കോട്ടയം: ഹാദിയയെ പുറത്തുകടക്കാന്‍ അനുവദിക്കാതെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിവാഹം റദ്ദാക്കി കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് ഉത്തരവിട്ടു. യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനപൂര്‍വം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കില്‍ ഗൗരവമുള്ളതാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിരീക്ഷണം. വിശദമായ അന്വേഷണം അനിവാര്യമാണെന്ന് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. കോട്ടയം ജില്ലാ പോലീസ് മേധാവിയെയാണ് കമ്മീഷന്‍ അന്വേഷണ ചുമതല ഏല്‍പിച്ചിരിക്കുന്നത്.

ഹൈകോടതി ഉത്തരവി​​ന്റെ പേരിൽ ഹാദിയയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തുക്കളെ കാണാനോ ഇഷ്​ടപ്പെട്ട മതത്തിൽ വിശ്വസിക്കാനോ മാതാപിതാക്കൾ സമ്മതിക്കുന്നില്ല. കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിൽ ഓണസമ്മാനവുമായെത്തിയ കൂട്ടുകാരികളെ ഹാദിയയെ കാണാൻ പൊലീസ് അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ മാതാപിതാക്കളും പൊലീസും ചേർന്ന് ഹാദിയക്ക് നിഷേധിക്കുകയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പരാതിയിൽ പറയുന്നു. കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കമീഷൻ അംഗം കെ. മോഹൻകുമാർ ഇനി കേസ്​ പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ