മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനകാലം ആരംഭിച്ചതോടെ ശരണം വിളികളാല്‍ മുഖരിതമായിരിക്കുകയാണു ശബരിമലയും പമ്പയും പരിസരമേഖലകളും. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മുതലാണ് തീര്‍ത്ഥാടകരെ നിലയ്ക്കലില്‍നിന്ന് കടത്തിവിട്ടു തുടങ്ങിയത്. വെര്‍ച്വല്‍ ക്യൂ വഴിയാണു ഇത്തവണ അയ്യപ്പദര്ശനമൊരുക്കുന്നത്.
ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജാ മഹോത്സവം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. അന്നു മുതല്‍ ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം. ജനുവരി 19 വരെ ഭക്തരെ പ്രവേശിപ്പിക്കും. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിംബര്‍ 22നും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന മകരവിളക്ക് ദിനമായ ജനുവരി 14 ന് വൈകിട്ട് 6.30 നും നടക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ളവര്ക്കു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ഭക്തര്‍ എത്തുന്ന തീര്‍ഥാടന കേന്ദ്രമാണു ശബരിമല. പൊതുവാഹനങ്ങള്‍ക്കു പുറമെ സ്വകാര്യ വാഹനങ്ങളിലും ട്രെയിന്‍, വിമാന മാര്‍ഗങ്ങളിലും എത്തുന്ന തീര്‍ഥാടകര്‍ യഥേഷ്ടം. റോഡ്, റെയില്‍, വിമാന മാര്‍ഗങ്ങളില്‍ ശബരിമലയിലേക്ക് എത്തിച്ചേരാവുന്ന വഴികള്‍ പരിശോധിക്കാം.
റോഡ് മാര്‍ഗം ശബരിമലയിലെത്തുന്നത് എങ്ങനെ?
ശബരിമലയിലേക്കു പ്രധാനമായും എരുമേലി, വണ്ടിപ്പെരിയാര്‍, ചാലക്കയം എന്നീ മൂന്നു പാതകളാണുള്ളത്.
കോട്ടയത്തുന്നിന്ന് 56 കിലോ മീറ്ററാണ് എരുമേലിയ്ക്ക്. എരുമേലി വഴി രണ്ടു പാതകളാണ് ശബരിമലയ്ക്കുള്ളത്. മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപ്പിലാവ്, കണമല വഴി 46 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വാഹനഗതാഗത യോഗ്യമായ പാതയാണ് ഒന്ന്. മറ്റൊന്നു കാനനപാതയും.
കുന്നും മലയും താണ്ടിയുള്ള അറുപതോളം കിലോമീറ്റര്‍ വരുന്ന കാനനപാതയിലെ സഞ്ചാരം അതീവ ദുഷ്കരമാണ്. എരുമേലിയില്‍നിന്ന് പേരൂര്‍ത്തോട്, കോട്ടപ്പടി, കാളകെട്ടി, അഴുതമേട്, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, പമ്പ, നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴിയാണു സഞ്ചരിക്കേണ്ടത്. മഴ ശക്തമായ സാഹചര്യത്തില്‍ കാനന പാതയിലൂടെയുള്ള യാത്രയ്ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയം – കുമളി പാതയില്നിന്നാണു വണ്ടിപ്പെരിയാര്‍ റൂട്ട് ആരംഭിക്കുന്നത്. ഇവിടെനിന്ന് ഏതാണ്ട് 13 കിലോമീറ്റര്‍ അകലെയാണ് സന്നിധാനം. പമ്പാനദിക്കു സമീപമുള്ള ചാലക്കയം റൂട്ടാണ് ഏറ്റവും എളുപ്പമുള്ളത്. ഇവിടെനിന്നു സന്നിധാനത്തേക്ക് എട്ടു കിലോ മീറ്റര്‍ മാത്രമാണുള്ളത്.
അയ്യപ്പഭക്തരില്‍ ഭൂരിഭാഗവും റോഡ് മാര്‍ഗമാണ് ശബരിമലയിലെത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളില്‍നിന്നും കെ എസ് ആര് ടി സി ശബരിമല സര്‍വിസ് നടത്തുന്നുണ്ട്. ഇതിനു പുറമെ കോയമ്പത്തൂര്‍, പഴനി, തെങ്കാശി എന്നിവിടങ്ങളില്‍നിന്നും കെ എസ് ആര് ടി സി സര്‍വിസുകളുണ്ട്. കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ ബസുകള്‍ക്കും ശബരിമല സര്‍വിസിന് അനുമതിയുണ്ട്. നിലയ്ക്കല്‍ മുതൽ പമ്പ വരെ കെ എസ് ആര് ടി സിയുടെ ചെയിന്‍ സര്‍വിസ് ബസുകളില്‍ സഞ്ചരിച്ചശേഷം തീര്‍ഥാടകര്‍ക്കു പതിനെട്ടാം പടി കയറാം.
പമ്പയിലേക്ക് 231 ബസുകളാണ് കെ എസ് ആർ ടി സി പൂൾ ചെയ്തിരിക്കുന്നത്. പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, കുമളി, എരുമേലി എന്നീ സ്പെഷല്‍ സെന്ററുകളില്‍ കൂടുതല്‍ ബസുകള്‍ പൂള് ചെയ്തിട്ടുണ്ട്. നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിന് മാത്രം 120 ബസുകളുണ്ട്. ഓരോ പത്ത് മിനിട്ടിലും ചെയിന്‍ സര്‍വീസ് ഉണ്ടാകും. എസിക്ക് 80 രൂപ, നോണ്‍ എ സിയ്ക്ക് 50 രൂപയുമായിരിക്കും എന്ന പഴയ നിരക്കാണ് ഇത്തവണയും.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് അങ്കമാലി വഴി മൂവാറ്റുപുഴ-കോട്ടയം പാതയിലൂടെ ശബരിമലയിലെത്താം. തൃശൂരില്‍നിന്ന് ഏകദേശം 166 കിലോമീറ്ററാണു ദൂരം.
കര്ണാടകയില്നിന്നുള്ളവര്ക്കു കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പ്രവേശിച്ച് തുടര്‍ന്ന് അങ്കമാലി വഴി മൂവാറ്റുപുഴ-കോട്ടയം പാതയിലൂടെ ശബരിമലയിയിലേക്കു സഞ്ചരിക്കാം. തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കു കോയമ്പത്തൂര്‍ അല്ലെങ്കില്‍ ഗൂഡല്ലൂര്‍ വഴി തൃശൂരിലെത്തി ഇതേ പാതയിലേക്കു കയറാം.
എറണാകുളത്തുനിന്ന് സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്കു തൃപ്പൂണിത്തുറ, വൈക്കം, പാല, എരുമേലി വഴി പമ്പയിലേക്കു എത്താം. 130 കിലോ മീറ്ററോളമാണു ദൂരം. തൃപ്പൂണിത്തുറ, വൈക്കം, പാല, കോട്ടയം, കാഞ്ഞിരപ്പള്ളി വഴിയുള്ള 165 കിലോ മീറ്റര്‍ വരുന്ന മറ്റൊരു റൂട്ടുമുണ്ട്. എറണാകുളം-തൃപ്പൂണിത്തുറ-പിറവം-പാല-പൊന്‍കുന്നം-കാഞ്ഞിരപ്പള്ളി-എരുമേലി വഴിയാണു കെ എസ് ആര് ടി സി ബസ് സര്‍വിസ് റൂട്ട്.
ആലപ്പുഴയില്നിന്നുള്ളവര്ക്കു ചങ്ങനാശേരി-എരുമേലി വഴി റോഡ് മാര്‍ഗം സഞ്ചരിച്ച് ശബരിമലയിലെത്താം.
തിരുവനന്തപുരം ഭാഗത്തുനിന്നു കൊട്ടാരക്കര, അടൂര്‍ വഴി ശബരിമലയിലെത്താം. തിരുന്നല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി മേഖലകളില്‍നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് എളുപ്പമുള്ള മാര്‍ഗം കൂടിയാണിത്.
തമിഴ്നാടില്നിന്നുള്ളവര്ക്കു മധുരയിലൂടെ ഇടുക്കി ജില്ലയിലെ കുമളിയില്‍ പ്രവേശിച്ച് വണ്ടിപ്പെരിയാര്‍-എരുമേലി-പ്ലാപ്പള്ളി റൂട്ടില്‍ 86 കിലോ മീറ്റര്‍ സഞ്ചരിച്ച് ശബരിമലയിലെത്താം.
തിരുവനന്തപുരത്തുനിന്ന് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല വഴിയും ശബരിമലയ്ക്കു സഞ്ചരിക്കാം.
ട്രെയിനില്‍ എങ്ങനെ എത്താം?
ശബരിമലയിലേക്കു ട്രെയിന്‍ മാര്‍ഗം എത്താന്‍ നിലവില്‍ നേരിട്ടു പാതയില്ല. കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. 90 കിലോ മീറ്ററാണ് ഈ സ്റ്റേഷനുകളില്‍നിന്ന് ശബരിമലയിലേക്കുള്ള ദൂരം.
കോട്ടയം വഴിയുള്ള ട്രെയിനുകളില്‍ കോട്ടയത്തോ തിരുവല്ലയോ ചെങ്ങന്നൂരോ ഇറങ്ങി റോഡ് മാര്‍ഗം ശബരിമലയിലേക്ക് എത്താം.
വടക്കുഭാഗത്തുനിന്ന്, എറണാകുളം വരെ സര്‍വിസ് നടത്തുന്ന ട്രെയിനുകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു തുടര്‍ന്നു റോഡ് മാര്‍ഗം ശബരിമലയിലേക്കു സഞ്ചരിക്കാം. അല്ലെങ്കില്‍ എറണാകുളത്തുനിന്നുള്ള കോട്ടയം വഴിയുള്ള ട്രെയിനുകളില്‍ മാറിക്കയറി കോട്ടയത്തോ ചെങ്ങന്നൂരോ ഇറങ്ങി റോഡ് മാര്‍ഗം ശബരിമലയിലേക്കു പോകാം.
വടക്കുഭാഗത്തുനിന്ന് ആലപ്പുഴ വഴി പോകുന്ന ട്രെയിനുകളിൽ എറണാകുളത്ത് എത്തുന്നവർക്കും ഇതേ മാർഗം സ്വീകരിക്കാം.
തിരുവനന്തപുരം ഭാഗത്തുനിന്നു വരുന്നവര്‍ക്കു തിരുവല്ലയോ ചെങ്ങന്നൂരോ ഇറങ്ങി റോഡ് മാര്‍ഗം ശബരിമലയിലെത്തുന്നതാണ് ഉചിതമായ വഴി.
തിരുവനന്തപുരം ഭാഗത്തുനിന്ന് ആലപ്പുഴ വഴി വരുന്ന ട്രെയിനുകളിൽ കായംകുളം ഇറങ്ങി കോട്ടയം വഴിയുള്ള ട്രെയിനിൽ മാറിക്കയറിയോ റോഡ് മാർഗം അടൂര്‍ വഴിയോ ശബരിമലയിലെത്താം.
ആലപ്പുഴയില്‍ സ്റ്റേഷനില്‍നിന്ന് ചങ്ങനാശേരി, എരുമേലി വഴി റോഡ് മാര്‍ഗവും ശബരിമലയിലെത്താം.
വിമാന മാര്‍ഗം
കൊച്ചിയും തിരുവനന്തപുരവുമാണ് ഏറ്റവം അടുത്തുള്ള വിമാനത്താവളങ്ങള്‍. കൊച്ചി വിമാനത്താവളത്തില്‍നിന്ന് 120 കിലോ മീറ്ററും തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 127 കിലോ മീറ്ററും റോഡ് മാര്‍ഗം സഞ്ചരിച്ച് ശബരിമലയിലെത്താം.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്
തിങ്കളാഴ്ച വൈകിട്ടാണ് മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയാണു തീര്‍ഥാടകര്‍ക്കു പ്രവേശനം. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ സ്പോട്ട് വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനമുണ്ടാകും.
ദര്‍ശനത്തിന് എത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈയില്‍ കരുതണം. ഒറിജിനല്‍ ആധാര്‍കാര്‍ഡും കരുതണം. നിലയ്ക്കലില്‍ കോവിഡ്-19 പരിശോധനയ്ക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്.
പമ്പയില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. പമ്പാ നദിയില്‍ ഈ സീസണില്‍ സ്നാനം അനുവദിച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സ്നാനത്തിന് അനുമതിയില്ല.
ഭക്തര്‍ക്കു പമ്പയിലും സന്നിധാനത്തും താമസ സൗകര്യം ഉണ്ടാവില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ പമ്പയിലേക്കു മടങ്ങണം. പമ്പയില്‍നിന്ന് ശബരിമല കയറേണ്ടതും ഇറങ്ങേണ്ടതും സ്വാമി അയ്യപ്പന് റോഡ് വഴിയാണ്.
നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് അന്നദാനം നല്‍കും. ഭക്തര്‍ക്കു നെയ്യഭിഷേകം നടത്താനുള്ള സംവിധാനം ഇക്കുറി ഉണ്ടാവില്ല. പകരം ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകത്തിനായി കൊണ്ടുപോകും.
അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റു പ്രസാദങ്ങളും ദേവസ്വത്തിന്റെ പ്രത്യേക കൗണ്ടറുകള്‍ വഴി ലഭ്യമാക്കും. അപ്പം, അരവണ പ്രസാദം എന്നിവ സന്നിധാനത്തുനിന്ന് വാങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
24 മണിക്കൂറും ആരോഗ്യ സേവനം
പമ്പ മുതല്‍ സന്നിധാനം വരെ സ്വാമി അയ്യപ്പന് റോഡിന്റെ വിവിധ പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും സജ്ജമാക്കിയിട്ടുണ്ട്. മലകയറ്റത്തിനിടയില്‍ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഉടന്‍ തൊട്ടടുത്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടണം. തളര്‍ച്ച അനുഭവപ്പെടുന്നവർക്കു വിശ്രമിക്കുവാനും ഓക്സിജന്‍ ശ്വസിക്കുവാനും പ്രഥമ ശുശ്രൂഷയ്ക്കും രക്തസമ്മർദം നോക്കാനുമുള്ള സംവിധാനം ഇവിടെയുണ്ട്.
ഹൃദയാഘാതം വരുന്നവര്‍ക്കായി ആട്ടോമേറ്റഡ് എക്സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന് റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടുകൂടിയ ഡിസ്പെന്‍സറികള്‍ സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്ത് അടിയന്തര ഓപ്പറേഷന് തിയറ്ററും വെന്റിലേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. പമ്പയിലും വെന്റിലേറ്റർ സംവിധാനമുണ്ട്.
തീര്‍ഥാടകര്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ശബരിമല വാര്‍ഡ് ആരംഭിച്ചു. 18 കിടക്കകളും നാല് ഐ സി യു കിടക്കകളുമാണ് വാർഡിൽ സജീകരിച്ചിരിക്കുന്നത്. അഞ്ച് സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അറ്റന്‍ഡർമാര്‍ ഉള്‍പ്പെടെ ഉണ്ടാകും. കാത്ത് ലാബ്, ലബോറട്ടറി പരിശോധനകള്‍, സി.ടി ഉള്‍പ്പടെയുള്ള മറ്റ് പരിശോധനകള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാകും. അടിയന്തര ഘട്ടത്തില്‍ തീര്‍ഥാടകര്‍ക്കുള്ള ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മഴസമയത്തെ മലകയറ്റം പ്രത്യേകം ശ്രദ്ധിക്കണം
- രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കണം
- വായും മൂക്കും മൂടുന്ന വിധം മാസ്ക് ധരിക്കുക. സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തരുത്
- ഉപയോഗിച്ച മാസ്ക്, പാഴ്വസ്തുക്കള്, പ്ലാസ്റ്റിക് എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്
- ഇടയ്ക്കിടെ കൈ വൃത്തിയാക്കണം. സാനിറ്റൈസര്‍ കരുതണം. വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പര്‍ശിക്കരുത്
- പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനം ഒഴിവാക്കുക
- മൂന്നു മാസത്തിനകം കോവിഡ് വന്നവര്‍ക്കു മല കയറുമ്പോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ തീര്‍ഥാടനത്തിനു മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ പള്‍മണോളജി, കാര്‍ഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്
- ശുദ്ധജലം മാത്രമേ കുടിക്കാന്‍ പാടുള്ളൂ
പൊലീസിന്റെ നിര്‍ദേശങ്ങള്‍
- തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. തുടർന്ന് കെ എസ് ആർ ര്‍ ടി സിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വിസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാം.
- സന്നിധാനത്തേക്കു പോകാതെ ഡ്രൈവർമാർ വാഹനങ്ങളില്‍ തങ്ങുകയാണെങ്കിൽ അത്തരം നാലു ചക്ര വാഹനങ്ങളിൽ സ്വാമിമാര്‍ക്കു പമ്പയില്‍ ഇറങ്ങാം. ഡ്രൈവര്‍ വാഹനം തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യണം.
- പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന് നടത്തും. പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പന് റോഡ് മാത്രം ഉപയോഗിക്കണം
- പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കാനോ തങ്ങാനോ അനുവാദമില്ല. പമ്പ ഗണപതി കോവിലിനു താഴെയുള്ള പന്തളം രാജ പ്രതിനിധിയുടെ മണ്ഡപത്തിനടുത്തുനിന്നു ലഭിക്കുന്ന ടാഗ് കുട്ടികളുടെ കൈയില്‍ കെട്ടണം
- കൃത്രിമ തിക്കും തിരക്കും ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മോഷണമുണ്ടാകാതെ സൂക്ഷിക്കണം. അയ്യപ്പ ഭക്തരുടെ തോള് സഞ്ചിയില്‍ വിലപിടിപ്പുള്ള വസ്തുക്കളോ പണമോ സൂക്ഷിക്കരുത്. അമിത തിരക്കുണ്ടാകുമ്പോള്‍ ബാഗുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.