തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ മാതാവ് അനുപമയ്ക്ക് ആവശ്യമെങ്കില്‍ എല്ലാവിധ നിയമസഹായവും കേരള വനിതാ കമ്മിഷന്‍ നല്‍കുമെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി. കുഞ്ഞിനെ തിരിച്ചു ലഭിക്കണമെന്നാവശ്യപ്പെട്ട് മാതാവ് അനുപമ സമരം തുടരുന്നതിനിടെയാണ് വനിതാ കമ്മീഷന്റെ പ്രതികരണം. സംഭവത്തിൽ വനിതാ കമ്മീഷൻ നേരത്തെ കേസെടുത്തിരുന്നു.
കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ പ്ലീഡറെ ചുമതലപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രി ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി.
അതേസമയം, സംഭവത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഎമ്മിനെതിരെ വിമർശനമുന്നയിച്ചു. ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെടുത്ത് നാട് കടത്തുന്ന പോലുള്ള അത്യന്തം മനുഷ്യത്വഹീനമായ കൃത്യങ്ങള്‍ക്കും ഒരു മടിയുമില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
മാതാവില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിയും ഭരണ സംവിധാനങ്ങളും കൂട്ടു നിന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. മാതൃത്വത്തെപ്പോലും പിച്ചി ചീന്താന്‍ ഒരു മടിയുമില്ലെന്ന അവസ്ഥയിലായിരിക്കുന്നു. അനുപമയോട് സിപിഎമ്മും ശിശു ക്ഷേമ സമിതിയും കാട്ടിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സ്ത്രി സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും സി പി എം ഉം വേട്ടക്കാര്‍ക്ക് ഒപ്പമെന്ന് തെളിയിക്കുന്നതാണു അനുപമയുടെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഒരു പാര്‍ട്ടിക്കെതിരെയുമല്ല എന്ന് അനുപമ നേരത്തെ പറഞ്ഞിരുന്നു. “ഞാന്‍ ഒരു അമ്മയാണ്, എനിക്ക് നീതി ലഭിക്കണം. ഇനി ഒരു അമ്മക്കും ഇത്തരമൊരു സാഹചര്യമുണ്ടാകരുത്. കുഞ്ഞിനെ കാണാനില്ല എന്ന പരാതിയുമായി ചെന്നപ്പോള്‍ ഒരു അമ്മയാണെന്ന പരിഗണന പോലും തരാതെയാണ് എന്നോട് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയുണ്ട്,” അനുപമ പറഞ്ഞു.
നിരാഹാര സമരവുമായി മുന്നോട്ട് പോകുന്ന അനുപമയെ ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിളിച്ചിരുന്നു. കുഞ്ഞിനെ തിരികെ കിട്ടാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും വീഴചയുണ്ടായെങ്കില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി അനുപമ പറഞ്ഞു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് വീണാ ജോര്‍ജ് ഇന്നലെ ഉത്തരവിട്ടിരുന്നു. വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
അനുപമയുടെ പരാതിയില്‍ വനിത കമ്മിഷന്‍ ഇന്നലെ കേസെടുക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി. കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു അനുപമയുടെ പരാതി. വനിതാ കമ്മിഷന്റെ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.

ഈ വർഷം ഏപ്രിലിലാണ് കുഞ്ഞിനെ പിതാവ് പി.എസ് ജയചന്ദ്രന്‍ തട്ടിയെടുത്താതി പേരൂര്‍ക്കട സ്റ്റേഷനില്‍ അനുപമ പരാതിപ്പെട്ടത്. എന്നാൽ ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി അഞ്ജു, സഹോദരിയുടെ ഭര്‍ത്താവ് അരുണ്‍, ചയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരാണ് പ്രതികള്‍. സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19-ാം തിയതി പ്രസവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവമെന്നാണ് അനുപമ പറയുന്നത്. കാറില്‍ പോകവെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് കാര്‍ തടഞ്ഞ് കുഞ്ഞിനെ അനുപമയുടെ കൈയില്‍ നിന്ന് തട്ടിയെടുത്തതായാണ് പരാതി. പിന്നീട് ജഗതിയിലുള്ള ഒരു വീട്ടിലേക്ക് തന്നെ മാറ്റിയെന്നും 10 ദിവസത്തിന് ശേഷമാണ് തിരികെ സ്വന്തം വീട്ടിലെക്ക് കൊണ്ടുപോയതെന്നും അനുപമ പറയുന്നു. കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ ചേച്ചിയുടെ വിവാഹമായതിനാല്‍ തത്കാലം മാറ്റിയിരിക്കുകയാണെന്നാണ് വിശദീകരണം ലഭിച്ചതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിനെ തന്റെ പക്കല്‍ നിന്ന് എങ്ങോട്ടോ മാറ്റിയന്നതല്ലാതെ തനിക്കൊന്നും അറിയില്ലായിരുന്നു എന്നും അനുപമ പറയുന്നു. ശിശുക്ഷേമ സമിതി വഴി ഈ കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതിമാർക്ക് ദത്തെടുക്കാൻ നൽകിയെന്ന് സംശയിക്കുന്നതായും അനുപമ പറഞ്ഞിരുന്നു. അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റിയതെന്നും അനുപമ പറഞ്ഞിരുന്നു.