കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷക കോളനിയിലെ മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തല്‍. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചനയുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു പോസ്റ്റ്മോര്‍ട്ടം നടന്നത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.
ഇന്നലെ രാത്രിയായിരുന്നു മനോഹരന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണത്. ഇരുമ്പനം പാലത്തിനു സമീപം കര്‍ഷക കോളനിയിലെ ഇടറോഡില്‍ വച്ചാണ് വാഹനപരിശോധനയ്ക്കിടെ ഹില്‍ പാലസ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കൈ കാണിച്ചയുടന്‍ വാഹനം നിര്‍ത്താതെ അല്‍പം മുന്നോട്ടു മാറിയാണു മനോഹരന്‍ ബൈക്ക് നിര്‍ത്തിയത്. സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരന്‍ കുഴഞ്ഞു വീണതായാണ് റിപ്പോര്‍ട്ട്. മനോഹരനെ ഉടന്‍ തന്നെ കൊച്ചി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു.
സംഭവത്തില്‍ ഹില്‍ പാലസ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി ജോസിനെ സസ്പെന്‍ഡ് ചെയ്തു. മനോഹരനെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി പോലീസ് കമീഷണര്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.