scorecardresearch
Latest News

ഇലന്തൂരിലെ നരബലി: മുഹമ്മദ് ഷാഫി വയോധികയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി

2020 ഓഗസ്റ്റിലായിരുന്നു പീഡനം നടന്നത്

ഇലന്തൂരിലെ നരബലി: മുഹമ്മദ് ഷാഫി വയോധികയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി
കൊലപാതകം നടന്ന വീടും പരിസരവും പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

പത്തനംതിട്ട: ഇലന്തൂരില്‍ നരബലിയെന്ന് സംശയിക്കുന്ന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി റിപ്പോര്‍ട്ടുകള്‍. കോലഞ്ചേരിയില്‍ 75-കാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഷാഫിയാണെന്നാണ് ലഭിക്കുന്ന വിവരം. 2020 ഓഗസ്റ്റിലായിരുന്നു പീഡനം നടന്നത്. ഷാഫി വയോധികയായ സ്ത്രീയെ പരിക്കേല്‍പ്പിക്കുകയും ചെയ്തതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസ്തുത കേസില്‍ ജയിലിലായ ഷാഫി ഒരു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചു.

എറണാകുളം ജില്ലയില്‍ നിന്ന് രണ്ട് സത്രീകളെ കാണാതായ സംഭവത്തിലാണ് നരബലി നടന്നതായി സംശയിക്കപ്പെടുന്നത്. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയത്.

കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. സെപ്റ്റംപര്‍ 27 ന് കടവന്ത്രയില്‍ നിന്ന് കാണാതായ ലോട്ടറി വില്‍പനക്കാരിയായ പത്മക്കായുള്ള അന്വേഷണത്തിലാണ് കേസ് നരബലിയാണോ എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്.

നരബലിക്ക് പിന്നില്‍ ഷാഫി എന്ന റഷീദ് ആണെന്നാണ് പ്രാഥമികമായ നിഗമനം. ഇയാള്‍ ശ്രീദേവി എന്ന പേരില്‍ ഷാഫി ഫെയ്സ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവല്‍ സിങ്ങുമായും ലൈലയുമായും ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവല്‍ സിങ്ങുമായി ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു.

റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവല്‍ സിങ്ങിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചതാണ് കൊലപാതകങ്ങള്‍ക്ക് കാരണമായത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Human sacrifice case accused muhammad shafi involved in rape case