അട്ടപ്പാടി: സമയം വൈകുന്നേരം 5.30, സ്ഥലം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ വേങ്ങക്കടവ് ഊര്. പ്രദേശത്തെ അംഗന്‍വാടിയില്‍ ഡോ. മുഹമ്മദ് മുസ്തഫയും കൂട്ടരും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിന്‍ നാല്‍കാനായി കാത്തിരിക്കുകയാണ്.
ആദിവാസി വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന രാജന്‍ പലരേയും വിളിച്ചു. എന്നാല്‍ ആരും വരാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ വീടുകളിലേക്ക് ചെല്ലാമെന്ന് സംഘം തീരുമാനമെടുത്തു. കോണ്‍ക്രീറ്റ് റോഡിലൂടെ അവര്‍ നടന്നു.
വാതിലുകള്‍ ഓരോന്നായി മുട്ടി. ചിലര്‍ പുറത്തേക്ക് എത്തി നോക്കി. “എല്ലാവരുടേയും പ്രായം എത്രയാണ്. 45 വയസിന് മുകളില്‍ ഉള്ളവര്‍ ആധാര്‍ കാര്‍ഡുമായി പുറത്തേക്ക് വരുക. നിങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പോവുകയാണ്”, ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു.
ഗ്രാമീണ-ആദിവാസി മേഖലകളില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ആരോഗ്യ വകുപ്പ്. അട്ടപ്പാടിയില്‍ 40 ശതമാനവും ആദിവാസി മേഖലയാണ്. ജൂണ്‍ 10 വരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 79.22 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കി.
ഷോളയൂര്‍ പഞ്ചായത്തിലെ ഇരുള വിഭാഗത്തില്‍ 85 കുടുംബങ്ങളാണുള്ളത്. ഇതുവരെ ഊര് മൂപ്പന്‍ ഉള്‍പ്പടെ രണ്ട് കോവിഡ് മരണവും 63 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഭൂരിഭാഗവും രണ്ടാം തരംഗത്തിന്റെ ഭാഗമായാണ്. മാര്‍ച്ച് ഒന്നിന് വാക്സിനേഷന്‍ രാജ്യത്ത് ആരംഭിച്ചങ്കിലും ഇവര്‍ക്ക് ആദ്യ ഡോസ് ലഭിച്ചത് ജൂണ്‍ പത്താം തിയതിയാണ്.
ഊരിലെ ജനങ്ങള്‍ പകല്‍ അവരുടെ ആടുകളേയും പശുക്കളേയുമായി പല ഭാഗങ്ങളിലേക്ക് പോകുന്നതിനാലാണ് വാക്സിനേഷന്‍ വൈകുന്നേരം ക്രമീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഷോളയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറായി ഡോ. മുഹമ്മദ് വ്യക്തമാക്കി. മുന്‍കൂട്ടി പറഞ്ഞാല്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ മടി കാണിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിൻ കൂടി
എല്ലാ വീടുകളിലും ടെലിവിഷന്‍ സൗകര്യമുള്ളതിനാല്‍, അട്ടപ്പാടി മേഖലയില്‍ ഉള്ളവര്‍ കോവിഡ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മലയാളം, തമിഴ് വാര്‍ത്താ ചാനലുകള്‍ മുഖേന അറിയും. ചില വാര്‍ത്തകള്‍ ഭീതി പടര്‍ത്താനും ഇടയാകും. വാക്സിന്‍ സ്വീകരിച്ചതിന്റെ അടുത്ത ദിവസം തമിഴ് നടന്‍ വിവേക് മരണപ്പെട്ടത് വലിയ തരത്തില്‍ ഇവര്‍ക്കിടയില്‍ ഭയം ജനിപ്പിച്ചു.
“ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും, കുറച്ച് പേര്‍ വാക്സിന്‍ എടുക്കാമെന്ന് സമ്മതിച്ചതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലായി. രണ്ട് കോവിഡ് മരണം ഊരില്‍ സംഭവിച്ചതോടെ നിലപാടിലും മാറ്റമുണ്ടായി,” രാജന്‍ പറഞ്ഞു.
വാക്സിന്‍ സ്വീകരിച്ച ശേഷം പനി പിടിപെട്ടാല്‍ എന്റെ ആടുകളെ ആരു നോക്കുമെന്ന് 47 കാരനായ നഞ്ജന്‍ ചോദിച്ചു. ഇത്തരം സാഹചര്യം മറ്റുള്ളവരിലും അനാവശ്യ ഭയം രൂപപ്പെടാനുള്ള സാധ്യത പരിഗണിച്ച് എല്ലാവര്‍ക്കും പരാസെറ്റമോള്‍ നല്‍കിയതായി ഡോ മുഹമ്മദ് പറഞ്ഞു. അട്ടപ്പാടിയിലെ വാക്സിനേഷന്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്. പുത്തൂര്‍ പഞ്ചായത്തില്‍ 45 വയസിന് മുകളില്‍ ഉള്ള എല്ലാവരും വാക്സിന്‍ സ്വീകരിച്ചു.