തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ തടാകമാണ് വേമ്പനാട്ടു കായല്‍. വേമ്പനാട്ടു കായലിന്റെ ഉള്‍ക്കൊള്ളല്‍ ശേഷി കുറഞ്ഞത് പ്രളയത്തെ കൂടുതല്‍ രൂക്ഷമാക്കിയെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ കണ്ടെത്തല്‍. കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയം കൂടുതല്‍ തീവ്രമായി ബാധിച്ചതിന്റെ കാരണം ഇതാണെന്നും കമ്മീഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടു പറഞ്ഞു.

480 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ച 1.63 ബില്യണ്‍ ക്യുബിക് മീറ്റര്‍ അധിക മഴയില്‍ 0.6 ബില്യണ്‍ ക്യബിക് മീറ്റര്‍ മാത്രമാണ് വേമ്പനാട്ടു കായലിന് സംഭരിക്കാന്‍ സാധിച്ചത്.

‘ഈ സമയത്തെ അധിക മഴ ലഭ്യതയും റിസര്‍വോയറുകളുടെ അപര്യാപ്തതയും പ്രളയത്തെ കൂടുതല്‍ രൂക്ഷമാക്കി,’യെന്ന് കമ്മീഷന്‍ അധികാരികള്‍ പറയുന്നു. മണിമല, പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍ നദികളിലേക്ക് വെള്ളം തുറന്നുവിടുന്ന സ്പില്‍വേയുടെ ശേഷി വര്‍ദ്ധിപ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കായലിന്റെ സംഭരണ ശേഷി കൂടുതലായിരുന്നെങ്കില്‍ പ്രളയം ഇത്രയും രൂക്ഷമാകില്ലായിരുന്നുവെന്നാണ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

‘കായലില്‍ വന്നടിഞ്ഞ ചെളിയും മറ്റും കാരണം വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതില്‍ തടസം നേരിട്ടിരിക്കാം. ഇതായിരിക്കാം കായലിന്റെ സംഭരണ ശേഷി കുറയാന്‍ കാരണമായത്. ഇത് കായലുമായി ചേര്‍ന്നുകിടക്കുന്ന തീരദേശ തടാകമാണ്. പരിസ്ഥിതി ലോല മേഖലയായതിനാല്‍ ഇവിടം വൃത്തിയാക്കാനും സാധിക്കില്ല,’ കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നിനും 19നും ഇടയില്‍ 50 ശതമാനത്തില്‍ അധികം മഴയാണ് ലഭിച്ചിരിക്കുന്നത്. 483 പേര്‍ കൊല്ലപ്പെടുകയും വലിയ തോതില്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ