ആലപ്പുഴ: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണ വില കൂടും. നോൺ എസി ഹോട്ടലുകളിൽ 5 ശതമാനം വില വർധിക്കുമ്പോൾ എസി ഹോട്ടലുകളിൽ 10 ശതമാനവും വില വർധിക്കും. ജിഎസ്ടി നടപ്പിലാക്കിയ സാഹചര്യത്തിലാണ് വിലവർധനവ് നിലവിൽ വരുന്നത്. ആലപ്പുഴയിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ധനമന്ത്രി തോമസ് ഐസക്കാണ് ഹോട്ടൽ ഭക്ഷണ വിലയിൽ വർധനവ് ഉണ്ടാകുമെന്ന് അറിയിച്ചത്.

18 ശതമാനം വരെ നികുതി വരുന്നതാണ് ഇതിന് കാരണമെന്ന് തോമസ് ഐസക് പറഞ്ഞു. ഹോട്ടല്‍ ഭക്ഷണത്തിനു വിലവര്‍ധിക്കുന്നത് നികുതിയുടെ പേരിലല്ല. ഇന്‍പുട്ട് എത്ര കിട്ടുന്നോ അതു കുറയ്ക്കും. ഇന്‍പുട്ട് എത്രയാക്കണമെന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച മുതല്‍ കോഴി വില 87 ആക്കിയേ തീരൂ എന്നും ധനമന്ത്രി പറഞ്ഞു. കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കി. 87 രൂപയ്ക്ക് ഇറച്ചിക്കോഴി വില്‍ക്കുന്നത് പ്രായോഗികമല്ലെന്നാണ് കോഴി വ്യാപാരികള്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ തിങ്കളാഴ്ച മുതല്‍ കടകളടച്ചിട്ട് സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ