കൊച്ചി: എറണാകുളം ജില്ലയുടെ തീരപ്രദേശമായ ചെറായിയിൽ കടൽത്തീരത്ത് അഞ്ച് ബാഗുകളും രണ്ട് സഞ്ചികളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഇത് സംബന്ധിച്ച് മുനമ്പം പൊലീസ് കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് സംശയിക്കുന്നുണ്ട്. ബാഗിൽ നിന്ന് തിരിച്ചറിയൽ രേഖകളൊന്നും ലഭിച്ചിട്ടില്ല. ബാഗുകളിലും സഞ്ചികളിലും വസ്ത്രങ്ങളും ഭക്ഷണ പാനീയങ്ങളുമാണ് ഉണ്ടായിരുന്നതെന്ന് മുനമ്പം പൊലീസിൽ നിന്നും വിവരം ലഭിച്ചു.

ഇന്ന് രാവിലെ ഇന്റലിജൻസ് ബ്യൂറോ വിഭാഗം കേസിന്റെ വിശദാംശങ്ങൾ തേടി. ഐബിയുടെ നിർദ്ദേശ പ്രകാരം കോസ്റ്റൽ പൊലീസ് കേസന്വേഷണം തുടങ്ങി. കോസ്റ്റൽ പൊലീസിന്റെ രണ്ട് ബോട്ടുകൾ പുറംകടലിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.

മുനമ്പത്ത് നിന്നും പെരിന്തൽമണ്ണയിൽ നിന്നും പോയവരായിരുന്നു ഇവർ. മുനമ്പത്ത് നിന്ന് പോയ ബോട്ടിൽ ഏഴ് പേരും പെരിന്തൽമണ്ണയിൽ നിന്ന് പോയ ബോട്ടിൽ 11 പേരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ പക്കൽ എല്ലാ തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നു. ഇവരെ മറൈൻ എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന് കൈമാറി.

അതേസമയം ശ്രീലങ്കൻ അഭയാർത്ഥികൾ ഓസ്ട്രേലിയയിലേക്ക് കടന്നതാകാമെന്ന് സംശയിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട അഞ്ച് ബാഗുകളും വലിയ ബാഗുകളാണെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് വിഭാഗം തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.