കൊച്ചി: ‘സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ 2020’ നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പുതുക്കൽ നടപടികൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കാനും തെറ്റുകൾ തിരുത്താനും അവസരം ഉണ്ടാകും. ഇതോടൊപ്പം ഫോട്ടോ മേൽവിലാസം എന്നിവയും ഈ കാലയളവിൽ മാറ്റം വരുത്താനും അവസരമുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് തിരുത്തലുകൾ വരുത്തേണ്ടത്. ഈ മാസം 16 മുതൽ സെപ്റ്റംബർ 30 വരെയാണ് ഇതിനുള്ള അവസരം. പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) സെപ്റ്റംബർ 1 മുതൽ 30 വരെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ഇതിനായി ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് ഇവർക്ക് പ്രത്യേക വേതനവും ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ടാംഘട്ടത്തിൽ 2020 ജനുവരി 1 ന് 18 വയസ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഇതിന് ഒക്ടോബർ 15 മുതൽ ജനുവരി 15 വരെ അവസരമുണ്ട്. ഇതിനായി അക്ഷയ സെന്ററുകളിലും ഓൺലൈൻ വഴിയും താലൂക്ക് തല ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയുമുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. നടപടി ക്രമങ്ങളുടെ ഭാഗമായി ഒക്ടോബർ 15 ന് കരട് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും.

2020 ജനുവരി 15 ന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും. കൂടാതെ 1500 വോട്ടർമാരിൽ കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകൾ വിഭജിക്കുന്നതും പ്രവർത്തനം പ്രയാസകരമായ പോളിംഗ് സ്റ്റേഷനുകൾ മാറ്റി സ്ഥാപിക്കുന്നതുമടക്കമുള്ള കാര്യങ്ങളും ഇതോടൊപ്പം തീരുമാനിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.