കോട്ടയം: കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭർത്താവ് അബ്‌ദുൾ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയോ ഇന്നു രാവിലെയോ ആണ് സംഭവം നടന്നതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. വീട്ടിലെ പാചക വാതകം തുറന്നു വിട്ടിട്ടുണ്ട്. ദമ്പതികൾ ആക്രമിക്കപ്പെട്ട കാര്യം ഇന്ന് വെെകീട്ടാണ് നാട്ടുകാർ അറിയുന്നത്. പാചകവാതകത്തിന്റെ ഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാർ തെരച്ചിൽ നടത്തുന്നത്. പാചകവാതകത്തിന്റെ മണം വരുന്നത് എവിടെ നിന്നാണെന്ന് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ ദമ്പതികൾ ആക്രമിക്കപ്പെട്ട നിലയിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

അബ്ദുൾ സാലിയും ഭാര്യ ഷീബയും

ഷീബയുടെയും ഭർത്താവിന്റെയും ശരീരത്തിൽ വൈദ്യുതിവയർ കെട്ടി വച്ചിട്ടുണ്ട്. ഭർത്താവിന് ബോധമില്ല. വീടിനു മുന്നിൽ കിടന്നിരുന്ന കാർ കാണാനില്ല. കാർ മോഷണം പോയതായാണ് പൊലീസ് നിഗമനം. വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം തട്ടിമറിച്ച നിലയിലാണ്. ഗുരുതരാവസ്ഥയിലുള്ള അബ്‌ദുൾ സാലിക്ക് ഓർമ തെളിഞ്ഞാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.