തിരുവനന്തപുരം: പ്രകൃതി ദുരന്തംമൂലം ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ തിങ്കളാഴ്ച (13.08.2018) നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ 17ാം തീയതിയിലേക്ക് മാറ്റി. അന്നേദിവസം ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ രണ്ടുമണിക്കാവും ആരംഭിക്കുക. രാവിലത്തെ പരീക്ഷയുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയില്‍ ഏഴ് ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പ്രഖ്യാപനം.

ഏറ്റവും കൂടുതല്‍ മഴക്കെടുതി നേരിടുന്ന വയനാട്, ഇടുക്കി ജില്ലകളില്‍ ഓഗസ്റ്റ് 14 വരെയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓഗസ്റ്റ് 13 വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളില്‍ ഓഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കും.

സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണെന്ന് കളക്ടര്‍ അറിയിച്ചു. പറവൂര്‍ താലൂക്കില്‍ പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിലും വയനാടും മഴ തുടരുകയാണ്. മഴ തുടരുകയാണെങ്കില്‍ വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ നാലില്‍ മൂന്ന് ഷട്ടറുകളും മുപ്പത് സെന്റീമിറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുളളത്. അതേസമയം, പരിഭ്രാന്തരാകേണ്ടതില്ലെന്നും അതികൃതര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ