കൊച്ചി: മുനമ്പം വഴി മത്സ്യബന്ധന ബോട്ടില്‍ പോയവരുടെ ലക്ഷ്യം ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്മസ് ദ്വീപെന്ന് പൊലീസ് നിഗമനം. ശ്രീലങ്കൻ സ്വദേശികളായ 43 പേർ മാല്യങ്കര വഴി മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയിലേക്ക് കടന്നെന്ന സംശയത്തിൽ കടലിലും തിരച്ചിൽ ആരംഭിച്ചു. ഓസ്ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ ദൂരെയുളള ക്രിസ്മസ് ദ്വീപിലേക്കാണ് ഇവര്‍ പോയതെന്നാണ് വിവരം. ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറ്റം നടത്താനുളള ഇടനാഴി ആയാണ് ഈ ദ്വീപ് കണക്കാക്കപ്പെടുന്നത്.

മാല്യങ്കരയിലും മുനമ്പത്തും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും നിറച്ച ബാഗുകൾ കണ്ടെത്തിയതാണ് മനുഷ്യക്കടത്തെന്ന സംശയം ഉയർത്തിയത്. ഒരു ബാഗിൽ വിമാനടിക്കറ്റും ഉണ്ടായിരുന്നു. ഇതിനിടെ, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ 52 ബാഗുകൾ കണ്ടെടുത്തു. ചെറായിയിലുള്ള ബീച്ച്‌വാലി, കടൽക്കര എന്നീ ഹോംസ്റ്റേകളിൽ മുനമ്പം പൊലീസ് പരിശോധന നടത്തി. അഞ്ചു ദിവസത്തോളം സ്ത്രീകളും കുട്ടികളുമടക്കം ഇവിടെ താമസിച്ചിട്ടുണ്ട്. 12ന് പുലർച്ചെ രണ്ടോടെ റിസോർട്ട് വിട്ടു. കടൽക്കര റിസോർട്ടിൽ നിന്ന് സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു.

മുനമ്പത്തുനിന്ന് ദയാമാത എന്ന ബോട്ട് തമിഴ്നാട് സ്വദേശി ഒരു കോടി രൂപയിലേറെ നൽകി വാങ്ങിയിരുന്നു. ബോട്ടിൽ 12,500 ലിറ്റർ ഡീസൽ നിറച്ചിട്ടുണ്ട്. 10 ലക്ഷം രൂപയോളം കൊടുത്തു. ബാക്കി 50,000 രൂപ ബാക്കി വാങ്ങിയിട്ടില്ല. കുടിവെള്ളം നിറയ്ക്കുന്ന അഞ്ചു ടാങ്കുകളും വാങ്ങിയതായി സൂചനയുണ്ട്. ബോട്ടിൽ കടന്നെങ്കിൽ ബാഗുകൾ ഉപേക്ഷിക്കാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കടൽയാത്ര ഉപേക്ഷിച്ചോയെന്നും സംശയമുണ്ട്. ബോട്ട് കെട്ടിയിരുന്ന മാല്യങ്കര കടവിൽ പുലർച്ചെ നാലോടെ ആൾപ്പെരുമാറ്റം കേട്ടതായി സമീപവാസികൾ പൊലീസിന് മൊഴി നൽകി. പുലർച്ചെ പഠിക്കാനെഴുന്നേറ്റ വിദ്യാർത്ഥി ആളുകളെ കണ്ടതായും പറയുന്നു.

2015 ൽ മുനമ്പത്തു നിന്ന് ശ്രീലങ്കൻ അഭയാർത്ഥികളെ ബോട്ടിൽ വിദേശത്തേക്ക് കടത്തിയതായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മനുഷ്യക്കടത്തെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എറണാകുളം റൂറൽ എസ്‌പി രാഹുൽ ആർ.നായർ പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഡിഷണൽ എസ്‌പി എം.ജെ.സോജൻ നേതൃത്വം നൽകും. തൃശ്ശൂർ ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.