണ് ഞാന്‍. എന്റെയൊരു അഭ്യുദയകാംക്ഷി കൂടിയാണ് അദ്ദേഹം. കുറ്റം തെളിയിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ കൂടെയാണ് ഞാനും ഉള്ളത്. അങ്ങിനെ ചെയ്യണം എന്നു തന്നെയാണ് ആഗ്രഹവും. വീണു കിടക്കുന്ന ആളെ ഞങ്ങളാരും ചവിട്ടുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്. അതാണ് ചെയ്തിട്ടുള്ളത്’.

‘ഇക്കാര്യത്തില്‍ ഞാന്‍ പറഞ്ഞതിനെ ഏതൊക്കെ രീതിയിലാണ് വളച്ചൊടിച്ചത്. ആ നീചന്റെ കൂടെ ഞാന്‍ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞാണ് വാര്‍ത്ത വന്നത്. ദിലീപേട്ടനുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് ഞാന്‍. ഇങ്ങനെ ഒരു കേസും ഒരു ആരോപണവും കഴിഞ്ഞ് വരുന്ന അദ്ദേഹത്തെ അഭിമുഖീകരിക്കാനുള്ള ഒരു മടി എനിക്ക് എപ്പോഴും ഉണ്ടാകും. അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത്’ ആസിഫ് അലി വ്യക്തമാക്കുന്നു.

പറഞ്ഞുപോയതില്‍ ഖേദിക്കുന്നൊന്നുമില്ലെന്നും പറഞ്ഞതിന്റെ സത്യാവസ്ഥ എന്താണെന്ന് ആളുകള്‍ അറിയാത്തതിലേ സങ്കടമുള്ളൂ എന്നും ആസിഫ് അലി പറയുന്നു. നേരത്തെ ആസിഫ് അലി അടക്കമുള്ള യുവ താരങ്ങൾ കർശന നിലപാടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതെന്ന് വാർത്തകളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ