കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം നടത്തുന്ന അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ നടി പാര്‍വ്വതി. പ്രതിഷേധത്തിന്റെ പേരില്‍ നടക്കുന്നത് ഗുണ്ടായിസമാണെന്ന് പാര്‍വ്വതി തന്റെ ട്വിറ്ററില്‍ കുറിച്ചു.

‘പ്രതിഷേധത്തിന്റെ പേരില്‍ ഗുണ്ടായിസം! കോഴിക്കോട് വിമാനത്താവളം-ചെമ്മാട്-കൊടിഞ്ഞി-താനൂര്‍ റോഡുകളിലെല്ലാം ആളുകള്‍ വാഹനങ്ങള്‍ തടയുകയും ജനങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ഇക്കാര്യം ദയവായി എല്ലാവരേയും അറിയിക്കൂ. എല്ലാവരും സുരക്ഷിതരായിരിക്കൂ. വിവരങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും, അറസ്റ്റ് നടക്കുന്നുണ്ടെന്നും അറിയുന്നു,’ പാര്‍വ്വതി ട്വീറ്റ് ചെയ്തു.

കോഴിക്കോട് സ്വകാര്യ ബസുകള്‍ ഭാഗികമായേ സര്‍വീസ് നടത്തുന്നുള്ളൂ. മലപ്പുറത്ത് നാലിടത്ത് വാഹനം തടഞ്ഞവരെ പൊലീസ് വിരട്ടിയോടിച്ചു. പരപ്പനങ്ങാടിയിലും ഗതാഗതം തടസ്സപ്പെടുത്തിയവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. കാസര്‍കോട് വിദ്യാനഗര്‍ അണങ്കൂറും മലപ്പുറം വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകള്‍ തടഞ്ഞു. ചങ്കുവെട്ടിയില്‍ തൃശ്ശൂരില്‍ നിന്നെത്തിയ സ്വകാര്യ ബസുകള്‍ തടഞ്ഞിട്ടു. പല ബസ്സുകളും പാതിവഴിയില്‍ ട്രിപ്പ് മുടക്കി. കെ.എസ്.ആര്‍.ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടത്തി വിടുന്നുണ്ട്. വണ്ടൂര്‍-കാളികാവ് റോഡില്‍ അഞ്ചത്തവിടി, കറുത്തേനി, വാണിയമ്പലം എന്നിവിടങ്ങളിലും റോഡ് തടസ്സപ്പെടുത്തി.

പൊന്നാനിയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലും കാസര്‍കോടും ഒരു വിഭാഗം ആളുകള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയാണ്.

കത്തുവ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലെ ആഹ്വാനപ്രകാരമാണ് ആളുകള്‍ വഴി തടയുന്നത്.സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചില പ്രാദേശിക സംഘടനളും സൗഹൃദകൂട്ടായ്മകളുമാണ് ഹര്‍ത്താല്‍ സംബന്ധിച്ച പ്രചാരണം നടത്തിയത്. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും പതിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.