തൊടുപുഴ: വെളുത്ത വര്‍ണം പൂശി മിടുക്കിയായ ഇടുക്കി ഡാമിനെ കാണാന്‍ സഞ്ചാരികളുടെ പ്രവാഹം. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 24 മുതലാണ് തുറന്ന് നൽകിയത്. സെപ്റ്റംബര്‍ 15 വരെയാണ് ഇടുക്കി- ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഓണത്തിന്റെ അവധി ദിവസങ്ങളായതോടെ ഇടുക്കി- ചെറുതോണി ഡാമുകള്‍ കാണാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്.

ഞായറാഴ്ച വൈകുന്നേരം വരെ 9156 മുതിര്‍ന്നവരും 651 കുട്ടികളുമാണ് ഡാം കാണാനെത്തിയത്. വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രാവിലെ പത്ത് മണി മുതൽ അഞ്ച് മണിവരെയാണ് പ്രവേശനം അനുവദിക്കുക. ചെറുതോണി ഡാമിന് സമീപമാണ് പ്രവേശന ടിക്കറ്റ് ലഭിക്കുന്ന കൗണ്ടർ

പ്രവേശന കൗണ്ടറില്‍ നിന്നു പാസെടുക്കുന്ന സഞ്ചാരികള്‍ക്കു ചെറുതോണി ഡാമിനു മുകളിലൂടെ നടന്ന് ഇടുക്കി ആര്‍ച്ചു ഡാമും ചുറ്റിക്കാണാനുള്ള അവസരം ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

cheruthoni dam, idukki dam, kseb,

ചെറുതോണി ഡാം

പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കുമായി ഡാമിനു മുകളിലൂടെയുള്ള സഞ്ചാരത്തിന് ബഗ്ഗി കാര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 50 രൂപയാണ് ഇതിനുള്ള ടിക്കറ്റ് നിരക്ക്.

വൈദ്യുതി വകുപ്പിനു കീഴിലുള്ള ഡാം സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനംവകുപ്പിന്റ നേതൃത്വത്തില്‍ ഡാമിനുള്ളില്‍ ബോട്ടിംഗിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണളുടെ ഭാഗമായി ക്യാമറ, മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ എന്നിവ ഡാമിനുള്ളിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കാന്‍ ക്ലോക്ക് റൂം സൗകര്യവും ഡാം സേഫ്റ്റി വിഭാഗം ക്രമീകരിച്ചിട്ടുണ്ട്. ചൂടു കൂടുമ്പോള്‍ ഡാമിലെ മര്‍ദം കൂടുന്നതു പരിഹരിക്കാൻ കെസ്‌ഇബി ഡാം സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടുക്കി ആര്‍ച്ച് ഡാമിന് വെള്ള പെയിന്റ് അടിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ