ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങണമെങ്കില്‍ 15 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന കോടതിയുടെ നിര്‍ദേശത്തില്‍ കുടുങ്ങി പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. താന്‍ തത്കാലം നാട്ടിലേക്ക് വരുന്നില്ലെന്ന് മഅ്ദനി അറിയിച്ചു. താങ്ങാന്‍ പറ്റാവുന്നതിലും അധികച്ചെലവ് കര്‍ണാടക പൊലീസ് ചുമത്തുന്നതിനാലാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് മഅ്ദനി അറിയിച്ചത്.

ഇന്ന് മുതല്‍ ഈ മാസം 14 വരെ കേരളത്തില്‍ തുടരാനായിരുന്നു മഅ്ദനിക്ക് കോടതി അനുമതി നല്‍കിയിരുന്നത്. സുരക്ഷാ ചെലവുകള്‍ക്കായാണ് കര്‍ണാടകാ പൊലീസില്‍ 15 ലക്ഷം രൂപ കെട്ടിവെക്കേണ്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ പകുതി ശമ്പളവും നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ഒമ്പതിനു നടക്കുന്ന വിവാഹത്തിനും 13നുള്ള വിവാഹ സല്‍ക്കാരത്തിലും പങ്കെടുക്കാന്‍ അനുമതി വേണമെന്നായിരുന്നു മഅ്ദനി ആവശ്യപ്പെട്ടത്. പൊലീസിന്റെ സുരക്ഷാ ചെലവ് മഅ്ദനി വഹിക്കണമെന്ന കോടതി നിലപാടിനെ കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണ്‍ ചോദ്യം ചെയ്തിരുന്നു. ഒരു തവണ നിരപരാധിത്വം തെളിയിച്ച മനുഷ്യനെ വീണ്ടും വിചാരണ തടവിലിട്ടശേഷം നല്‍കുന്ന പൊലീസ് സുരക്ഷയുടെ ചെലവ് വഹിക്കണമെന്നു പറയുന്നതില്‍ നിയമവശം എന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

എന്നാല്‍ ഇതിനു കൃത്യമായ മറുപടി നല്‍കാന്‍ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെക്കും നാഗേശ്വര റാവുവിനും കഴിഞ്ഞില്ല.പ്രശാന്ത് ഭൂഷണെപ്പോലുള്ള പ്രഗത്ഭരായ അഭിഭാഷകരെ നിര്‍ത്തി കേസ് വാദിക്കാന്‍ മഅ്ദനി ഫീസ് നല്‍കുന്നില്ലേ എന്ന മറുചോദ്യമായിരുന്നു ജസ്റ്റിസ് ബോബ്‌ഡേ ചോദിച്ചത്. മഅദ്‌നി അനുഭവിച്ച പീഡനങ്ങള്‍ വിവരിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്വന്തം കൈപ്പടയില്‍ തനിക്ക് ഒരു കത്തെഴുതി നല്‍കിയിരുന്നെന്നും അതുകൊണ്ടാണ് മഅ്ദനിക്കുവേണ്ടി ഹാജരായതെന്നുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ മറുപടി.

വിചാരണ തടവുകാരന്റെ സുരക്ഷാ ചെലവിന്റെ ഉത്തരവാദിത്തം ആ തടവുകാരനോ അതോ സര്‍ക്കാറിനോ എന്ന് കോടതി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ‘ഈ ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസമാണ്’എന്നായിരുന്നു ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ മറുപടി.
തുടര്‍ന്ന് ഇതേക്കുറിച്ച് ജഡ്ജിമാര്‍ കര്‍ണാടക സര്‍ക്കാറിന്റെ അഭിപ്രായം തേടി. എന്നാല്‍ സുരക്ഷ ചെലവു വഹിക്കില്ലെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.