തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ്. കസ്റ്റഡി മരണത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി നിയമം അറിയാതെയാകും കമ്മീഷനെ വിമര്‍ശിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നും അത് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത കമ്മീഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം പൊലീസിനാണെന്നും ആരോപണ വിധേയനായ ഒരാളെ പൊലീസിന് പരിശീലനം നല്‍കാന്‍ ചുമതലപ്പെടുത്തിയതിലെ പൊരുത്തക്കേടിനെയാണ് ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയത്തെക്കാള്‍ നല്ലത് ജുഡീഷ്യറി ആണെന്ന് മനസിലാക്കി രാഷ്ട്രീയം ഉപേക്ഷിച്ച് വന്നയാളാണ് താനെന്നും ഒരു രാഷ്ട്രീയകക്ഷിയോടും തനിക്ക് മമതയില്ലെന്നും അദ്ദേഹം പറഞ്ഞു. എജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസിലാകുമായിരുന്നെന്ന് മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ആ പണി എടുത്താല്‍ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന കമ്മീഷന്‍ ചെയര്‍മാന്‍ പി.മോഹനദാസിന്റെ നിര്‍ദേശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആരോപണവിധേയനായ എസ്‌പി എ.വി.ജോര്‍ജിനെ പൊലീസ് അക്കാദമിയിലേക്കു മാറ്റിയതിനെയും മോഹനദാസ് വിമര്‍ശിച്ചിരുന്നു.

കമ്മിഷന്റെ ചുമതലയുളളയാള്‍ രാഷ്ട്രീയ നിലപാടു വച്ച് അഭിപ്രായം പറയരുത്. തീരുമാനമെടുക്കുമ്പോള്‍ മനുഷ്യാവകാശ കമ്മിഷനിലെ പദവിയിലാണെന്ന ഓര്‍മ വേണമെന്നും അതില്‍ മുന്‍ രാഷ്ട്രീയ നിലപാടു വരരുതെന്നുമാണ് പിണറായി പറഞ്ഞത്. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെപ്പോലെ എന്തും വിളിച്ചു പറയാനുള്ള മാനസികാവസ്ഥയിലുള്ളവരാണു സമൂഹമാധ്യമങ്ങളില്‍ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മനുഷ്യാവകാശ കമ്മിഷനെ വിമര്‍ശിച്ച് മുഖ്യമന്ത്രിക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കാന്‍ പാടില്ലെന്നും അങ്ങനെയെങ്കില്‍ ആ സ്ഥാനം രാജിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോകുന്നതാണ് നല്ലതെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെയാണ് കോടിയേരിയും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ വിമര്‍ശിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.