തിരുവനന്തപുരം: ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും മ്യാന്മറിൽ നിന്നുളള റോഹിങ്ക്യൻ അഭയാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് പലായനം ചെയ്യുന്നതായി റയിൽവേയുടെ സംശയം. ചെന്നൈയിലെ ചീഫ് സെക്യുരിറ്റി കമ്മിഷണറുടെ പേരിലുളള കത്താണ് ഇത് സംബന്ധിച്ച വിവരം ഉൾക്കൊളളിച്ചിരിക്കുന്നത്. നേരത്തെ തന്നെ കേരളത്തിൽ റോഹിങ്ക്യൻ അഭയാർത്ഥികൾ വന്നിട്ടുണ്ട്. എന്നാൽ ഇത് വളരെയധികം അഭയാർത്ഥികൾ വരുന്നുവെന്നതാണ് സൂചിപ്പിക്കുന്നത്.
രണ്ട്ദിവസം മുൻപ് ഉളള തിയതിയിലാണ് കത്ത് എഴുതിയിരിക്കുന്നത് . കേരളത്തിലെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സിനും റെയിൽവെ പൊലീസിനുമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
“ഈ കത്ത് ആർപിഎഫിന്റെ കേരളത്തിലെ മേധാവികൾക്ക് അയച്ചതാണ്. ഇന്റലിജൻസ് വിഭാഗങ്ങൾ തമ്മിലുളള ആശയവിനിമയത്തിനാണ് കത്തയച്ചത്. എന്നാൽ ഏത് വിധേനയോ ഇത് പുറത്തായി. ആരാണ് പുറത്തുവിട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം കത്ത് ആർപിഎഫ് വിഭാഗം തെറ്റാണെന്ന് പറഞ്ഞിട്ടുമില്ല,” പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട്, റെയിൽവെയിലെ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സംഘങ്ങളായി കുടുംബസമേതം റോഹിങ്ക്യൻ അഭയാർത്ഥികൾ കേരളത്തിലേക്ക് പുറപ്പെടുന്നതെന്നാണ് പറയുന്നത്.കേരളത്തിലേയ്ക്ക് വരുന്ന 14 ട്രെയിനുകളിലായാണ് ഇവർ അവിടെ നിന്നും പലായനം ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്.
ദേശീയ സുരക്ഷയുടെ ഭാഗമാണ് റോഹിങ്ക്യൻ അഭയാർത്ഥികളുടെ സാന്നിദ്ധ്യമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുളള ഇവരുടെ കടന്നുകയറ്റം ഏറെ പ്രാധാന്യത്തോടെ നോക്കിക്കാണണമെന്നുമാണ് കത്തിൽ പറയുന്നത്. അഭയാർത്ഥികളെ കുറിച്ചുളള വിവരങ്ങൾ പ്രാദേശിക പൊലീസിനെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ പ്രതികരിക്കാൻ തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ തയ്യറായില്ല. “എനിക്ക് ഈ വിഷയത്തിൽ പ്രതികരിക്കാൻ സാധിക്കില്ല,” എന്നായിരുന്നു തിരുവനന്തപുരം ഡിവിഷണൽ സെക്യുരിറ്റി കമ്മിഷണർ രാമകൃഷ്ണന്റെ മറുപടി.
അതേസമയം റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സിന് ഇത്തരമൊരു സന്ദേശം ലഭിച്ചതായി കേരള പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കേരള പൊലീസ് ഇൻഫർമേഷൻ സെന്ററിൽ നിന്നും വിവരം ലഭിച്ചു. ഈ കത്തുമായി ബന്ധപ്പെട്ട് ആർപിഎഫ് സ്ഥിതിഗതികൾ പരിശോധിച്ചുവരുന്നതായി ഇൻഫർമേഷൻ സെന്ററിലെ ജീവനക്കാർ വിശദീകരിച്ചു. ഇതുവരെ നടപടികൾ കൈക്കൊളളാൻ പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും എന്നാൽ പൊലീസും സ്ഥിതിഗതികൾ പരിശോധിച്ച് വരുന്നതായുമാണ് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിന് ലഭിച്ച ഔദ്യോഗിക വിശദീകരണം.