scorecardresearch

ഇതാണ് പെണ്‍കരുത്ത്; മാല മോഷ്ടാവിനെ നാല് കിലോ മീറ്റര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ചവിട്ടി വീഴ്ത്തി വീട്ടമ്മ

അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പില്‍ ബാലേഷാണ് പിടിയിലായത്.

thief, housewife, soji mathew, scooter, robbery, police, ie malayalam, മാല, വീട്ടമ്മ, മോഷ്ടാവ്, സ്കൂട്ടർ, ഐഇ മലയാളം

റാന്നി: പെണ്‍കരുത്തിന്റെ പ്രതീകമായി വീട്ടമ്മ. സ്വര്‍ണമാല മോഷ്ടാവിനെ സ്‌കൂട്ടറില്‍ നാലു കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടിച്ച സോജിയെന്ന വിട്ടമ്മയാണ് ഇന്നത്തെ താരം. റാന്നി വടശ്ശേരിക്കരയിലാണ് സംഭവം. അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പില്‍ ബാലേഷാണ് പിടിയിലായത്.

വടശ്ശേരിക്കര ബംഗ്ലാക്കടവിന് സമീപം തടത്തില്‍ മാത്യു ജോസഫെന്ന ഷിബുവിന്റെ ഭാര്യയാണ് സോജി. വടശേരിക്കരയില്‍ ചിക്കന്‍ സെന്റര്‍ നടത്തുകയാണു ഷിബു. ഷാനയും കൃപയുമാണു മക്കള്‍.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജനലിനിടയിലൂടെ മേശപ്പുറത്ത് വച്ചിരുന്ന സോജിയുടെ സ്വര്‍ണമാല കവര്‍ന്നെടുക്കുകയായിരുന്നു മോഷ്ടാവായ ബാലേഷ്. ഇതിനിടെ ഞെട്ടിയെഴുന്നേറ്റ സോജി ജനലിനടുത്ത് ആരോ നില്‍ക്കുന്നതായി ശ്രദ്ധിച്ചു. സോജി ഉണര്‍ന്നെന്ന് വ്യക്തമായതോടെ മോഷ്ടാവ് അവിടെ നിന്നും കടന്നു. സ്‌കൂട്ടറിലായിരുന്നു മോഷ്ടാവ് രക്ഷപ്പെട്ടത്.

എന്നാല്‍ കള്ളനെ വെറുതെ വിടാന്‍ സോജി തയ്യാറായിരുന്നില്ല. ഭര്‍ത്താവ് മാത്യുവിനോട് വിവരം പറഞ്ഞതിന് പിന്നാലെ കള്ളന്‍ വിട്ട വഴിയെ സോജിയും വെച്ചു പിടിച്ചു. സ്‌കൂട്ടറില്‍ തന്നെ. നാല് കിലോമീറ്ററോളം സോജി കള്ളനെ പിന്തുടര്‍ന്നു. മാടമണ്‍ വള്ളക്കടവിനടുത്ത് എത്തിയപ്പോള്‍ സോജിയും കള്ളനും അടുത്തടുത്ത്. കിട്ടിയ അവസരം മുതലെടുത്ത സോജി ബാലേഷിനെ ചവിട്ടി. നിയന്ത്രണം നഷ്ടപ്പെട്ട് മോഷ്ടാവ് സ്‌കൂട്ടറില്‍ നിന്നും നിലത്ത് വീണു. കളളനടുത്തേക്ക് സോജി പറന്നെത്തിയതോടെ ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമായി. ഇതിനിടെ സോജിയുടെ ചുരിദാര്‍ കീറുകയും പരുക്കേല്‍ക്കുകയും ചെയ്തു.

മല്‍പ്പിടുത്തത്തിനിടെ സോജി സഹായത്തിനായി നിലവിളിച്ചു. പക്ഷെ ആളുകളെത്തുമ്പോഴേക്കും ബാലേഷ് കടന്നു കളഞ്ഞിരുന്നു. അപ്പോഴേക്കും ഭര്‍ത്താവും സ്ഥലത്തെത്തി. ഇരുവരും അവിടെ നിന്നും മടങ്ങി. എന്നാല്‍ തൊട്ടു പിന്നാലെ തന്നെ ബാലേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. പുലര്‍ച്ചെ നടക്കാനിറങ്ങിയ ആൾ സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ തടഞ്ഞുവച്ച് ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു. സോജി ബാലേഷിനെ തിരിച്ചറിഞ്ഞു. പിന്നീടെല്ലാം പൊലീസിന്റെ രീതിയില്‍ തന്നെ നടന്നു.

നാല് പവന്റെ മാലയാണ് മോഷ്ടിച്ചത്. ബാലേഷിന്റെ സ്‌കൂട്ടറില്‍ നിന്നു മാല പൊലീസ് കണ്ടെടുത്തു. സോജി കള്ളനെ പിടിക്കുന്നത് ഇതാദ്യമായല്ലെന്നതാണ് മറ്റൊരു വസ്തുത. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത ഒരാളെ 3 കിലോമീറ്റര്‍ യാത്ര ചെയ്തു മുന്‍പു പിടികൂടിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Housewife catches thief after chasing four kilometers in scooter