തിരുവനന്തപുരം: സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരെ മൗനിയാകാൻ തനിക്ക് മനസില്ലെന്നും സ്രാവുകൾക്കൊപ്പം നീന്തൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഐഎംഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിലാണ് അഴിമതിയെ കുറിച്ച് സംസാരിച്ചത്. അഴിമതി വിരുദ്ധനിയമം എന്നെങ്കിലും നടപ്പാകുമെന്ന് ജനം കരുതുന്നുണ്ടോ. അഴിമതിക്കെതിരെ നില കൊള്ളുവന്നവരെ മൗനിയാക്കാൻ ശ്രമങ്ങൾ പലയിടത്ത് നിന്ന് ഉണ്ടാവും. എന്നാൽ, അങ്ങനെ മൗനിയാകാൻ തന്നെ കിട്ടില്ല. ഇപ്പോഴും സ്രാവുകൾക്കൊപ്പം നീന്തുകയാണ്. ഇനിയും അത് തുടരും’ അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിയമവാഴ്ച തകരാറിലാണെന്നായിരുന്നു ജേക്കബ് തോമസിന്റെ പരാമര്‍ശം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഐഎംജി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. വിവാദ പരാമർശത്തിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താനും ചീഫ് സെക്രട്ടറി​ ഉത്തരവിട്ടിട്ടുണ്ട്.

തലസ്ഥാനത്ത് നടന്ന സ്വകാര്യ ചടങ്ങിലാണ് സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് ആരോപിച്ചത്. സുനാമി പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയി, അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ പേടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരെ അനുമതിയില്ലാതെ സര്‍വീസ് സ്റ്റോറി എഴുതിയതിന് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ