തിരുവനന്തപുരം: പൊന്നാനി ചങ്ങരംകുളം നരണിപ്പുഴയിൽ വള്ളം മുങ്ങി ആറ് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ജില്ല കളക്ടറോടും ജില്ല പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.
മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. ഇന്ന് ഉച്ചകഴിഞ്ഞാണ് മലപ്പുറം ചങ്ങരംകുളത്ത് ബന്ധുക്കളായ ആറ് പേർ തോണി വാടകയ്ക്ക് എടുത്ത് നരണിപ്പുഴയിൽ ബണ്ട് തകർന്നത് കാണാൻ പുറപ്പെട്ടത്. എന്നാൽ തോണി മറിഞ്ഞ് വള്ളം തുഴഞ്ഞിരുന്ന വേലായുധൻ(55) ഒഴികെ മറ്റെല്ലാവരും മരിച്ചു.
ക്രിസ്മസ് അവധിക്ക് കുടുംബ വീട്ടിൽ ഒത്തുകൂടിയ ബന്ധുക്കളായ കുട്ടികളാണ് മരിച്ചതെന്നാണ് വിവരം. ആറ് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. വൈഷ്ണവ് (20), അഭിലാഷ് (13), ജനീഷ (14), പ്രസീന (14), മിന്നു(14) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളുടെ പേര് ലഭ്യമായിട്ടില്ല. വേലായുധനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോയി. എല്ലാവരും മാപ്പാനിക്കൽ കുടുംബാംഗങ്ങളാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.