തിരുവനന്തപുരം: ജഡ്ജിയുടെ കാർ തങ്ങളുടെ വാഹനത്തിൽ ഉരസിയത് ചോദ്യം ചെയ്തതിന് കൈക്കുഞ്ഞുൾപ്പെടെയുള്ള ആറംഗ കുടുംബത്തിനെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി തടഞ്ഞു വച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നും മൂന്ന് ആഴ്ചകൾക്കകം റിപ്പോർട്ട് നൽകണമെന്നും എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഒരു പകല്‍ മുഴുവന്‍ കുടുംബത്തെ ആലുവ പോലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു. കൂടാതെ ആലുവ, കൊരട്ടി, ചാലക്കുടി പോലീസ് സ്‌റ്റേഷനുകളില്‍ മാറിമാറി കൊണ്ടുപോയി അവഹേളിക്കുകയും ചെയ്തു.

ജഡ്ജിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പോലീസ് ഇത്തരത്തില്‍ പെരുമാറിയതെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. അതേസമയം വൈകിട്ട് ഒരു പെറ്റിക്കേസ് പോലുമെടുക്കാതെ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. ദേശീയപാതയില്‍ കൊരട്ടി ചിറങ്ങരയിലുണ്ടായ സംഭവത്തിനാണ് ഇവരെ മൂന്ന് പോലീസ് സ്‌റ്റേഷനുകളില്‍ കയറിയിറക്കിയത്. ഡ്രൈവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് സ്ത്രീകളെയോ കുട്ടികളെയോ സ്‌റ്റേഷനില്‍ കൊണ്ടുപോകരുതെന്ന് കുടുംബം സഞ്ചരിക്കുന്ന വാഹനം പെറ്റിക്കേസില്‍പ്പെട്ടാല്‍ തടഞ്ഞുവയ്ക്കരുതെന്നും ഡിജിപിയുടെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഈ കുടുംബത്തിന് ഈ പീഡനം അനുഭവിക്കേണ്ടി വന്നത്.

പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്നും ഇന്നലെ രാവിലെ കൊച്ചിയിലേക്ക് പുറപ്പെട്ടതാണ് പുതുപ്പറമ്പില്‍ നിധിന്‍, വൃക്കരോഗിയായ പിതാവ് തോമസ്, മാതാവ് ലിസി, സഹോദരി നീതു, ഭാര്യ അഞ്ജു, രണ്ട് വയസ്സുള്ള മകള്‍ ജോവാന എന്നിവര്‍. ഒമ്പതരയോടെ കൊരട്ടി ചറങ്ങരയിലെത്തിയപ്പോള്‍ ഒരേദിശയില്‍ പോകുകയായിരുന്ന ജഡ്ജിയുടെ വാഹനം ഇവരുടെ കാറിനെ മറികടക്കുകയും ഇടതുവശത്തെ കണ്ണാടിയില്‍ തട്ടുകയും ചെയ്‌തെന്നാണ് നിധിന്‍ പറയുന്നത്. ജഡ്ജിയുടെ കാര്‍ നിര്‍ത്താതെ പോയെങ്കിലും ചിറങ്ങരയില്‍ ട്രാഫിക് സിഗ്നലില്‍ കുടുങ്ങുകയും ചെയ്തു.

ദൃക്‌സാക്ഷികളായ ചില ബൈക്ക് യാത്രക്കാരും സ്വകാര്യ ബസ് ജീവനക്കാരും ജഡ്ജിയുടെ ഡ്രൈവറെ ചോദ്യം ചെയ്തു. ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചെന്നാണ് നിധിന്‍ ആരോപിക്കുന്നത്. ഈസമയം അത്രയും ജഡ്ജി കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നതല്ലാതെ പുറത്തിറങ്ങിയില്ല. ഹൈവേ പോലീസ് എത്തിയിട്ട് തീരുമാനിക്കാമെന്ന് നിധിന്‍ പറഞ്ഞതോടെ ഡ്രൈവര്‍ കാറുമായി കടന്നുകളഞ്ഞു. എന്നാല്‍ തോട്ടയ്ക്കാട്ടുകരയില്‍ എത്തിയപ്പോള്‍ നിധിന്റെ കാര്‍ ആലുവ ട്രാഫിക് പോലീസ് നാടകീയമായി തടയുകയായിരുന്നു.

ജഡ്ജിയുടെ കാറില്‍ നിധിന്റെ കാര്‍ ഇടിച്ചുവെന്ന് ആരോപിച്ച് ആലുവ ട്രാഫിക് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. വാഹനത്തിന്റെ രേഖകളുടെ പകര്‍പ്പുകള്‍ എല്ലാം വാങ്ങിയ ശേഷം പന്ത്രണ്ടരയായപ്പോള്‍ ചാലക്കുടിയിലേക്ക് അയച്ചു. ചാലക്കുടി സിഐയെ കാണാനായിരുന്നു നിര്‍ദ്ദേശം. വിശപ്പും ദാഹവുമായി ഏറെ നേരം കാത്തിരുന്നിട്ടും സിഐ എത്തിയില്ലെന്നും നിധിന്‍ വ്യക്തമാക്കി. വൃക്കരോഗിയായ തോമസ് ഇതിനിടെ അവശനിലയിലായി. അതോടെ എസ്‌ഐയെ കണ്ടാല്‍ മതിയെന്ന് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ എസ്‌ഐയും സ്ഥലത്തുണ്ടായിരുന്നില്ല.

കൊരട്ടി സ്‌റ്റേഷനില്‍ വൈകിട്ട് അഞ്ച് മണിവരെ കാത്തുനിര്‍ത്തിയ ശേഷമാണ് നിധിനെയും കുടുംബത്തെയും വിട്ടയച്ചത്. എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്ന് മൂന്ന് സ്‌റ്റേഷനുകളിലും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിടിച്ചു നിര്‍ത്താനാണ് പറഞ്ഞതെന്നും വിട്ടയയ്ക്കാന്‍ പറയുമ്പോള്‍ വിട്ടയയ്ക്കുമെന്നും പോലീസ് പറഞ്ഞതായും നിധിന്‍ അറിയിച്ചു.

അതേസമയം ചാലക്കുടി പോലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കാറും അതിലുണ്ടായിരുന്നവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ആലുവ പോലീസ് പറയുന്നു. എന്നാല്‍ ജഡ്ജിയുടെ കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്നും അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ഫോണ്‍ വിളിച്ച് പറഞ്ഞതനുസരിച്ചാണ് കാര്‍ പിടികൂടാന്‍ മറ്റ് സ്റ്റേഷനുകളിലേക്ക് സന്ദേശം നല്‍കിയതെന്നാണ് ചാലക്കുടി പോലീസിന്റെ വിശദീകരണം. രേഖാമൂലം പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും പറഞ്ഞതിനാല്‍ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നെന്ന് കൊരട്ടി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ