പാലക്കാട്: തേങ്കുറിശ്ശിയിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്‍റെ ഭാര്യാപിതാവ് കസ്റ്റഡിയിൽ. കുഴൽമന്ദം സ്വദേശി പ്രഭുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യം നടത്തി ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രഭുകുമാര്‍ പൊലീസ് പിടിയില്‍ ആവുന്നത്. ഇന്നലെത്തന്നെ അനീഷിന്‍റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് അനീഷിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്.
അനീഷിനെ ആക്രമിച്ചത് പ്രഭുകുമാറും സുരേഷും ചേർന്നാണെന്ന് സ്ഥലത്ത് കൊലപാതകം നേരിട്ടുകണ്ട ദൃക്സാക്ഷി അരുൺ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അരുണാണ് അനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്നത്. വടിവാളും കമ്പിയും ഉപയോഗിച്ച് സുരേഷും പ്രഭുകുമാറും അനീഷിനെ ആക്രമിക്കുകയായിരുന്നു. ബൈക്കിൽ വരികയായിരുന്ന അനീഷിനെ കമ്പികൊണ്ടടിച്ചുവീഴ്ത്തി വടിവാളു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നുവെന്നും അരുൺ പറഞ്ഞതായാണ് റിപ്പോർട്ട്.
അനീഷിന്റെ ഇരുകാലുകള്‍ക്കുമാണ് കുത്തേറ്റത്. ദേഹത്ത് മര്‍ദിച്ചതിന്റേയും കഴുത്ത് ഞെരിച്ചതിന്റെയും പാടുകള്‍ ഉണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനീഷ് മരണമടഞ്ഞത്.
നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബവും പറയുന്നു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് വീടിനുള്ളില്‍ തന്നെയായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.