കൊച്ചി: മലയാളികളുടെ ഇഷ്ട മത്സ്യമാണ് മത്തി അഥവാ ചാള. ഇതിന്റെ ലഭ്യത കുറയുന്നുവെന്നത് ആദ്യമായി കേൾക്കുന്ന കാര്യമല്ല. പക്ഷെ 2017 ൽ മത്തി നല്ല അളവിൽ ലഭിച്ചിരുന്നു. പക്ഷെ ഇനി വരും വർഷങ്ങളിൽ ഈ മട്ടിൽ മത്തി കിട്ടില്ലെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. എൽനിനോ ചുഴലിക്കൊടുങ്കാറ്റിന്റെ അനന്തര ഫലമായാണ് ഈ തരത്തിൽ മത്തിയുടെ ലഭ്യത കുറയുന്നത്. എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം. 
 
മത്തിയുടെ ഉൽപാദനത്തിൽ കഴിഞ്ഞ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കി. സിഎംഎഫ്ആർഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗമാണ് പഠനം നടത്തിയത്. കേരളത്തിൽ റെക്കോർഡ് അളവിൽ മത്തി ലഭിച്ച വർഷം 2012 ആയിരുന്നു. പക്ഷെ എൽ നിനോയുടെ വരവോടെ പിന്നീടുളള ഓരോ വർഷങ്ങളിലും ഗണ്യമായ കുറവുണ്ടായി. എൽനിനോ 2015ൽ തീവ്രതയിലെത്തി. തുടർന്ന് 2016ൽ മത്തിയുടെ ലഭ്യത വൻതോതിൽ കുറഞ്ഞു.

എന്നാൽ 2016 ൽ എൽനിനോയുടെ ശക്തി കുറഞ്ഞതോടെ 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായി. പക്ഷെ എൽനിനോ വീണ്ടും 2018ൽ സജീവമായി. ഇതോടെ മത്തിയുടെ ഉൽപാദനത്തിൽ മാന്ദ്യം അനുഭവപ്പെട്ടു. വരും നാളുകളിൽ എൽനിനോ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് രാജ്യാന്തര ഏജൻസിയായ അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസഫറിക് അഡ്മിനിസ്‌ട്രേഷൻ ഡിസംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

എൽനിനോ ശക്തിയാർജ്ജിക്കുന്നതോടെ 2019ൽ താപനിലയിൽ വർധനവുണ്ടാകും. ലോക കാലാവസ്ഥാ സംഘടനയും ദേശീയ കാലാവസ്ഥാ വകുപ്പും ഇക്കാര്യം (ഐഎംഡി) പ്രസ്താവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വരും വർഷങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടായേക്കുമെന്ന് സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകുന്നത്. 

എൽനിനോയെ തുടർന്ന് കേരള തീരത്തെ മത്തിയിൽ, 2015-16 കാലത്ത് വളർച്ചാ മുരടിപ്പും പ്രജനന പരാജയവും സംഭവിച്ചിരുന്നുവെന്ന് സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം.അബ്ദുസ്സമദ് പറഞ്ഞു. കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ വരെ മത്തിയുടെ പ്രജനനത്തെ ബാധിക്കും. ഇന്ത്യൻ തീരങ്ങളിൽ, എൽനിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അതുകൊണ്ട് തന്നെ, മത്തിയുടെ ഉൽപാദനത്തിൽ ഏറ്റവും കൂടുതൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നതും ഇവിടെയാണ്. എൽനിനോ കാലത്ത് കേരള തീരങ്ങളിൽ നിന്നും മത്തി ചെറിയ തോതിൽ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായും കണ്ടെത്തി.  മത്തിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്ന പഠനഗ്രന്ഥം സിഎംഎഫ്ആർഐ ഉടൻ പുറത്തിറക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.