മലപ്പുറം: മലപ്പുറത്ത് രാത്രി ഒമ്പതംഗകുടുംബം ഉറങ്ങിക്കിടക്കവേ വീടിന് തീയിട്ടു. മലപ്പുറം വാഴയൂരിലാണ് സംഭവം. ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീടിനാണ് തീയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.
രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. തീയിട്ടതിനെ തുടര്‍ന്ന് പുക പടര്‍ന്നതോടെ കുട്ടികള്‍ ചുമച്ചു കൊണ്ട് എഴുന്നേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ഉണരുകയും വലിയ അപകടത്തില്‍ നിന്നു രക്ഷപ്പെടുകയുമായിരുന്നു.
ആറ് കുട്ടികളും മൂന്ന് മുതിര്‍ന്നവരുമായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. രാത്രി പന്ത്രണ്ട് മണിയോടെ മണ്ണെണ്ണയുമായി ഒരാള്‍ വീടിന് ചുറ്റും നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സമീപത്തുള്ള വീടിന്റെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
തീ പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തുകയും തീയണയ്ക്കുകയുമായിരുന്നു. അതേസമയം, ആക്രമി ആരാണെന്ന് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ വീഡിയോ പുറത്തു വന്നതോടെ പ്രതിയെ ഉടനെ പിടികൂടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.