കൊച്ചി: വിനോദയാത്രയ്ക്ക് പോയ മലയാളി വനിത അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം പിഎംജി ജംങ്ഷന്‍ വികാസ് ലെയ്ന്‍ വള്ളോന്തറയില്‍ ആന്‍സി ജോസ് ആണ് മരിച്ചത്. 43 കാരിയായ ആന്‍സി മക്കളുമൊത്ത് വിനോദ യാത്രയ്ക്ക് പോയതായിരുന്നു.

മരിച്ച ആന്‍സി അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യ റീജിയന്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് അനലിസ്റ്റാണ്. കുടുംബം സഞ്ചരിച്ച കാര്‍ ലോറിയ്ക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ മകള്‍ നവോമി ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്. അതേസമയം, മറ്റു മക്കളായ അന, ഇവ എന്നിവരുടെ പരുക്കുകള്‍ ഗുരുതരമല്ല. ആന്‍സിയുടെ സംസ്കാരം ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10ന് അറ്റ്‌ലാന്റയില്‍ നടക്കും.

 

ആന്‍സി കഴിഞ്ഞ 24ന് പുലര്‍ച്ചെ അറ്റ്‌ലാന്റയിലെ താമസ സ്ഥലത്തു നിന്ന് മക്കളുമൊത്ത് സൗത്ത് കരോലിനയിലെ ബീച്ചിലേക്ക് കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് സംഭവം. അഗസ്തയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആന്‍സി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വെബ് ഡെവലപ്പ്‌മെന്റ് വിഭാഗം ഡയറക്ടായ എറണാകുളം കടവന്ത്ര വില്ലോത്ത് വിനോദിന്റെ ഭാര്യയാണ് ആന്‍സി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ