Property/Land Deeds: ആധാരം നഷ്ടപ്പെട്ടാൽ അതിന്റെ സർട്ടിഫൈഡ് കോപ്പി രജിസ്ട്രാർ ഓഫീസിൽ നിന്ന് എടുക്കാം. ആധാരം രജിസ്റ്റർ ചെയ്ത തിയ്യതിയും നമ്പരും കയ്യിലുണ്ടെങ്കിൽ നടപടികൾ കുറച്ചുകൂടി വേഗത്തിൽ പൂർത്തിയാകും.

മിക്ക ജില്ലകളിലെയും  രജിസ്ട്രാർ ഓഫീസുകളിൽ 1992 ജനുവരി 1 മുതലുള്ള ആധാരങ്ങളുടെ ഡിജിറ്റൽ പതിപ്പ് കമ്പ്യൂട്ടറിൽ എന്റർ ചെയ്തിട്ടുണ്ട്. പഴയ ആധാരമാണെങ്കിൽ പേരിന്റെ ആദ്യാക്ഷരം വച്ചും വില്ലേജ്,​ അംശം, ദേശം എന്നിവ വച്ചും പരിശോധിക്കാൻ റെക്കോർഡ് ബുക്കുമുണ്ട്.

How do I get a copy of a property record: അപേക്ഷിക്കേണ്ടതെങ്ങനെ?

” ബന്ധപ്പെട്ട രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകുകയാണ് ആദ്യം വേണ്ടത്. അപേക്ഷ ഫോം //keralaregistration.gov.in/ എന്ന വെബ്‌സെെറ്റിൽ ലഭിക്കും. ഈ അപേക്ഷ ഫോം പൂരിപ്പിച്ച് രജിസ്ട്രാർ ഓഫീസിൽ ഏൽപ്പിക്കുക. സാധാരണഗതിയിൽ മൂന്നു ദിവസമാണ് ഇതിനെടുക്കുന്ന കാലതാമസമെങ്കിലും നിലവിലെ സാഹചര്യത്തിൽ അപേക്ഷകൾ കൂടുതൽ വരുമ്പോൾ അതിന്റേതായ താമസമുണ്ടാകാൻ സാധ്യതയുണ്ട്,” മട്ടാഞ്ചേരിയിൽ ആധാരമെഴുത്തുകാരനായ സി. എസ് പങ്കജാക്ഷൻ പറഞ്ഞു.

നിലവിൽ, 50 രൂപയുടെ മുദ്രപത്രത്തിലാണ് സർട്ടിഫൈഡ് കോപ്പി ലഭിക്കുക. 310 രൂപ ഫീസ് ഈടാക്കാറുണ്ട്, ലീഗൽ പേപ്പറിന്റെ വിലയും നൽകേണ്ടി വരും. എന്നാൽ, പ്രളയബാധിത പ്രദേശങ്ങളിൽ മുദ്രപത്രത്തിന്റെ തുകയും ഫീസും ഒഴിവാക്കി നഷ്ടപ്പെട്ടവർക്ക് രേഖകൾ തിരിച്ചുകിട്ടാനുള്ള സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. നികുതി വകുപ്പിൽ നിന്നും ഉത്തരവ് ലഭിച്ചാൽ ഈ സേവനം സൗജന്യമാവും. ഈ മാസം അവസാനത്തോടു ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രജിസ്‌ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ.

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള  രജിസ്റ്റാർ ഓഫീസുകളിൽ ആധാരവുമായി ബന്ധപ്പെട്ട രേഖകൾ സുരക്ഷിതമാണെന്നും രജിസ്‌ട്രേഷൻ വകുപ്പ് കെെകാര്യം ചെയ്യുന്ന മന്ത്രി ജി. സുധാകരന്റെ ഓഫീസ് അറിയിച്ചു.  പത്തനംത്തിട്ട ജില്ലയിലെ പെരിനാട് സബ് രജിസ്ട്രാർ ഓഫീസിലും എറണാകുളം ആലങ്ങാട് സബ് രജിസ്ട്രാർ ഓഫീസിലുമാണ് വെള്ളപ്പൊക്കം മൂലം  നിലവിൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. എന്നാൽ, ഈ രണ്ട് സബ് രജിസ്ട്രാർ ഓഫീസുകളിലും 90 ശതമാനം  രേഖകളും വീണ്ടെടുക്കാവുന്നതേയുള്ളൂവെന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പികൾ പല ബാങ്കുകളും തള്ളികളഞ്ഞ സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ടതിനാൽ,  ഈ സർട്ടിഫെെഡ് കോപ്പികളുടെ സാധ്യത സർക്കാർ ഉറപ്പു വരുത്തേണ്ടി വരും.

രേഖകൾ ഡിജിറ്റൈസ് ചെയ്ത് സുരക്ഷിതമാക്കാം

പ്രളായനന്തരം, പുതിയൊരു കേരളം പടുത്തുയർത്താനുള്ള ശ്രമത്തിലാണ് സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും. പുതിയ തുടക്കത്തിൽ ഡിജിറ്റൽ സാധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തി മുന്നേറാൻ ശ്രമിച്ചാൽ, ഇതുപോലുള്ള സാഹചര്യങ്ങളിൽ  നമ്മുടെ വിലപ്പെട്ട രേഖകളെ ഒരു പരിധിവരെ സംരക്ഷിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ആധാരങ്ങളും രേഖകളും മറ്റും ഡിജിറ്റൈസ്   ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി കൺതുറപ്പിച്ചുകൊണ്ടാണ് ഈ പ്രളയക്കെടുതി നമ്മെ കടന്നു പോയത്. ആധാരത്തിന്റെയും മറ്റു രേഖകളുടെയും ഡിജിറ്റൽ ഇമേജ് പകർപ്പുകൾ ഇ-ഫയൽ ചെയ്തു സൂക്ഷിക്കുന്നത് അവ നഷ്ടപ്പെട്ടാലും എളുപ്പത്തിൽ വീണ്ടെടുക്കാൻ സഹായകരമാകും. വിലപ്പിടിച്ച രേഖകൾ, സെൻട്രൽ സർവ്വറിൽ ഡിജിറ്റൽ ഡാറ്റ ബാങ്കിൽ ശേഖരിച്ചുവെയ്ക്കുന്നത് രേഖകൾ മാനുവലായി സൂക്ഷിക്കുന്നതിനേക്കാളും സുരക്ഷിതമാവും. സർട്ടിഫിക്കറ്റുകൾ പതിച്ചു നൽകുമ്പോൾ തന്നെ, സമാന്തരമായി അവ സ്കാൻ ചെയ്ത് ഡിജിറ്റൽ മെമ്മറിയിലേക്ക് മാറ്റുന്ന ഒരു സിസ്റ്റം കൂടി കൊണ്ടുവന്ന്, രേഖകൾ ഡിജിറ്റൈസ്  ചെയ്യാം.

നിലവിൽ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെല്ലാം ഡോക്യുമെന്റുകൾ ഡിജിറ്റൈസ്  ചെയ്യുന്ന സിസ്റ്റം നിലവിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.