പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ കേരളത്തിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ മാവേലിക്കര പത്തനംതിട്ട, മാവേലിക്കര എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായാണ് ഇന്ന് സംവാദം നടക്കുന്നത്. നമോ ആപ്പ് വഴിയാണ് സംവാദം.

ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായി അവര്‍ക്ക് വേണ്ടി നിലകൊളളുകയാണെങ്കില്‍ കേരളത്തില്‍ ബിജെപിക്ക് വളരാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിക്ക് എങ്ങനെ സ്വാധീനം ഉണ്ടാക്കാമെന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി. ‘പ്രവര്‍ത്തകര്‍ എന്നും ജനങ്ങള്‍ക്കിടയിലുണ്ടാവണം. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പോരാടണം. അത് എവിടെയായാലും അങ്ങനെയാണ്. കേരളത്തിലും ജനങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടണം. എന്ത് വിഷയമയാലും ജനങ്ങളുടെ ശബ്ദമായി മാറണം. രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ അടക്കം നിലകൊണ്ട് ജീവിതം ത്യജിച്ചവരാണ് നമ്മുടെ പ്രവര്‍ത്തകര്‍,’ മോദി പറഞ്ഞു.

കേരളത്തിന് വേണ്ടി കേന്ദ്രം പലതും ചെയ്തതായും സംസ്ഥാനത്തെ അവഗണിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ‘കേരളത്തില്‍ 90,000 പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. 1000 കി.മി. ഗ്രാമീണ റോഡ് നാല് വര്‍ഷത്തിനിടെ വികസിപ്പിച്ചിട്ടുണ്ട്. മുദ്ര ലോണ്‍ വഴി 25,000 കോടി കേരളത്തിലെ സംരഭകര്‍ക്ക് നല്‍കി,’ മോദി പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് പത്തനംതിട്ടയില്‍ നിന്നുളള ബിജെപി പ്രവര്‍ത്തകന്‍ ചോദിച്ചു. പത്തനംതിട്ട ശബരിമലയുടെ പേരില്‍ ലോകത്താകമാനം പ്രശസ്തമാണെന്ന് മോദി പറഞ്ഞു. ‘നാല് വര്‍ഷം മുമ്പ് സോളാര്‍ എന്നാല്‍ അഴിമതിയെന്നാണ് കേരളത്തിലെ ജനങ്ങള്‍ കേട്ടത്. എന്നാല്‍ ഇന്ന് സോളാര്‍ എന്നാല്‍ വികസനത്തിന്റെ ഭാഗമായി മാറി. ഇന്ന് ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ്  ഇന്ത്യയുടേത് എന്നും അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.