കൊച്ചി : വൈപ്പിനിലെ  എടവനക്കാട് സെന്റ് അംബ്രോസ് പള്ളിയിലേക്ക് ഇപ്പോള്‍ ജനപ്രവാഹമാണ്. ഒന്നിലേറെ സ്കൂള്‍ കുട്ടികള്‍ തങ്ങള്‍ക്ക് കന്യാമറിയത്തിന്‍റെ ‘ദര്‍ശനം’ ലഭിച്ചുവെന്നറിയിച്ചതിനു പിന്നാലെയാണ് നൂറ്റിയറുപത് വര്‍ഷം പഴക്കമുള്ള പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചത്.

പള്ളിക്കകത്തെ അള്‍ത്താരയില്‍ കന്യാമറിയം പ്രത്യക്ഷപ്പെട്ടുവെന്ന്  കുട്ടികള്‍ പറഞ്ഞ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. ഈ വാര്‍ത്തകള്‍ പിന്‍പറ്റിയാണ് മാതാവിനെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയോടെ കൊച്ചിയിലേക്കുള്ള വിശ്വാസികളുടെ യാത്ര. പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഏതാനുംപേര്‍ക്ക് ‘രോഗശാന്തി’ ലഭിച്ചതായും പറയപ്പെടുന്നു. കന്യാ മറിയം ‘പ്രത്യക്ഷപ്പെട്ടു’ എന്നു പറയുന്ന സ്ഥലത്ത് ധാരാളം പേര്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നതും കാണാം.

mother mary, st. Ambrose, edavanakkadu, miracle,

“ദിവ്യാത്ഭുത”ത്തെകുറിച്ച് കേട്ടറിഞ്ഞ് എടവനക്കാട് പളളിയിൽ എത്തുന്നവർ

സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തീയ്യതിയാണ് കന്യാമറിയം ആദ്യമായി ‘ദൃശ്യമാകുന്നത്’. കന്യാമറിയത്തിന്‍റെ പ്രത്യക്ഷപ്പെടലുണ്ടായതായും  മാതാവ് ‘പുഞ്ചിരിക്കുകയും’ ‘സംസാരിക്കുകയും’ ചെയ്തതായും കന്യാമറിയത്തെ കണ്ടതായി അവകാശപ്പെടുന്ന കുട്ടികൾ പറയുന്നു.

“രാത്രി ഒമ്പതരയോടെയാണ് കര്‍ട്ടന്‍ അനങ്ങുന്നതായി ഞാന്‍  കണ്ടത്. ആദ്യം അത് കാറ്റാണ് എന്ന് ധരിച്ചെങ്കിലും ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മാതാവിനെ കാണുന്നത്. മാതാവ് പുഞ്ചിരിക്കുകയായിരുന്നു. മാതാവ് എന്നോട് പേര് ചോദിക്കുകയും എന്‍റെ അമ്മയ്ക്ക് രോഗശാന്തി ലഭിക്കുമെന്നും, കുടുംബത്തിലെ കടങ്ങളൊക്കെ തീരുമെന്നും പറഞ്ഞു.” ആറാം ക്ലാസ് വിദ്യാര്‍ഥിയായ അക്വിനസ് ജോമോന്‍ ഐ ഇ മലയാളത്തോട് പറഞ്ഞു.

Ambrose Aquinas,mother mary, edavankkadu church, miracle,

കന്യാമറിയത്തെ കണ്ടതായി അവകാശപ്പെടുന്ന അംബ്രോസും അക്വിനാസും

” മാതാവ് ഒരു നീല ഷാള്‍ ചുറ്റിയിരുന്നു. തലയ്ക് ചുറ്റും പ്രകാശവലയവും ദൃശ്യമായിരുന്നു. മാതാവിനെ കണ്ടതുമുതല്‍ ഞാന്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ മാതാവ് എന്നോട് കരയരുതെന്ന് പറഞ്ഞു. അപ്പോഴേക്കും പള്ളി വികാരിയും മറ്റും ഓടിയെത്തി” ജോമോന്‍ കൂട്ടിച്ചേര്‍ത്തു.

കന്യാമറിയത്തെ കണ്ടതായി അവകാശപ്പെടുന്ന മറ്റൊരാളാണ് അംബ്രോസ് ക്രിസ്റ്റി. ‘മാതാവുമായി’ സംസാരിച്ചതായും അംബ്രോസ് അവകാശപ്പെടുന്നു.

“ആദ്യദിവസം ഞാന്‍ പ്രകാശം മാത്രമാണ് കണ്ടത്. രണ്ടാമത്തെ ദിവസമാണ് മാതാവ് പ്രത്യക്ഷപ്പെടുന്നത്.  പരിശുദ്ധാത്മാവ് എന്നെ നയിക്കുമെന്നും മാതാവ് പറയുകയുണ്ടായി.”, മുടങ്ങാതെ എല്ലാ ദിവസവും പള്ളിയിലെത്തുന്ന എട്ടാം ക്ലാസുകാരന്‍ പറഞ്ഞു.

‘ദിവ്യാത്ഭുത’ വാര്‍ത്ത പ്രചരിച്ചതോടെ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ് എന്ന് പള്ളി വികാരി മാത്യൂ ഡികുഞ്ഞയും സാക്ഷ്യപ്പെടുത്തി.

“മുമ്പ് ശരാശരി ഒരു നൂറു പേരൊക്കെയാണ് പള്ളിയില്‍ വന്നിരുന്നത്. കഴിഞ്ഞ ഞായറാഴ്ച എത്തിപ്പെട്ടത് പതിനയ്യായിരം വിശ്വാസികളാണ്. ദൂരദേശങ്ങളില്‍ നിന്നു പോലും തങ്ങള്‍ വരുന്നതായി അറിയിച്ചുകൊണ്ട് ആളുകള്‍ ഫോണ്‍ ചെയ്യുന്നുമുണ്ട്,” ഫാദര്‍ ഡികുഞ്ഞ അറിയിച്ചു.

പോര്‍ച്ചുഗലില്‍ ആട്ടിടയന്മാരായ മൂന്നു കുട്ടികള്‍ ഫാത്തിമാ മാതാവിനെ കണ്ടതിന്‍റെ നൂറാം വാര്‍ഷികത്തിലാണ് ഈ “ദിവ്യാത്ഭുതം” നടക്കുന്നത് എന്ന യാദൃശ്ചികത്വം കൂട്ടിവായിക്കേണ്ടതുണ്ട് എന്നും ഫാദര്‍ മാത്യൂ ഡികുഞ്ഞ ചൂണ്ടിക്കാട്ടി.

edavanakkdu ambross church, mother mary, miracle,

പളളി വികാരി ഫാ. മാത്യു ഡി കുഞ്ഞ

” വരാപ്പുഴ അതിരൂപതയുടെ ചാൻസിലർ ഇവിടെ വരികയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഇത് പഠിച്ചു വരികയാണ്. ദിവസേന ഉണ്ടാവുന്ന സംഭവ വികാസങ്ങള്‍ ഞങ്ങള്‍ അതിരൂപതയെ അറിയിക്കുന്നുമുണ്ട് ” ഫാദര്‍ ഡികുഞ്ഞ പറഞ്ഞു.

” പോപ്പ് അംഗീകരിക്കുകയാണ് എങ്കില്‍ സെന്റ്‌ അംബ്രോസ് പള്ളിയില്‍ മാതാവ് ദൃശ്യമായതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം പള്ളിയിലെത്തുന്ന നാനാ മതസ്ഥരായ ആളുകള്‍ ദിവ്യാത്ഭുതത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വ്യാപൃതരാണ്. ബസ്സുകളിലും കാറുകളിലും ഓട്ടോ റിക്ഷകളിലുമൊക്കെയായി പള്ളിയില്‍ എത്തുന്നവരൊക്കെയും മെഴുകുതിരികള്‍ കത്തിക്കുകയും നീണ്ട വരികളില്‍ കൊന്തയുമേന്തി ജപമാല ചൊല്ലുകയും ചെയ്യുന്നതായി കാണാം.

“എനിക്ക് ക്യാന്‍സര്‍ ആയിരുന്നു. കീമോ തെറാപ്പി കഴിഞ്ഞു ആശുപത്രിയില്‍ നിന്നും വരും വഴി തന്നെ ഞാന്‍  നേരെ ഇങ്ങോട്ടാണ്‌ വരുന്നത്. എന്‍റെ രോഗം മാറാനായി അൾത്താരയ്ക്ക്  മുന്നില്‍ ഞാന്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചു.  എനിക്ക് മുന്നിൽ മാതാവ് പ്രത്യക്ഷയായില്ല. രോഗശാന്തിയേകണേയെന്ന് ഞാൻ മാതാവിനോട് പ്രാർത്ഥിച്ചു. ” പള്ളിയുടെ പടികളില്‍ ഇരുന്നു കൊണ്ട് മേരി മാര്‍ട്ടിന്‍ പ്രത്യഷാഭരിതയായി.

ബാങ്കില്‍ കളക്ഷന്‍ ജോലി ചെയ്യുന്ന ഗിരിജാ എസ് മേനോന്‍ പറയുന്നത് അവര്‍ക്ക് പ്രത്യേകമായി ഒന്നും അനുഭവപ്പെട്ടില്ല എന്നാണ്.

” ഈ പറയുന്നത്  സത്യമായിരിക്കാം. എനിക്ക് അവരെപ്പോലെ (ക്രിസ്ത്യാനികളെ) പ്രാര്‍ത്ഥിക്കാന്‍ അറിയില്ല. എന്തിരുന്നാലും ദൈവം ഒന്നാണ്.”, ഞായറാഴ്ച പള്ളിയിൽ വിശ്വാസികളുടെ വലിയ തിരക്കായിരുന്നുവെന്നും ഗിരിജ പറഞ്ഞു.

വര്‍ദ്ധിച്ചു വരുന്ന വിശ്വാസികളുടെ കൂട്ടത്തെ ഉൾക്കൊളളാന്‍ പള്ളി ഇപ്പോള്‍ സജ്ജമല്ല. എങ്കിലും അടുത്ത് തന്നെ അതിന് വേണ്ട തയ്യാറെടുപ്പുകള്‍ വേണ്ടി വരും എന്നും പള്ളി അധികാരികള്‍ മനസ്സിലാക്കുന്നുണ്ട്.   കൊന്തയുടേയും മെഴുകുതിരിയുടേയും വില്‍പ്പന വർധിച്ചു. കഴിഞ്ഞ മൂന്നാഴ്ചകളിലായി ഒരു ലക്ഷത്തിനുമുകളില്‍ കൊന്തകള്‍ വിറ്റുപോയതായി പറയപ്പെടുന്നു.

“എന്തുകൊണ്ടാണ് മാതാവ് ഞങ്ങളുടെ ഈ പള്ളിയും ഗ്രാമവും തന്നെ തിരഞ്ഞെടുത്തത് എന്ന് എനിക്കറിയില്ല.” ഫാദര്‍ ഡികുഞ്ഞയുടെ ചിരിയില്‍ അത്ഭുതത്തിന്റേയും വിശ്വാസത്തിന്റെയും തിരയിളക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ