scorecardresearch
Latest News

ഇലന്തൂരില്‍ സംഭവിച്ചത് അതിപൈശാചികമായ കൊലപാതകങ്ങള്‍; ക്രൂരത വെളിപ്പെടുത്തി റിമാന്‍ഡ് റിപ്പോര്‍ട്ട്

പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവരെ രണ്ട് ആഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്

ഇലന്തൂരില്‍ സംഭവിച്ചത് അതിപൈശാചികമായ കൊലപാതകങ്ങള്‍; ക്രൂരത വെളിപ്പെടുത്തി റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊച്ചി: ഇലന്തൂരിലെ നരബലിയെന്ന് സംശയിക്കപ്പെടുന്ന ഇരട്ടക്കൊലപാതകത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ദേവീപ്രീതിക്ക് വേണ്ടിയാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പത്മയെ കൊലപ്പെടുത്തിയത് പ്രതികളായ ഷാഫിയും ലൈലയും ചേര്‍ന്നാണെന്നും ഒപ്പം കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീയായ റോസ്ലിയും ഉണ്ടായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ്ലിയെ കഴുത്തറത്താണ് കൊലപ്പെടുത്തിയത്. ശേഷം മ‍ൃതദേഹത്തിന്റെ മാറിടം പ്രതിയായ ഭഗവല്‍ സിങ് മുറിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവരെ രണ്ട് ആഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മൂവരേയും കാക്കാനാട് സബ് ജയിലിലേക്ക് മാറ്റി.

കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയാണെന്നും ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. സി സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ വഴിത്തിരിവായതെന്നും കമ്മിഷണർ പറഞ്ഞു.കടവന്ത്രയില്‍ താമസിച്ചിരുന്ന ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പത്മയെ ഷാഫി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സി സി ടി വി ദൃശങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.

ഇതിനു പിന്നാലെ ഷാഫിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് പദ്മത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇലന്തൂരിലെ ഭഗവൽ സിങ്-ലൈല ദമ്പതികളെ കണ്ടെത്തി ചോദ്യം ചെയ്തതാണ് കേസില്‍ നിര്‍ണായകമായതെന്നും കൊച്ചി കമ്മിഷണർ പറഞ്ഞു. ഷാഫി പോകാത്ത ഇടങ്ങളും ചെയ്യാത്ത ജോലികളുമില്ലെന്നു പൊലീസ് പറഞ്ഞു. പുത്തന്‍കുരിശില്‍ വയോധികയെ കൊലപ്പെടുത്തിയതും മദ്യപിച്ച് വാഹനം ഓടിക്കുന്നതുള്‍പ്പെടെ നേരത്തെ പത്തോളം കേസുകള്‍ ഷാഫിക്കെതിരെയുണ്ട്.

വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് മുഹമ്മദ് ഷാഫി ഇലന്തൂരിലെ ദമ്പതികളെ വലയില്‍ വീഴത്തിയത്. ‘നിങ്ങള്‍ക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടോ? ബന്ധപ്പെടൂ’ എന്ന സന്ദേശം ഇയാള്‍ തന്റെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നു. ഈ സന്ദേശം കണ്ട് വിളിക്കുന്നവരെയാണു പ്രതി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. സാമ്പത്തിക ലാഭം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ് ഷാഫിയുടേതെന്നും പൊലീസ് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Human sacrifice case remand report out accused remanded