scorecardresearch

​ഗപ്പി ഒരു ചെറിയ മീനല്ല; അലങ്കാരമത്സ്യങ്ങൾ വള‌ർത്തുന്നവ‍ർ അറിയാൻ

വീടുകളിൽ അലങ്കാരമത്സ്യങ്ങളെ വളർത്തുന്നവർ നിരവധിയാണ്. കൗതുകം അവസാനിക്കുമ്പോൾ ജലാശയങ്ങളിലും മറ്റും തുറന്ന് വിടുന്ന ഈ മത്സ്യങ്ങൾ സൃഷ്ടിക്കുന്ന വിപത്തുകൾ പലതാണ്

​ഗപ്പി ഒരു ചെറിയ മീനല്ല; അലങ്കാരമത്സ്യങ്ങൾ വള‌ർത്തുന്നവ‍ർ അറിയാൻ

പല വീടുകളിലും ചെറിയ ബൗളുകളിലെങ്കിലും അലങ്കാരമത്സ്യങ്ങളെ വളർത്താറുണ്ട്.സ്വർണനിറമുള്ള ഗോൾഡ് ഫിഷിനെയും ഏയ്ഞ്ചെലിനെയുമൊക്കെ ആർക്കാണ് ഇഷ്ടമാകാത്തത്. കുഞ്ഞൻ ഗപ്പിയും ഫൈറ്റർ ഫിഷുമൊക്കെ കുട്ടികൾക്കും പ്രിയപ്പെട്ടതായി മാറി.

കോവിഡ് ലോക്ഡൗണിൽ വീട്ടിൽപ്പെട്ടുപോയവർ സമയം ചെലവഴിക്കാനായി ചെറിയ അക്വേറിയങ്ങളിൽ അലങ്കാരമത്സ്യങ്ങളെ വളർത്തിത്തുടങ്ങിയിരുന്നു. മീനുകളെ കണ്ട് രസം പിടിച്ചവർ അൽപം വിശാലമായി ടെറസിന്റെ മുകളിൽ പടുതാക്കുളങ്ങളും മറ്റും ഉണ്ടാക്കി വിൽപനയ്ക്ക് പറ്റുന്ന രീതിയിൽ അവയെ വളർത്താൻ തുടങ്ങി. ലോക്ഡൗൺ കഴിഞ്ഞ് ഓഫിസുകളും സ്കൂളുകളും കോളജുകളും തുറന്നതോടെ അവയെ നോക്കാൻ ആളില്ലാതായി.

തീറ്റ കൊടുക്കാനും, വെള്ളം മാറാനും വീട്ടുകാർക്ക് സമയം കിട്ടാതെവന്നതോടെ മീനുകളുടെ കാര്യവും കഷ്ടത്തിലായി. അതോടെ പലരും ഈ മീനുകളെ മറ്റു ജലാശയങ്ങളിൽ തുറന്നുവിടാൻ തുടങ്ങി. മീനുകൾ കുഴപ്പമില്ലാതെ ജീവിക്കുമല്ലോ എന്ന് കരുതിയാണ് പലരും അങ്ങനെ ചെയ്യുന്നത്. ജലാശയങ്ങളിൽ എത്തുന്ന ഇത്തരം മത്സ്യങ്ങൾ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് ധാരണയില്ലാതെയാണ് പലരും ഇവയെ തുറന്നുവിടുന്നത്. ജലാശയങ്ങളിൽ എത്തുന്ന അലങ്കാരമത്സ്യങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അറിയാം.

15 ഇനം മീനുകളും അക്വേറിയത്തിൽ നിന്നാണ് മറ്റു ജലാശയങ്ങളിൽ എത്തുന്നത്. മറ്റു ചിലതിനെ കൊതുകുകളെ തുരത്താനായി ജലാശയങ്ങളിലേക്ക് തുറന്നു വിടാറുണ്ട്. എന്നാൽ​ ഈ മീനുകൾ അവിടെ പെറ്റുപെരുകി ജലാശയത്തിലെ ജീവജാലങ്ങൾക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

ഇത്തരത്തിൽ വിദേശത്ത്നിന്നു വന്ന ജീവജാലങ്ങളിൽ പരിസ്ഥിതിയിൽ മാറ്റം വരുത്തുന്ന 32 ഇനങ്ങൾ ഉണ്ടെന്ന് കേരള സർവകലാശാല തിരുവനന്തപുരവും കേരള ഫിഷറീസ് സർവകലാശാലയും (കുഫോസ്) ചേർന്ന് 2021ൽ നടത്തിയ ‘ഡിസ്ട്രീബ്യൂഷൻ ഓഫ് ഏലിയൻ ഇൻവേസീവ് സ്പീഷീസ് ഇൻ അക്വാട്ടിക് ഇക്കോസിസ്റ്റംസ് ഓഫ് ദ് സൗത്തേൺ വെസ്റ്റേൺ ഗാട്ട്സ്, ഇന്ത്യ’ എന്ന പഠനറിപ്പോർട്ടിൽ പറയുന്നു.

സ്മൃതി രാജ്, പ്രണവ് പ്രകാശ്, രാജേഷ് രഘുനാഥ്, ജോസിൻ സി, രാജീവ് രാഘവൻ, എ.ബിജു കുമാർ എന്നിവ‍ർ ചേർന്ന് തയാറാക്കിയ പഠനറിപ്പോർട്ടാണിത്. ഇതിൽ നാല് ചെടികളും 28 മീനുകളും ഉൾപ്പെടുന്നു. ഇതിൽ 7 മീനുകളാണ് അധിനിവേശ (invasive) സ്വഭാവം കാണിക്കുന്നത്.

അക്വാകൾച്ച‌ർ

അക്വാകൾച്ചർ (ജലകൃഷി) ഇന്ന് ലോകത്ത് വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു ഉൽപാദന മേഖലയാണ്. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) കണക്കനുസരിച്ച് കൃഷി നടത്തുന്നവരുടെ എണ്ണം വർധിച്ചതായി ഡോ.വി.എസ്.ബഷീർ പറയുന്നു. ദ് പെനിൻസുലാർ ആൻഡ് മറൈൻ ഫിഷ് ജെനറ്റിക് റിസോർസസ് സെന്റർ പ്രിൻസിപ്പൽ സയന്റ്റിസ്റ്റാണ് ഡോ.വി.എസ്.ബഷീർ.

ദി ഇന്ത്യൻ കൗൺസിൽ ഓഫ് ആഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) ഭാഗമാണ് നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജനെറ്റിക് റിസോർസസ് (എൻബിഎഫ്ജിആർ). ഇവയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കൊച്ചിയിൽ പ്രവർത്തിക്കുന്ന ദ് പെനിൻസുലാർ ആൻഡ് മറൈൻ ഫിഷ് ജനെറ്റിക് റിസോർസസ് (പിഎംഎഫ്‌ജിആർ)

“അലങ്കാരമത്സ്യങ്ങൾ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ പഠനം നടക്കുകയാണ്. അലങ്കാര മത്സ്യങ്ങൾ വളർത്തുന്നവർ അത് അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അവയെ പൊതുജലാശയങ്ങളിൽ തുറന്ന് വിടാതിരിക്കുക. പൊതു അക്വേറിയങ്ങളിലോ മറ്റോ അവയെ ഏൽപിക്കുക. അതാണ് ചെയ്യേണ്ടത്,” ഡോ. ബഷീർ പറഞ്ഞു.

374 ഇനം മത്സ്യങ്ങൾ, 110 ഇനം മൊളസ്കുകൾ, 65 ഇനം ക്രസ്‌റ്റേഷ്യൻസ് തുടങ്ങി ഉരഗങ്ങൾ, ഉഭയജീവികൾ, മറ്റ് ആൽഗകൾ എല്ലാം ഈ വിഭാഗത്തിലുണ്ട്. ഇന്ത്യൻ അക്വാകൾച്ചർ രംഗത്ത് കാർപ്പുകൾ പ്രത്യേകിച്ച് ഇന്ത്യൻ മേജർ കാർപ്പുകൾ (IMC) ആണ് ഇന്ന് മുന്നിലുള്ളത്.

എന്നാൽ ഇന്ന് മത്സ്യകൃഷി മേഖലയിൽ വിദേശ മത്സ്യങ്ങളുടെ ആധിപത്യമാണ് കാണുന്നത്. മനുഷ്യരുടെ ഇടപെടൽ മൂലം അറിഞ്ഞോ അറിയാതെയോ അന്യദേശത്ത് എത്തപ്പെട്ട്, അവിടെ പ്രജനനം നടത്തി സ്വന്തമായി ഒരു ആവാസമേഖല സൃഷ്ടിച്ചെടുക്കുന്നവരാണ് അധിനിവേശ മത്സ്യങ്ങൾ.

1870 – 1947 കാലഘട്ടത്തിൽ വിനോദത്തിനായി ബ്രൗൺ ട്രൗട്ട് (Salmotrutta fario), റെയിൻബോ ട്രൗട്ട് (Onchorhyncus mykiss); ഭക്ഷണാവശ്യത്തിനായി ടിൻക (Tinca tinca) , കോമൺ കാർപ് (Cyprinus carpio), ഗൗരാമി(Osphronemus gourami), കൊതുകുനിയന്ത്രണത്തിനായി ഗംബൂസിയ (Gambusia affinis) എന്നിവ ഇന്ത്യയിലെത്തി.

വിദേശമത്സ്യങ്ങളുടെ അധിനിവേശം നമ്മുടെ ജൈവ മേഖലകളിലേക്കുള്ള മനുഷ്യൻറെ ഇടപെടലുകളുടെ പരിണിതഫലമാണ്. മുന്നൂറിലേറെ വിദേശമത്സ്യങ്ങളാണ് (291 അലങ്കാര മത്സ്യങ്ങൾ, 31 കൃഷി ചെയ്യുന്നവ, 3 കൊതുക് തീനി മത്സ്യങ്ങൾ) ഇന്ത്യയിലുള്ളത്. ഇതിൽ പലതും നിയമവിരുദ്ധമായി എത്തപ്പെട്ടവയാണ്. പലതിന്റെയും ജന്മദേശമോ, ഇവിടെ എത്തിച്ചേർന്ന രീതിയോ സമയമോ ഒന്നും വ്യക്തമല്ല.

നമ്മുടെ അലങ്കാരമത്സ്യ മേഖലയിൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ഗോൾഡ്ഫിഷ്, എയ്ഞ്ചൽ, ഗപ്പി, സ്വോർഡ് ടെയിൽ, പ്ലാറ്റി, ഓസ്കാർ, ഗൗരാമി, സക്കർ ഫിഷ് തുടങ്ങിയവരെല്ലാം ലോകത്തിൻറെ പല ഭാഗങ്ങളിൽനിന്നും എത്തിയവരാണ്.

ഗപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഗപ്പി മീനുകളാണ് ഇപ്പോൾ ജലാശയങ്ങളിൽ വ്യാപകമായി കാണപ്പെടുന്നത്. ഇവ 14 നദികളിലും 22 റിസർവോയറുകളിലും കാണപ്പെടുന്നു. കോവിഡ് കാലത്ത് ഒരുപാട് ആളുകൾ അലങ്കാര മത്സ്യങ്ങളുടെ വിൽപനയിൽ തുടങ്ങിയിരുന്നു. അവയിൽ പ്രധാനിയാണ് ഗപ്പി.

സാംബിക്‌ തിലാപിയ, നൈൽ തിലാപിയ, മൊസ്‌കിറ്റോ ഫിഷ്‌, ആമസോൺ സൈൽഫിൻ ക്യാറ്റ്‌ ഫിഷ്‌ (സക്കർ ഫിഷ്‌), കോമൺ കാർപ്‌, ക്ലാരിയസ്‌ ഗരിയേപിനസ്‌ എന്നിവയും പുറം നാട്ടുകാരാണ്. അക്വേറിയം വ്യാവസായം, കൊതുകുനശീകരണം, ജലക്കൃഷി എന്നിവയ്ക്കായി എത്തിക്കുന്ന ഇത്തരം മീനുകൾ ജലാശയങ്ങളുടെ ഭാഗമായത് പ്രളയം ഉൾപ്പെടെയുള്ള കാരണങ്ങളാലാണ്. വളരെ എളുപ്പം പെറ്റു പെരുകുന്ന മീനാണ് ഗപ്പി.

ഇവയെ സൂക്ഷിക്കുക

ജൈവവൈവിധ്യങ്ങൾക്ക് ഭീഷണിയാകുന്ന നാല് അലങ്കാര മീനുകളെയാണ് ‘വെൻ പെറ്റ്സ് ബികം പെസ്റ്റ്സ് എക്സോട്ടിക് അക്വേറിയം ഫിഷസ് ആൻഡ് ബയോളജിക്കൽ ഇൻവേഷൻസ് ഇൻ കേരള’ എന്ന പഠനത്തിൽ കണ്ടെത്തിയത്. കേരള സർവകലാശാല തിരുവനന്തപുരവും കേരള ഫിഷറീസ് സർവകലാശാലയും (കുഫോസ്) ചേർന്ന് നടത്തിയ പഠനത്തിൽ കെ.കൃഷ്ണകുമാർ, രാജീവ് രാഘവൻ, ജി.പ്രസാദ്, എ.ബിജു കുമാർ,മിനി ശേഖരൻ, ബെന്നോ, അൻവർ അലി എന്നിവരാണ് അംഗങ്ങളായത്. സക്കർ ഫിഷ് (Pterygoplichthys multiradiatus18),ഗൗരമി (Trichogaster trichopterus20), പ്ലാറ്റി (Xiphophorus maculatus19) ,ഗപ്പി (Poecilia reticulata19) എന്നിവയാണിവ.

palty fishes, guppy, invasive species
പ്ലാറ്റി ഫിഷ്

സക്കർ ഫിഷ്, ഗൗരാമി, പ്ലാറ്റി, ഗപ്പി

സൗത്ത് അമേരിക്കയിൽ നിന്ന് എത്തിയ ഇവ അക്വേറിയത്തിലെ സ്ഥിരം സാന്നിധ്യമാണ്. നിരവധി കുളങ്ങളിലും ജലാശയങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. അലങ്കാര മത്സ്യകച്ചവടത്തിന്റെ ഭാഗമായിയാണ് ഇവ ഇന്ത്യയിൽ എത്തിയത്. പെട്ടെന്ന് വളരുന്ന ഇവയ്ക്ക് മലിന്യജലത്തിലും ശ്വസിക്കാൻ കഴിയും. അടിത്തട്ടിൽ വളരുന്ന സസ്യങ്ങൾക്കും ജീവികൾക്കും ഭീഷണിയാണിവ.

മത്സ്യത്തൊഴിലാളികളുടെ വലയിൽ പെട്ടെന്ന് കുടുങ്ങുന്നിവ ഇവ വലകളും നശിപ്പിക്കുന്നു. കോമൺ കാർപ്‌ വിഭാഗത്തിലെ മീനുകൾ, ആഫ്രിക്കൻ കാറ്റ്‌ഫിഷുകളും നാടൻ മത്സ്യങ്ങളെയും അവയുടെ മുട്ടകളെയും ഭക്ഷിക്കുന്നവയാണ്‌. കച്ചവടം നിയന്ത്രിച്ച് അവയുടെ വ്യാപനം തടയുന്നതാണ് പ്രതിവിധി.

വലിച്ചറിയുന്ന കൗതുകങ്ങൾ

കാണാൻ ഭംഗിയും കൗതുകവുമുണർത്തുന്ന അനേകം ജീവജാലങ്ങൾ നമ്മൾക്ക് ചുറ്റുമുണ്ട്. കൗതുകം കാരണം ഇത്തരം ജീവികളെ വീട്ടിൽ വളർത്തുന്നവരും നിരവധിയാണ്. എന്നാൽ ഈ ഭംഗിയ്ക്കുമപ്പുറം ഇത്തരം ജീവികളും സസ്യങ്ങളും നമ്മൾക്ക് ചുറ്റും പരിസ്ഥിതിക മാറ്റങ്ങൾ വരുത്തുന്നുണ്ട്.

വളർത്തുന്നതിലേ താൽപര്യം നഷ്ടമാകുമ്പോൾ അവയെ പരിസരത്ത് തന്നെ വലിച്ചെറിയുകയും ചെയ്യുന്നു. ഈ വലിച്ചെറിയൽ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. കാഴ്ചയിൽ മനോഹരമായ ഇവയെല്ലാം പരിസ്ഥിതിയ്ക്ക് വരുത്തുന്ന പ്രതികൂല മാറ്റങ്ങൾ വലുതാണ്. ചെറിയ രീതിയിൽ കടന്നു വന്ന ഇപ്പോൾ​ കേരളത്തിലെ പലസ്ഥലത്തും കൃഷി നിർത്തുന്നതിന് വരെ കാരണമായി മാറിയിരിക്കുകയാണ് പോളപ്പായലുകൾ.

ചുവപ്പ് ചെവിയുള്ള ഭീകരൻ

ചുവപ്പ് ചെവി, മഞ്ഞ നിറമുള്ള ശരീരം, രൂപത്തിൽ ഇത്തിരി കുഞ്ഞൻ ആദ്യ കാഴ്ചയിൽ ആരും വളർത്താൻ ആഗ്രഹിക്കും ഈ ആമയെ. കുട്ടികളെയാണ് അവ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. ‘ട്രാക്കെമിസ് സ്ക്രിപ്റ്റ എലിഗൻസ്’ എന്ന ശാസ്ത്രീയ നാമമുള്ള ഈ സ്ലൈഡർ ആമ പക്ഷേ അപകടകാരിയാണെന്ന് കെഎഫ്ആർഐയിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റും റിസർച്ച് കോർഡിനേറ്ററുമായ ടി.വി.സജീവ് അഭിപ്രായപ്പെട്ടു.

വളരെ വേഗത്തിൽ വളരുന്ന ഇവയ്ക്ക് ധാരാളം ജലസസ്യങ്ങൾ ആവശ്യമാണ്. തവളകളെയും ഭക്ഷിക്കും അവയുടെ ഉള്ളിലുള്ള ബാക്ടീരിയകൾ മനുഷ്യർക്ക് രോഗത്തിനും കാരണമാകും. വലുതാകുന്നതോടെ ഇവയെ സംരക്ഷിക്കാൻ കഴിയാതെ പലരും ഇതിനെ ജലാശയങ്ങളിലേക്ക് വിടും. ഈ ആമയെ ലോകത്തിലെ ഏറ്റവും ആക്രമണകാരികളായിയാണ് കണക്കാക്കുന്നത്. ഇവ പെറ്റ് പെരുകുന്നത് തടയാനായി റെസ്ക്യൂ സെന്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിനകം 250ത്തിലധികം ആമകളെ ഇവിടെ ലഭിച്ചിട്ടുണ്ട്.

മറ്റുള്ള സ്ഥലത്ത് നിന്ന് എത്തുന്ന ഇത്തരം ജീവികൾ, ചെടികൾ എന്നിവയെ ഭക്ഷിക്കുന്ന ജീവികൾ ഇവിടെ ഉണ്ടാവില്ല. അങ്ങനെ അവയ്ക്ക് നാശമുണ്ടാകുന്നില്ല. കൂടുതലായി ഇവിടെ വർധിക്കുകയും ചെയ്യുന്നു.

അങ്ങനെ അവർ പെറ്റുപെരുകുന്നത് മറ്റു ജീവികൾക്ക് ഭീഷണിയാകുന്നു. ഇത്തരത്തിൽ 82 ജീവജാലങ്ങളെയാണ് ആദ്യം ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ആഫ്രിക്കൻ പായൽ, കുളവാഴ, മുള്ളൻ പായൽ എന്നിവ കേരളത്തിലെ വിവിധ ജില്ലകളിലായി പടർന്നു പിടിച്ചു കഴിഞ്ഞു. ഇവയെല്ലാം പല സ്ഥലങ്ങളിലും കൃഷിനാശത്തിനും കാരണമായിട്ടുണ്ട്.

കെഎഫ്ആർഐയുടെ നോഡൽ സെന്റർ

2018ലാണ് കെഎഫ്ആർഐയിൽ പുതിയതായി എത്തുന്ന ജീവികളെക്കുറിച്ച് പഠനം നടത്താനായി ദ് നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷൻ (എൻസിബിഐ) ആരംഭിച്ചത്. ചെടികൾ, മരങ്ങൾ, ജീവികൾ, സൂക്ഷമജീവികൾ, ഒച്ച് തുടങ്ങി നിരവധിയായവ നമ്മുടെ ആവാസവ്യവസ്ഥയിൽ വന്നു ചേരുന്നു.

പെട്ടെന്ന് കണ്ടുപിടിക്കുക, അതിന്റെ പുനരധിവാസം നടത്തുക, ഇത്തരം ജീവജാലങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക തുടങ്ങിയവയാണ് എൻസിബിഐയുടെ പ്രവർത്തനങ്ങൾ. ഇത്തരം ജീവികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ആളുകൾ ജീവികളെയും ചെടികളെയും തങ്ങളുടെ ചുറ്റുപാടിൽ തന്നെ ഉപേക്ഷിക്കുന്നു. അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ജനങ്ങൾക്ക് പരിസ്ഥിതിയിൽ പരിചയമില്ലാത്ത ജീവികളെ കണ്ടാൽ അറിയിക്കാൻ കഴിയുന്നൊരു പദ്ധതിയും ഈ നോഡൽ ഏജൻസി ഒരുക്കിയിട്ടുണ്ട്. ഇൻവേഷൻ വാച്ച് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ആളുകൾക്ക് വിവരം ഏജൻസിയെ അറിയിക്കാം. ഈ സംവിധാനം പെട്ടെന്ന് ഇവയെ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: How mosquito eating fish like guppy dangerous to nature