പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നടന്ന നരബലിയില്‍ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് ഷാഫി കുട്ടികളെയും വലയിലാക്കിയതായി കണ്ടെത്തല്‍. വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തുവെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി ഷാഫിക്ക് ഭഗവല്‍ സിങ്ങാണ് കാര്‍ വാങ്ങി നല്‍കിയത്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്.
ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു. പതിനാറാം വയസ്സ് മുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഷാഫി ആദ്യമായി കേസില്‍ കുടുങ്ങുന്നത് 2006 ലാണ്. നരബലിക്ക് മുന്‍പെടുത്തത് എട്ടു കേസുകളാണ്.
2006 ലാണ് ഷാഫിക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതു മോഷണക്കേസാണ്. പുത്തന്‍കുരിശില്‍ വൃദ്ധയെ പീഡിപ്പിച്ചശേഷം ക്രൂരമായി മുറിവേല്‍പ്പിച്ച കേസില്‍ ജയിലിലായിരുന്ന ഷാഫി പുറത്തിറങ്ങിയശേഷമാണ് നരബലി നടത്തുന്നത്. അതേസമയം രണ്ടാമത്തെ നരബലി നടത്തിയതിനു ശേഷവും ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും തിരുമ്മല്‍ ചികിത്സയ്ക്ക് പോയിരുന്നു. മലയാലപ്പുഴ സ്വദേശി ഷൈന്‍ സദാനന്ദന്റെ വീട്ടിലെത്തിയാണ് തിരുമ്മു ചികിത്സ നടത്തിയത്. സെപ്റ്റംബര്‍ 26 നായിരുന്നു ഷാഫിയും കൂട്ടുപ്രതികളും പത്മയെ കൊലപ്പെടുത്തുന്നത്. അതിന്റെ പിറ്റേന്ന് സെപ്റ്റംബര്‍ 27 ന് ഭഗവല്‍ സിങ്ങും ലൈലയും തിരുമ്മുചികിത്സയ്ക്കായി ഷൈനിന്റെ വീട്ടിലെത്തിയിരുന്നു.
കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. ‘ശ്രീദേവി’ എന്ന പേരിലുള്ള വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടാണ് വീണ്ടെടുത്തത്. മൂന്ന് വര്‍ഷത്തെ ചാറ്റുകള്‍ കണ്ടെടുത്തു. നൂറിലേറെ പേജുകള്‍ വരുന്ന സന്ദേശങ്ങള്‍ വിശദമായി പരിശോധിക്കും. മറ്റേതെങ്കിലും ദമ്പതികളെയും ഷാഫി വലയിലാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.