/indian-express-malayalam/media/media_files/uploads/2018/04/Manhole-Arun-George.jpg)
കോവളം: 'ബാൻഡികൂട്ട്' എന്ന റോബോട്ട് അടുത്തിടെ വാർത്തകളിലെ താരമായിരുന്നു. മാന്‍ഹോള്‍ വൃത്തിയാക്കാന്‍ മനുഷ്യനു പകരമെത്തിയ യന്ത്രമനുഷ്യൻ വീണ്ടും താരമാകുകയാണ്. കോവളത്തു നടക്കുന്ന 'ഹഡില്‍ കേരള' എന്ന സ്റ്റാര്‍ട്ടപ്പ് കോൺക്ലേവിലാണ് ജെന്റോബോട്ടിക്‌സ് കമ്പനിയുടെ സഹസ്ഥാപകന്‍ അരുണ്‍ ജോര്‍ജ് ബാൻഡികൂട്ടുമായി എത്തിയത്. ബാന്‍ഡികൂട്ടിനെക്കുറിച്ച് അരുണ്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നതിങ്ങനെ:
'കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന സമയത്ത് ഞങ്ങളാരും ഒട്ടും സന്തോഷത്തിലല്ലായിരുന്നു. ഞങ്ങളുടെ കഴിവുകള്‍ തിരിച്ചറിയപ്പെടുന്നില്ലെന്ന തോന്നല്‍ വല്ലാതെ അലട്ടുന്നുണ്ടായുരന്നു. ഒരു സ്റ്റാര്‍ട്ട് അപ്പ് എന്നത് എക്കാലത്തേയും സ്വപ്‌നമായുരന്നു,' കുറ്റിപ്പുറത്തെ എംഇഎസ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എഞ്ചിനിയറിങില്‍ ബിരുദം നേടിയ അരുണിന്റെ വാക്കുകള്‍.
/indian-express-malayalam/media/media_files/uploads/2018/04/Bandicoot.jpg)
2015ലായിരുന്നു അത്. അന്ന് അരുണും സുഹൃത്തുക്കളും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുജോലിക്കാര്‍ മരിച്ചവിവരം വാര്‍ത്തയിലൂടെയാണ് അവര്‍ അറിയുന്നത്. അന്ന് മനസ്സില്‍ ഉദിച്ച ആശയമാണ്. സമൂഹത്തിലെ പല ദുരവസ്ഥകള്‍ക്കും എതിരെ പൊരുതാന്‍ ടെക്‌നോളജി ഒരു ആയുധമാക്കാമെന്ന ആശയം പഠിക്കുന്ന കാലം തൊട്ടേ ഇവരുടെ മനസിലുണ്ടായിരുന്നു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. എല്ലാവരും ജോലി രാജിവച്ചു. അവിടെയായിരുന്നു ജെന്‍ റോബോട്ടിക്‌സിന്റെ ആരംഭം. മാന്‍ഹോള്‍ വൃത്തിയാക്കുന്നവരെ കൃത്യമായി നിരീക്ഷിച്ച് ആ ജോലിയെക്കുറിച്ചും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും കൂടുതല്‍ പഠിച്ചു.
'ഞങ്ങള്‍ എഞ്ചിനീയര്‍മാരാണ്. ഞങ്ങള്‍ക്കറിയാമായിരുന്നു ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന്. ടെക്‌നോപാര്‍ക്കില്‍ രാപ്പകലില്ലാതെ ഞങ്ങള്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു,' അരുണ്‍ പറയുന്നു.
അങ്ങിനെയാണ് ബാന്‍ഡികൂട്ട് ഉണ്ടാകുന്നത്. ഇതൊരു ഓട്ടോമാറ്റിക് റോബോട്ടാണ്. പത്തുമീറ്റര്‍ ആഴത്തില്‍ വരെ തനിയേ ഇറങ്ങി വൃത്തിയാക്കാന്‍ ബാന്‍ഡികൂട്ടിന് സാധിക്കും. കേരള ഇന്നവേഷന്‍ ഗ്രാന്റ് നല്‍കിയ ഫണ്ടിന്റെ സഹായത്തോടെ ഒമ്പതുമാസംകൊണ്ടാണ് ഇത് നിര്‍മ്മിച്ചത്. കാന്തിക വിദ്യ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മാന്‍ഹോള്‍ വൃത്തിയാക്കിയതിന് ശേഷം റോബോട്ടിന് സ്വയം വൃത്തിയാകാനുള്ള സംവിധാനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2018/04/cats-6.jpg)
ഇരുപതു മിനിട്ടിനുള്ളില്‍ ബാന്‍ഡികൂട്ടിന് ഒരു മാന്‍ഹോള്‍ വൃത്തിയാക്കാന്‍ സാധിക്കുമെന്നാണ് അരുണ്‍ ജോര്‍ജ് അവകാശപ്പെടുന്നത്. അതായത്, ഒരുമനുഷ്യന്‍ എടുക്കന്നതിനെക്കാള്‍ എത്രയോ കുറഞ്ഞ സമയം. മനുഷ്യര്‍ തന്നെയാണ് ഇത് പ്രവര്‍ത്തിപ്പിക്കുക. അതിനാല്‍ ജോലി നഷ്ടവും ഭയക്കേണ്ട.
ഈ വര്‍ഷം തുടക്കത്തില്‍ കേരള ഗവണ്‍മെന്റ് ഇവരുടെ സംരംഭത്തിന് പച്ചക്കൊടി കാണിക്കുകയും ആദ്യ ബന്‍ഡികൂട്ട് വാങ്ങിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്ന തൊഴിലാളികളെ സഹായിക്കാനായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഈ നീക്കം. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ബന്‍ഡികൂട്ട് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ കേരളത്തിലെത്തിയ തമിഴ് ദളിത് നേതാക്കൾ, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട്, ബാൻഡികൂട്ടിന് പച്ചക്കൊടി കാണിച്ച സർക്കാരിനെ അഭിനന്ദിച്ചിരുന്നു. ഗംഗാനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം ആവശ്യപ്പെട്ടുകൊണ്ട് അരുണിനും സുഹൃത്തുക്കള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ മാസം അവസാനം ഇവര്‍ ബീഹാറിലേക്കു പോകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഭാഗമാകാനാണ് സംഘത്തിന്റെ യാത്ര.
ആദ്യ ബാന്‍ഡികൂട്ട് നിര്‍മ്മിക്കാന്‍ പത്തു ലക്ഷം രൂപ ചെലവായെന്നാണ് അരുണ്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ എണ്ണം ഒരുമിച്ച് നിര്‍മ്മിക്കുകയാണെങ്കില്‍ അത്രയും ചെലവ് വരില്ലെന്നും ഇവര്‍ വ്യക്തമാക്കി. സ്വച്ഛ് ഭാരത് അഭിയാന്‍ ഉള്‍പ്പെടെയുള്ള പ്രൊജക്ടുകളില്‍ അരുണിന്റെയും സുഹൃത്തുക്കളുടേയും ഈ കണ്ടുപിടിത്തം ഉപയോഗപ്പെടുത്താനാകുമെന്നാണ് കരുതുന്നത്.
'നിലവില്‍ ഇതെങ്ങനെയാണ് ഉപയോഗിക്കുക എന്ന് ജോലിക്കാരെ പരിശീലിപ്പിക്കുയാണ് ഞങ്ങള്‍. നല്ല അഭിപ്രായമാണ് അവരില്‍ നിന്നും ലഭിക്കുന്നത്. നേരത്തേ അവര്‍ ഓവുചാലുകള്‍ വൃത്തിയാക്കുന്നവരായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിന്റെ ഓപ്പറേറ്റേഴ്‌സ് ആയി. സമൂഹത്തില്‍ അവരുടെ പദവി ഉയരുന്നതു കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്,' അരുണ്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.