തിരുവനന്തപുരം: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം ഇന്ന് ആരംഭിക്കും. സെക്രട്ടേറിയേറ്റിന് മുന്നിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരം. പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിയും അനിശ്ചിതകാല നിരാഹാരമിരിക്കും.

മുഴുവൻ ദുതിതബാധിതരേയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എൻഡോസൾഫാൻ ബാധിതരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന സംഘമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിക്കുന്നത്.

അതേസമയം, പരമാവധി സഹായം നൽകിയെന്നും സമരത്തിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് റവന്യൂ വകുപ്പ് വാർത്താക്കുറിപ്പിറക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇരകള്‍ക്കുനേരെ തുടര്‍ച്ചയായി മുഖം തിരിക്കുകയാണെന്നാണ് സമരസമിതിയുടെ ആരോപണം.

2016ലാണ് ആദ്യമായി എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ സെക്രട്ടേറിയറ്റ് പടിക്കൽ പട്ടിണിസമരം നടത്തിയത്. അന്ന് 9 ദിവസം നീണ്ടുനിന്ന സമരത്തിന് പിന്നാലെ 2018 ജനുവരി 30ന് ഒരിക്കൽ കൂടി അവർ സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയിരുന്നു. ഒറ്റ ദിവസത്തെ പട്ടിണി സമരമാണ് നടത്തിയത്. ഡിസംബർ 10ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ചും നടത്തിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പട്ടിണി സമരത്തിനൊരുങ്ങുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ