മലപ്പുറം: എൽഡിഎഫിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരില്‍ പാർട്ടി പ്രവർത്തകർക്കെതിരെ നടപടി ആവശ്യമില്ലെന്നു എം.കെ.മുനീര്‍ എംഎൽഎ. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മുനീർ പറഞ്ഞു.

മനുഷ്യശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദം ആക്കേണ്ടതില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുക്കുന്നത്. യുഡിഎഫിന്റെ കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാർട്ടിക്കാരും പങ്കെടുത്തിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also: ഒത്തുതീർപ്പ് ചർച്ച പരാജയം; വിലക്ക് പിൻവലിക്കില്ലെന്ന് നിർമാതാക്കൾ

എൽഡിഎഫിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.പി.എ.മജീദ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മുനീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വിശദീകരണം. മനുഷ്യ മഹാ ശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.പി.എ.മജീദ് പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് ഇപ്പോള്‍ അറിയില്ല. പ്രാദേശി നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മജീദ് തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്നലെ നടന്ന മനുഷ്യ മഹാ ശൃംഖലയിൽ ലക്ഷകണക്കിനു ആളുകളാണ് പങ്കെടുത്തത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയായിരുന്നു മനുഷ്യ മഹാ ശൃംഖല. 620 കിലോമീറ്ററാണ് മനുഷ്യ മഹാ ശൃംഖല. 3.30-ന് കാസർഗോഡ് നിന്ന്‌ റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സൽ നടന്നു. നാലിന്‌ പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന്‌ പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി. മതമേലധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ നേതാക്കളും ശൃംഖലയിൽ കണ്ണികളായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.