തിരുവനന്തപുരം: തമ്പാനൂരിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗര്‍കോവില്‍ സ്വദേശി അയ്യപ്പനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. നെടുമങ്ങാട് സ്വദേശി ഹരീഷിനെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഒരാഴ്ച മുന്‍പ് ഹോട്ടലില്‍ റൂമെടുക്കാനെത്തിയ ഹരീഷും അയ്യപ്പനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് വച്ചാണ് ഹരീഷിനെ പൊലീസ് പിടികൂടിയത്. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് ഹരീഷെന്നാണ് വിവരം.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൊലപാതകം നടക്കുന്ന സമയത്ത് റൂം ബോയ് ആയി ജോലി ചെയ്യുന്ന യുവാവും അയ്യപ്പനും മാത്രമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്. ബൈക്കിലെത്തിയ ഹരീഷ് റിസപ്ഷനിലിരിക്കുകയായിരുന്ന അയ്യപ്പന്റെ കഴുത്തില്‍ ഒന്നിലധികം തവണ വെട്ടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു പ്രതി സ്ഥലം വിട്ടത്. കൃത്യം നടത്തിയതിന് ശേഷം കൊലയാളി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ മുഖം വ്യക്തമായിട്ടുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
Also Read: Russia-Ukraine Crisis: ‘നമുക്ക് യുദ്ധം വേണ്ട;’ റഷ്യയ്ക്കെതിരെ ലോകം തെരുവില്‍ പ്രതിഷേധിക്കുന്നു