ന്യൂഡൽഹി: ഭോപ്പാൽ- ഉജ്ജയിൻ പാസഞ്ചർ ട്രെയിൻ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് യുവാക്കള്‍ കോഴിക്കോട് സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ഖുരാസാൻ മൊഡ്യൂൾ എന്നറിയപ്പെടുന്ന ഭീകര സംഘടനയിലെ മുഹമ്മദ് ഡാനിഷും, ആതിഫ് മുസാഫറും സൈഫുള്ള ഖാനും ജനുവരിയില്‍ കോഴിക്കോട് എത്തിയിരുന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട്.

മാര്‍ച്ച് ഏഴിന് നടന്ന സ്ഫോടനത്തിന് പിന്നാലെ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈഫുള്ള കൊല്ലപ്പെട്ടിരുന്നു. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ എത്തി ഐഎസില്‍ ചേരണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ കോഴിക്കോട് സന്ദര്‍ശിച്ചത്. ഐഎസില്‍ ചേരാന്‍ കോഴിക്കോട് നിന്നും തങ്ങളെ ആരെങ്കിലും സഹായിക്കുമെന്ന ധാരണയിലാണ് മൂവരും എത്തിയതെന്നാണ് വിവരം.

ഡിസംബര്‍ 28നും ജനുവരി 13നും ഇടയിലുള്ള ദിവസങ്ങിലാണ് ഇവര്‍ ബംഗളൂരു വഴി കോഴിക്കോട് എത്തിയത്. മധ്യപ്രദേശില്‍ നിന്നും നേരത്തേ അറസ്റ്റിലായ ഡാനിഷും ആതിഫുമാണ് ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഉത്തര്‍പ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. ഒരു ദിവസം ബംഗളൂരുവിലെ ഹോട്ടലില്‍ താമസിച്ച് ഇവര്‍ മൈസൂര്‍ വഴി കോഴിക്കോട് എത്തി. പിന്നീട് ട്രെയിനില്‍ തന്നെ കാണ്‍പൂരിലേക്ക് തിരിച്ചതായും അന്വേഷണ സംഘവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നെന്ന് കരുതപ്പെടുന്ന ചെറുപ്പക്കാരില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശ്ശേരി(35)യുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള ഐഎസ് അനുഭാവികളുടെ ഐഎസ് ഗ്രൂപ്പായ ഒമര്‍ അല്‍ ഹിന്ദിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളാണ് ഷജീര്‍. ഇയാള്‍ക്കെതിരെ മാര്‍ച്ച് 29ന് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

2016ല്‍ കേരളത്തില്‍ ഒമര്‍ അല്‍ ഹിന്ദി ഐഎസ് മൊഡ്യൂള്‍ നവമാധ്യമങ്ങളില്‍ ഉണ്ടാക്കിയത് ഷജീറാണെന്നാണ് വിവരം. ടെലഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോ വഴി ഷജീറും ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഘവും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നു.

ഭോപ്പാൽ- ഉജ്ജയിൻ പാസഞ്ചർ ട്രെയിൻ സ്ഫോടനത്തിന് ഷജീറും ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതികളും ചേർന്നാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് സൂചന.
ദസറ സമയത്ത് നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്ന, ലഖ്നൗ രാം ലീല മൈതാനത്തെ വേദിയിൽ ബോംബുകൾ സ്ഥാപിച്ചെങ്കിലും സ്ഫോടനം നടന്നില്ലെന്ന് ഡാനിഷ് മൊഴിനൽകിയിട്ടുണ്ട്. ആതിഫാണ് ഇതിനായി സ്റ്റീല്‍ പൈപ്പുകൾ അടക്കമുള്ളവ ഉപയോഗിച്ച് ബോംബുകൾ നിർമ്മിച്ചത്. ബോംബുകൾ സ്ഥാപിക്കാനായി ജി.എം. ഖാൻ എന്ന മുൻ എയർഫോഴ്സ് ഓഫീസറെയാണ് ഏൽപ്പിച്ചത്.

തുടർന്ന് ദസറ രാത്രിയിൽ വേദിക്കടുത്തുള്ള ചവറ്റുകുട്ടകളിൽ ടൈമർ ഘടിപ്പിച്ച ബോംബ് നിക്ഷേപിക്കുകയായിരുന്നു. എന്നാൽ ബോംബ് പൊട്ടിയില്ലെന്നും, രണ്ട് ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോൾ ഏതാനും ചില വയർ കഷ്ണങ്ങൾ മാത്രമാണ് അവിടെ കണ്ടതെന്നും മൊഴിയിൽ പറയുന്നു. ഡാനിഷിന്റെ മൊഴി, ആതിഫ് ശരിവെച്ചിട്ടുണ്ട്.

ബോംബുകൾ നിർമിക്കാനുള്ള വസ്തുക്കൾ കാൺപുരിൽ നിന്നാണ് വാങ്ങിയതെന്നും അതിഫ് പറഞ്ഞു.മാർച്ച് 7ന് ഉജ്ജയിൻ റെയിൽവേ ട്രാക്കിൽ ബോംബുകൾ സ്ഥാപിച്ചതിനെ തുടർന്നാണ് ആതിഫ് അടക്കം ആറുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോൾ എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ