കൊച്ചി: തിരുവനന്തപുരത്തെ ലുലു ഇൻറർനാഷ്ണൽ മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ലഭിച്ചുവെന്ന് മാൾ ഉടമസ്ഥർ വിശദീകരിക്കണമെന്ന് ഹൈക്കോടതി. കേസിൽ വിശദീകരണം നൽകാൻ ലുലു അടക്കമുള്ള എതിർ കക്ഷികൾ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല.

പാരിസ്ഥിതിക പ്രാധാന്യമുള്ള അതീവ ഗൗരവുള്ള വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. പാരിസ്ഥിതികാനുമതി ലഭിച്ചതിലെ നിയമപരമായ വിവരങ്ങൾ കോടതിക്ക് അറിയേണ്ടതുണ്ടന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു.

ഒരു ലക്ഷത്തി അമ്പതിനായിരം ചതുരശ്രമീറ്ററിന് അനുമതി നൽകാനേ സംസ്ഥാന പരിസ്ഥിതിക ആഘാത സമിതിക്ക് അധികാരമുള്ളു എന്ന് രേഖകൾ തന്നെ പറയുന്നു. പിന്നെ എങ്ങനെ രണ്ടര ലക്ഷം ചതുരശ്ര മീറ്ററിന് അനുമതി ലഭിച്ചു എന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളിലെല്ലാം വിശദീകരണം വേണ്ടതുണ്ട്. രണ്ടര ലക്ഷം ചതുരശ്ര മീറ്ററിന് അനുമതി നൽകിയത് എന്തടിസ്ഥാനത്തിലാണന്ന് വിശദീകരിക്കണം.

 

കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ജോസഫ് റോണി ജോസും സാവകാശം തേടി. നിർമാണം എത്രത്തോളമായെന്നതിൽ വ്യക്തത വേണമെന്നും ഇക്കാര്യം നീട്ടിക്കൊണ്ടു പോവാനാവില്ലെന്നും കോടതി വാക്കാൽ പരാമർശിച്ചു.

തിരുവന്തപുരത്ത് പാർവതി പുത്തനാറിന്റെ തീരത്ത് നിർമിക്കുന്ന മാൾ ചട്ടം ലംഘിച്ചാണ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം കെ സലിം സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. പാർവതി പുത്തനാറിൽ മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും കയേറ്റമുണ്ടന്നും ചതുപ്പു നിലത്തിലാണ് നിർമാണമെന്നുമാണ് ഹർജിയിലെ ആരോപണം. പ്രദേശത്ത് കുടിവെള്ള ക്ഷാമമുണ്ടന്നും ഹർജിയിൽ പറയുന്നു. രണ്ട് ലക്ഷത്തി നാൽപ്പതിനായിരത്തി നാനൂറ് ചതുരശ്ര മീറ്ററാണ് മാളിന്റെ വിസ്തീർണം

രണ്ടരലക്ഷം ചതുരശ്ര മീറ്റർ വരുന്ന നിർമിതി തീരപരിപാലന നിയമത്തിലെ കാറ്റഗറി എയിൽ വരും. എന്നാൽ തിരുവനന്തപുരത്തെ മാളിന് കാറ്റഗറി ബിയിൽ പെടുത്തി അനുമതി നൽകുകയായിരുന്നു.

മാളിന്റെ നിർമാണം 25 ശതമാനം പൂർത്തിയായതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഏഷ്യയിലെ തന്നെ
ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന മാളിന് മതിപ്പ് ചെലവ് അയ്യായിരം കോടിയോളം വരും .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.