കൊച്ചി: നക്സലൈറ് നേതാവ് എ വർഗ്ഗീസിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതല്ലെന്നും അദ്ദേഹം കൊള്ളക്കാരനും കൊലപാതകിയുമാണെന്നും കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ നടപടി അത്യന്തം അപലപനീയമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ.വർഗ്ഗീസിന്റെ സഹോദരങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ ഈ നിലപാട് വിശദീകരിച്ചത്.

നിസ്വാർത്ഥമായി ആദിവാസികൾക്കുവേണ്ടി പ്രവർത്തിച്ച വർഗീസിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുന്പോൾ അദ്ദേഹത്തിന്റെ പേരിൽ ഒരു സെന്റ് സ്ഥലമോ ഒരു രൂപ ബാങ്ക് ബാലൻസോ ഇല്ലായിരുന്നു. ഇന്ന് അദ്ദേഹത്തെ കൊളളക്കാരനും കൊലപാതകിയും ആക്കുന്ന ഭരണാധികാരികൾ ഇക്കാര്യം ഓർമ്മിക്കണമെന്ന് പി യു സി എൽ​ സംസ്ഥാന ജനറൽസെക്രട്ട​റി അഡ്വ. പി എ. പൗരൻ അഭിപ്രായപ്പെട്ടു. വളരെ ദുഃഖകരമായ വസ്തുതായാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. സി പി ഐയുടെയും മുസ്ലിംലിഗീന്റെയും കാലത്ത് നടന്ന ഗൂഢാലോചനയുടെ തുടർച്ചായാണ് കേരളത്തിലെ പൊലീസ് ഇന്നും നടപ്പാക്കുന്നത്. ആദിവാസികളുടെ ഇടയിൽ അടിയോരുടെ പെരുമൻ എന്നറിയപ്പെട്ട നേതാവിനെയാണ് ഇടതുപക്ഷമെന്ന് പേരിൽ അധികാരത്തിലിരിക്കുന്നവർ​ ഇങ്ങന്നെ പറയുന്ന് എന്നത് ദുഃഖകരമാണ്. എൽ ഡി എഫിന്റെ നയത്തിനും പ്രത്യയശാസ്ത്രത്തിനും എതിരാണ് ഈ​ സത്യവാങ്മൂലമെന്ന് അദ്ദേഹം പറഞ്ഞു. കൊടുംകുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശ്രമിക്കുന്ന സർക്കാരാണ് നിസ്വാർത്ഥനായ രാഷ്ട്രീയ പ്രവർത്തകനെ കൊലപാതകിയും കൊളളക്കാരനുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നത് ജനാധിപത്യ മര്യാദകളെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

IG lakshmana, a varghese,

വർഗീസിനെ കൊലപ്പെടുത്തിയ കേസിൽ ലക്ഷ്‌മണ സി ബി ഐ കോടതിയിൽ​ഹാജരായപ്പോൾ (ഫയൽ ചിത്ര)

തന്റെ ഭാഗം വിശദീകരിക്കാനുള്ള അവകാശം നിഷേധിക്കപ്പടുകയും നിയമബാഹ്യ കൊലയ്ക്ക് ഇരയാവുകയും ചെയ്ത ഒരു മനുഷ്യനാണ് വർഗീസ്. അദ്ദേഹത്തോട് ആവർത്തിക്കുന്ന അന്യായത്തിന്റെയും അനീതിയുടെയും ജനാധിപത്യ വിരുദ്ധതയുടെയും പ്രഖ്യാപനമാണ് ഹൈക്കോടതിയിൽ സർക്കാർ ബോധിപ്പിച്ചിട്ടുള്ള സത്യവാങ്മൂലമെന്ന് ജനാധിപത്യ മനുഷ്യാവകാശ പ്രസ്ഥാനം ജനറൽസെക്രട്ടറി അഡ്വ. തുഷാർ നിർമ്മൽ സാരഥി അഭിപ്രായപ്പെട്ടു.

നാൽപ്പത്തിയാറ്‌ വർഷങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടും വ്യാജ ഏറ്റുമുട്ടൽ കൊല അരങ്ങേറിയിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേരളത്തിലെ ആദ്യത്തെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിനിരയായ വർഗ്ഗീസിനെ കൊടും കുറ്റവാളിയായി ചിത്രീകരിച്ചുകൊണ്ട് അദ്ദേഹത്തെ കൊലപ്പെടുത്തിയ പോലീസ് നടപടിയെ ന്യായീകരിക്കാൻ സർക്കാർ ശ്രമിക്കുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിട്ടുള്ളത്. മർദ്ദിതരുടെ ബലപ്രയോഗത്തെ കുറ്റകൃത്യവത്ക്കരിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. ജനകീയ ജനാധിപത്യ വിപ്ലവം ലക്‌ഷ്യം വെക്കുന്ന സി.പി.എം പോളിറ്റ്ബ്യുറോ അംഗം ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് ഇത്തരം ഒരു സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. വർഗ്ഗീസ് കൊടും കുറ്റവാളിയാണെന്ന് വാദിക്കുമ്പോൾ ബലപ്രയോഗത്തിന്റെ രാഷ്ട്രീയത്തെ പൂർണ്ണമായും തള്ളിക്കളയുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ സി.പി.എം തയ്യാറാകണം.

വിചാരണ കോടതിയുടെ വിധി അന്തിമമല്ലെന്നും സുപ്രീം കോടതിയിൽ തന്നെ ശിക്ഷിച്ചതിനെതിരെ ലക്ഷ്മണ നൽകിയ ഹർജ്ജി നിലനിൽക്കുകയാണെന്നും കാണിച്ച് വർഗ്ഗീസിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണെന്ന് ന്യായീകരിക്കാൻ ശ്രമിക്കുകയാണ്  കേരള സർക്കാർ. എന്നാൽ വിചാരണ പോലും നടത്തപ്പെടാത്ത കുറ്റാരോപണങ്ങളുടെ പേരിലാണ് വർഗ്ഗീസിനെ കൊടും കുറ്റവാളിയും പിടിച്ചുപറിക്കാരനുമായി ചിത്രീകരിക്കുന്നത്.നിയമവാഴ്ച്ച ഉറപ്പു വരുത്താൻ ബാധ്യതയുള്ള ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒട്ടുംയോജിക്കാത്ത ഒരു നടപടിയാണ് കേരള സർക്കാരിന്റേത്. വർഗ്ഗീസിനെ കുപ്രസിദ്ധനായ കൊടുംകുറ്റവാളിയും പിടിച്ചുപറിക്കാരനുമായി ചിത്രീകരിച്ചുകൊണ്ട് അദ്ദേഹത്തെ കൊലപ്പെടുത്തിയ പോലീസ് നടപടിയെ ന്യായീകരിച്ച സർക്കാർ നിലപാട് അപലനീയമാണ്. ഇത് തീരുത്താൻ സർക്കാർ തയ്യാറാകണമെന്ന്  ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.