കൊച്ചി: മേയര്‍ സൗമിനി ജെയിനിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഹൈബി ഈഡന്‍ എംപി. കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് സൗമിനി ജെയിനെ മാറ്റാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഗ്രൂപ്പ് പോര് വഷളാക്കുന്ന തരത്തില്‍ ഹൈബി ഈഡന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സൗമിനിയുടെ പേര് പറയാതെയാണ് ഹൈബി ഈഡന്‍ പേസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: “ഇത് കോണ്‍ഗ്രസാണ് സഹോദരി.. തേവര കോളേജിലെ പഴയ എസ്എഫ്‌ഐകാരിക്ക് ഒമ്പത് വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്എഫ്ഐയിലേ നടക്കൂ… ഇത് കോണ്‍ഗ്രസാണ്”

hibi

പോസ്റ്റ് മിനിറ്റുകൾക്കകം ചർച്ചയായി. വിവാദമായതോടെ ഹൈബി പോസ്റ്റ് പിൻവലിക്കുകയും ചെയ്‌തു. നേരത്തെയും  സൗമിനിക്കെതിരെ ഹൈബി പരസ്യ വിമർശനം നടത്തിയിരുന്നു.  സൗമിനിയെ മേയർ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടതും ഇതിനു പിന്നാലെയാണ്. എറണാകുളം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞതിനു കാരണം കോർപറേഷൻ ഭരണത്തിലെ വീഴ്ചകളാണെന്നായിരുന്നു ഹൈബി പറഞ്ഞത്.

കൊച്ചിയിലുണ്ടായ വെള്ളക്കെട്ടില്‍ മേയര്‍ സൗമി ജെയിനിനും കോര്‍പറേഷന്‍ ഭരണസമിതിക്കുമെതിരേ നിശിതവിമര്‍ശനമുയര്‍ന്നതിനു പിന്നാലെ മേയറെ മാറ്റാൻ ഡിസിസിയിൽ തീരുമാനമെടുത്തിരുന്നു. എറണാകുളം എംപി ഹൈബി ഈഡന്‍ മേയർക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്ത് കോണ്‍ഗ്രസിനു ഭൂരിപക്ഷം കുറയാന്‍ കാരണം കോര്‍പ്പറേഷന്‍ ഭരണം പരാജയപ്പെട്ടതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Read Also: കാള പെറ്റെന്ന് കരുതി കയറുമെടുത്ത് ഇങ്ങോട്ടു വരേണ്ട; ടയര്‍ വിവാദത്തില്‍ എം.എം.മണി

എന്നാൽ, ഹൈബിയുടെ ഭാവമാറ്റം എന്തുദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. കൊച്ചി നഗരത്തിലുണ്ടായ വികസനങ്ങളില്‍ എല്ലാവരും ഭാഗമാണ്. എന്നാല്‍, ചിലര്‍ നേട്ടത്തിന്റെ ഭാഗം മാത്രമാകാന്‍ ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു. മേയര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും സൗമിനി വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.