തിരുവനന്തപുരം: തിരുവനന്തപുരം മുടവൻമുകളിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് അപകടം. അയൽവാസിയുടെ വീട്ടിലെ 30 അടിഉയരത്തിലുള്ള മതിൽ വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിൽ വീട് തകർന്നിട്ടുണ്ട്.
സംഭവ സ്ഥവത്ത് വീട്ടിലുണ്ടായിരുന്ന ആറംഗ കുടുംബത്തെ അഗ്നിരക്ഷാ സേന പുറത്തെടുത്തു. 22 ദിവസം പ്രായമുള്ള കുഞ്ഞിനെ അടക്കമാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയതിൽ രണ്ട് പേരെ പരിക്കിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച അർദ്ധരാത്രി 12.45ഓടെയാണ് മുടവൻമുകൾ പാലസ് റോഡിലെ വീട്ടിൽ അപകടമുണ്ടായത്. ഷീറ്റിട്ട നാല് മുറി വീടിന് മുകളിൽ മതിലിടിഞ്ഞുവീണ് വീട് പൂർണമായും തകരുകയായിരുന്നു. ആറംഗ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീടാണിത്.
ഒന്നര മണിക്കൂറിലധികം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അപകടത്തിൽ പെട്ട എല്ലാവരെയും ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. അപകടത്തിൽപെട്ട 80 വയസ്സുള്ള ലീല, ഉണ്ണികൃഷ്ണൻ (26) എന്നിവർ സ്ലാബിനടിയിൽ പെട്ട നിലയിലായിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഒന്നര മണിക്കൂറോളം നീണ്ടു നിന്നത്.
Also Read: മലവെള്ളപ്പാച്ചിലിൽ ഇരുനില വീട് നിലംപൊത്തി; ഞെട്ടിപ്പിക്കുന്ന ദൃശ്യം