ചുരുട്ടിക്കൂട്ടി പോക്കറ്റിലും പഴ്സിലുമെല്ലാം വച്ചിരുന്ന ആ പഴയ 500, 1000 നോട്ടുകൾക്ക് ഇത്ര ബലമുണ്ടാകുമെന്ന് അന്ന് അറിഞ്ഞിരുന്നില്ല. അസാധുവാക്കപ്പെട്ടപ്പോൾ അവയ്ക്കുണ്ടായ ബലമെന്താണ് എന്നറിയണമെങ്കിൽ വളപ്പട്ടണം വരെ പോകണം. അല്ലെങ്കിൽ പിന്നെ ദക്ഷിണാഫ്രിക്കയിൽ അന്വേഷിച്ചാലും മതി. അസാധുവായിപ്പോയ ആ നോട്ടുകൾ ഇന്ന് കടൽ കടന്നുപോകുകയാണ് ലോകത്തിന്റെ മറുകരയിലേയ്ക്ക്. രൂപാന്തരം സംഭവിച്ച് ബലം നേടിയ ആ നോട്ടുകൾ കടൽ കടക്കുന്ന കഥ ഇങ്ങനെ.

കഴിഞ്ഞ നവംബർ എട്ടിന് പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം നിലവിൽ വന്നതോടെ നാട്ടുകാർ മാത്രമല്ല, റിസർവ് ബാങ്കും വെട്ടിലായി. നിരോധിത നോട്ടുകൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ റിസർവ് ബാങ്കിനെ സഹായഹസ്തമായത് വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് (ഡബ്ല്യുഐപി) എന്ന സ്ഥാപനമാണ്. അസാധുവിനെ സാധുവാക്കിയ ആ മാന്ത്രികതയ്ക്ക് പിന്നിൽ

നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഒരു വർഷം തികയുമ്പോൾ കണ്ണൂർ വളപ്പട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന് (ഡബ്ല്യുഐപി) ഒരു വലിയ ദൗത്യം പൂർത്തിയാക്കിയതിന്റെ ആഹ്ളാദം. റിസർവ് ബാങ്കിന്റെ വലിയൊരു പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപ നോട്ടുകൾ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയപ്പോൾ കേരളത്തിൽ അതേറെ വലച്ചത് റിസർവ് ബാങ്കിനെയായിരുന്നു. നിരോധിത നോട്ടുകൾ എന്തു ചെയ്യുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ ചിന്ത. കത്തിച്ചു കളഞ്ഞാൽ അത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും, കുഴിച്ചു മൂടാമെന്നു വച്ചാൽ അതിനും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ. ഒടുവിൽ പ്രശ്നപരിഹാരത്തിനായി കണ്ണൂരിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിനെ (ഡബ്ല്യുഐപി) സമീപിച്ചു. ഡബ്ല്യുഐപിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ ആ വെല്ലുവിളി അവർ ധൈര്യപൂർവം ഏറ്റെടുത്തു. അങ്ങനെ നിരോധിത നോട്ടുകൾ ഹാർഡ് ബോർഡുകളായി രൂപാന്തരം പ്രാപിച്ചു.

നിരോധിത നോട്ട് ഉപയോഗിച്ചുളള ഹാർഡ് ബോർഡ് ദക്ഷിണാഫ്രിക്കയിലേയ്ക്ക് അയ്ക്കാൻ തയ്യാറാക്കിയിരിക്കുന്നു

നോട്ട് നിരോധന പ്രഖ്യാപനം വന്ന് അധികനാൾ കഴിയുന്നതിനുമുൻപേ തിരുവനന്തപുരത്തെ റിസർവ് ബാങ്ക്‌ തങ്ങളെ സമീപിച്ചതായി ഡബ്ല്യുഐപി ജനറൽ മാനേജർ ടി.എം. ബാവ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”ഈ നോട്ടുകളൊക്കെ എന്തു ചെയ്യണമെന്ന് അവർക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. കത്തിച്ചു കളഞ്ഞാൽ അത് വലിയ രീതിയിൽ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും. കാരണം പ്രത്യേക കറൻസി പേപ്പറുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. കുറച്ചു സാംപിളുകൾ അയച്ചുതരാൻ അവരോട് ആവശ്യപ്പെട്ടു. ഈ സാംപിളുകൾ ഉപയോഗിച്ച് ഞങ്ങളുടെ റിസർച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗം നിരോധിത നോട്ടുകൾ ഹാർഡ് ബോർഡുകളാക്കി മാറ്റുന്നതിനുളള പുതിയൊരു സംവിധാനം കണ്ടുപിടിച്ചു,” ബാവ പറഞ്ഞു.

ചെറിയ കഷ്ണങ്ങളാക്കിയാണ് റിസർവ് ബാങ്ക് നോട്ടുകൾ എത്തിച്ചത്. ഇത് ഉയർന്ന താപനിലയിൽ വേവിച്ച് കുഴമ്പ് (പൾപ്) രൂപത്തിലാക്കും. അതിനുശേഷം മരപ്പൊടി അരച്ച് കുഴമ്പുരൂപത്തിലാക്കിയതിനൊപ്പം ഇതും ചേർത്ത് ഹാർഡ്ബോർഡുകളാക്കും. ദക്ഷിണാഫ്രിക്കയിലേക്കാണ് പ്രധാനമായും ഇവ കയറ്റുമതി ചെയ്യുന്നത്. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇവ ഉപയോഗിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലേക്കും ഹാർഡ്ബോർഡുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ബാവ പറഞ്ഞു. നിരോധിത നോട്ടുകൾ ഉപയോഗിച്ചുളള ഹാർഡ്ബോർഡിന് ബലവും തിളക്കവും കൂടുതലാണെന്നും ബാവയുടെ വാക്കുകൾ.

നിരോധിത നോട്ടുകൾ പുതിയ രൂപത്തിൽ മാറ്റുന്നതിനുളള ടെക്നോളജി ഇന്ത്യയിലുളള ഒരേയൊരു കമ്പനിയാണ് തങ്ങളുടേതെന്നും ബാവ അവകാശപ്പെട്ടു. നോട്ട് നിരോധനത്തിനുശേഷം 750 ടൺ നോട്ടുകൾ കമ്പനിയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു. ഒരു ടണ്ണിന് 128 രൂപയാണ് ആർബിഐയ്ക്ക് നൽകുന്ന വില. നിരോധിത നോട്ടുകൾ ഹാർഡ്ബോർഡാക്കി മാറ്റുന്നതിനുളള മുഴുവൻ പ്രക്രിയയും നടക്കുന്നത് വളപ്പട്ടണത്തെ ഡബ്ല്യുഐപി ആസ്ഥാനത്താണെന്നും ബാവ പറഞ്ഞു.

ചെറുകിട കച്ചവടക്കാർ ഇവിടെനിന്നും ഹാർഡ്ബോർഡുകൾ വാങ്ങി പുറത്ത് വലിയ വിലയ്ക്ക് വിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകൾ കൊണ്ടാണ് അവ നിർമിച്ചതെന്നു ഉപഭോക്താക്കളോട് അവർ പറയുമ്പോൾ ചിലർ ചിരിക്കാറുണ്ട്. പ്രീമിയം ഉൽപ്പന്നമായിട്ടാണ് അവർ വിൽക്കുന്നതെന്നും ബാവ വ്യക്തമാക്കി.

ആർബിഐയിൽനിന്നും ഓരോതവണ നോട്ടുകെട്ടുകൾ കൊണ്ടുവരുമ്പോഴും ഗതാഗതം, പാക്കിങ്, കയറ്റുകൂലി ഉൾപ്പെടെയുളള മുഴുവൻ ചെലവ് വഹിക്കുന്നതു ഡബ്ല്യുഐപിയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നും തങ്ങൾക്ക് ഓഫറുകൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബർ എട്ടിനാണ് 500,1000 രൂപ നോട്ടുകൾ നിരോധിച്ചുകൊണ്ടുളള സുപ്രധാന പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. അഴിമതി ഇല്ലാതാക്കുക, കളളപ്പണം തടയുക, വ്യാജനോട്ടുകൾ വിപണിയിൽനിന്നും തുടച്ചുനീക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. പെട്ടെന്നുളള മോദിയുടെ പ്രഖ്യാപനത്തോടെ 86 ശതമാനം നോട്ടുകളും അസാധുവായി. അസാധുവാക്കപ്പെട്ട 98.96 ശതമാനം (ഏകദേശം 15.28 ലക്ഷം കോടി) നോട്ടുകളും തിരികെ വന്നതായി ഈ വർഷം ഓഗസ്റ്റിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ