scorecardresearch

ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതിനെതിരെ ഇന്ന് നിരാഹാര സമരം

ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോകുകയാണ്

maradu flat, kochi, ie malayalam

കൊച്ചി: തിരുവോണ ദിവസമായ ഇന്ന് മരടിലെ ഫ്ലാറ്റുടമകള്‍ നഗരസഭയ്ക്ക് മുന്‍പില്‍ നിരാഹാരമിരിക്കും. അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയതിനെ തുടർന്നാണ് പ്രതിഷേധം കടുപ്പിച്ച് ഫ്ലാറ്റുടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. പെട്ടെന്ന് ഇറങ്ങി പോകണമെന്ന് പറഞ്ഞാല്‍ തങ്ങള്‍ എങ്ങോട്ട് പോകാനാണെന്ന് ഫ്ലാറ്റുടമകള്‍ ചോദിക്കുന്നു. അഞ്ചല്ല, അമ്പത് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് തന്നാലും തങ്ങള്‍ എങ്ങോട്ടും ഇറങ്ങില്ലെന്നും ഫ്ലാറ്റുടമകള്‍ പറയുന്നു.

ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് ഫ്ലാറ്റുടമകൾ നിലപാട് കടുപ്പിച്ചത്. നോട്ടീസ് നൽകാനുള്ള തീരുമാനം വെറും കൺകെട്ട് മാത്രമാണെന്നും ഇറങ്ങി പോകാൻ പറഞ്ഞാൽ എങ്ങോട്ട് പോകണമെന്ന് അധികാരികൾ പറയണമെന്നും പ്രതിഷേധക്കാർ പറയുന്നു.

സുപ്രീം കോടതി നിർദേശമനുസരിച്ചാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോകുന്നത്. മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന്​ കഴിഞ്ഞ ദിവസം ​അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോഗം ചേ​ർന്നിരുന്നു. ഇതിനു ശേഷമാണ് മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒട്ടിച്ചത്.

സെപ്റ്റംബർ 20ന് മുമ്പ് ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടു മരട് നഗരസഭയ്ക്കു സർക്കാർ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നത്. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിന് ഏകദേശം 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Read Also: നടപടി എടുക്കുമ്പോൾ ഞങ്ങളുടെ കാര്യംകൂടി നോക്കണ്ടേ?; മരട് ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാരായ സിനിമ പ്രവർത്തകർ

അതേസമയം, നിയമലംഘനം കണ്ടെത്തിയ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ ഗോൾഡൻ കായലോരം റസിഡന്റ്സ് അസോസിയേഷനും 15 ഫ്ലാറ്റുടമകളും നാളെ പിഴവുതിരുത്തൽ ഹർജി നൽകിയേക്കും. നേരത്തെ നാല് താമസക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജിയും നൽകിയിരുന്നു.

മരടിലെ ഫ്ലാറ്റുകൾ സെപ്റ്റംബര്‍ 20 ന് മുന്‍പ് നിര്‍ബന്ധമായും പൊളിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ശനിയാഴ്ച ആവർത്തിച്ചത്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന സൂചനയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര നല്‍കിയത്. സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു എന്ന വാദം വെറും തന്ത്രമാണെന്നും സുപ്രീം കോടതി പറഞ്ഞു.

മരട് നഗരസഭയിലെ അഞ്ച് അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

മരട് മുൻസിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിർമിക്കാൻ അനുമതി നൽകിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതു മറികടന്നു കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. തുടർന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കെട്ടിട നിർമാതാക്കൾക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Hunger strike maradu flat owners on thiruvonam day

Best of Express